- Trending Now:
ന്യൂഡല്‍ഹി: ടിക്കറ്റ് എടുത്തിട്ടും യാത്ര നിഷേധിക്കുകയും നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാതിരിക്കുകയും ചെയ്തതിന് എയര്‍ ഇന്ത്യയ്ക്ക് പിഴ വിധിച്ച് വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). എയര്‍ ഇന്ത്യ പത്തു ലക്ഷം രൂപ പിഴ ഒടുക്കണമെന്ന് ഡിജിസിഎ ഉത്തരവിട്ടു.
ബംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി എന്നീ വിമാനത്താവളങ്ങളിലാണ് വ്യത്യസ്ത സംഭവങ്ങളിലാണ് എയര്‍ ഇന്ത്യ ടിക്കറ്റ് എടുത്തവര്‍ക്കു യാത്ര നിഷേധിച്ചത്. ഇവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കുന്നതിലും കമ്പനി വീഴ്ച വരുത്തിയതായി ഡിജിസിഎ കണ്ടെത്തി. വിശദീകരണം ആരാഞ്ഞുകൊണ്ട് എയര്‍ ഇന്ത്യയ്ക്കു നോട്ടീസ് നല്‍കിയിരുന്നതായും ഡിജിസിഎ അറിയിച്ചു.
യാത്ര മുടങ്ങുന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതില്‍ എയര്‍ ഇന്ത്യയ്ക്കു വ്യക്തമായ നയമില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. ഇത് ഗൗരവമുള്ള കാര്യമാണ്. എത്രയും പെട്ടെന്ന് ഇക്കാര്യത്തില്‍ തിരുത്തല്‍ വരുത്താന്‍ എയര്‍ ഇന്ത്യ തയാറാവണമെന്ന് ഡിജിസിഎ നിര്‍ദേശിച്ചിട്ടുണ്ട്.
സാധുവായ ടിക്കറ്റുമായി എയര്‍പോര്‍ട്ടില്‍ എത്തിയിട്ടും യാത്ര ചെയ്യാനാവാത്തവര്‍ക്കു നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ടെന്ന് ഡിജിസിഎ അറിയിച്ചു. ഒരു മണിക്കൂറിനകം മറ്റൊരു വിമാനത്തില്‍ യാത്ര ശരിപ്പെടുത്താനായാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. എന്നാല്‍ ഇരുപത്തിനാലു മണിക്കൂറിനകമാണ് യാത്ര ഒരുക്കുന്നതെങ്കില്‍ പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണം. ഇരുപത്തിനാലു മണിക്കൂറിനു ശേഷമാണ് യാത്രയെങ്കില്‍ നഷ്ടപരിഹാരം ഇരുപതിനായിരം രൂപ വരെയാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.