Sections

ഇന്ത്യയിലെ എട്ടു നഗരങ്ങളില്‍ ഇന്നു തന്നെയെന്ന് എയര്‍ടെല്‍; ദീപാവലി ദിനത്തില്‍ തുടക്കമെന്ന് ജിയോ; 5ജി നല്‍കാന്‍ മത്സരിച്ച് കമ്പനികള്‍

Saturday, Oct 01, 2022
Reported By admin
5g

രാജ്യത്തെ 5 ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ എട്ടു നഗരങ്ങളില്‍ ഇന്നു തന്നെ 5 ജി സേവനം തുടങ്ങുമെന്ന് എയര്‍ടെല്‍. രാജ്യത്തെ നാലു മെട്രോകളിലടക്കം ഈ സേവനം ലഭിക്കും. 2024 മാര്‍ച്ചില്‍ രാജ്യമാകെയും 5 ജി സേവനം ലഭ്യമാക്കുമെന്നും എയര്‍ടെല്‍ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ 5 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച ചടങ്ങിലാണ് എയര്‍ടെല്‍ പ്രൊവൈഡറായ ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ ഇക്കാര്യം അറിയിച്ചത്. 

രാജ്യത്ത് ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയാണെന്ന് സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിലാണ് സുപ്രധാന നേട്ടം കൈവരിക്കുന്നത്. 5 ജി രാജ്യത്ത് ഒരു പുതിയ അവബോധത്തിനും ഊര്‍ജ്ജത്തിനും തുടക്കമിടും. ഇത് ആളുകള്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ തുറക്കുമെന്നും മിത്തല്‍ പറഞ്ഞു.

ടെലികോം വ്യവസായം 1.3 ബില്യണ്‍ ഇന്ത്യക്കാരുടെയും ആയിരക്കണക്കിന് സംരംഭങ്ങളുടെയും ഡിജിറ്റല്‍ സ്വപ്നങ്ങളെ കൂടുതല്‍ ജ്വലിപ്പിക്കുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറാന്‍ ഇത് കളമൊരുക്കുമെന്നും ബിര്‍ള കൂട്ടിച്ചേര്‍ത്തു.

2023 ഡിസംബറില്‍ രാജ്യത്തെ എല്ലാ താലൂക്കുകളിലും 5 ജി ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ അറിയിച്ചു. അടുത്ത തലമുറ കണക്റ്റിവിറ്റി സാങ്കേതിക വിദ്യയേക്കാള്‍ വളരെയേറെയാണ് 5 ജി സേവനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, റോബോട്ടിക്സ്, ബ്ലോക്ക്ചെയിന്‍ & മെറ്റാവേര്‍സ് തുടങ്ങിയ 21ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകളുടെ മുഴുവന്‍ സാധ്യതകളും തുറന്നിടുന്ന അടിസ്ഥാന സാങ്കേതികവിദ്യയാണിതെന്ന് റിലയന്‍സ് ജിയോ ഉടമ മുകേഷ് അംബാനി പറഞ്ഞു. 

5ജി മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യ പരിപാലനം എന്നിവയ്ക്ക് സംഭാവന ചെയ്യും. നഗരഗ്രാമ വ്യത്യാസം ഇല്ലാതാക്കും, ചെറുകിട സംരംഭ മേഖലയെ പിന്തുണയ്ക്കും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ എല്ലാ മേഖലയിലും എത്തിക്കുന്നതിലൂടെ 5ജിയ്ക്ക് ഇന്ത്യയെ ലോകത്തെ ഇന്റലിജന്‍സ് തലസ്ഥാനമാക്കി മാറ്റാനാവുമെന്നും മുകേ,് അംബാനി പറഞ്ഞു.

ന്യൂഡല്‍ഹി പ്രഗതി മൈതാനില്‍ ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സ് വേദിയില്‍ വെച്ചാണ് രാജ്യത്തെ 5 ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി ദേവു സിങ് ചൗഹാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 5ജി രാജ്യത്ത് വിദ്യാഭ്യാസം, ആരോഗ്യം, ചരക്ക് നീക്കം, ബാങ്കിങ് ഉള്‍പ്പടെ വിവിധ മേഖലകളില്‍ മാറ്റം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.