Sections

ഹൈക്കോടതിയ്ക്ക് സ്വന്തം ലൈവ് സ്ട്രീമിംഗ് ആപ്പ് നൽകി ടെക്ജെൻഷ്യ

Wednesday, Aug 07, 2024
Reported By Admin
Techgentsia provides unique live video telecast facility to Kerala High Court

ആലപ്പുഴ: കേരള ഹൈക്കോടതി നടപടികൾ തത്സമയം സ്ട്രീമിംഗ് ചെയ്യാനുള്ള ആപ്പ് വികസിപ്പിച്ച് ഇൻഫോപാർക്ക് ചേർത്തലയിൽ പ്രവർത്തിക്കുന്ന ടെക്ജെൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ്. ടെക്ജെൻഷ്യയുടെ വി കൺസോൾ സോഫ്റ്റ് വെയറാണ് ലൈവ് സ്ട്രീമിംഗിന് ഉപയോഗിക്കുന്നത്.

രാജ്യത്തെ മിക്ക ഹൈക്കോടതികളും യൂട്യൂബ് വഴിയാണ് കോടതി നടപടികൾ സ്ട്രീമിംഗ് ചെയ്യുന്നത്. ഇതുവഴി കോടതി നടപടികൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കാൻ സാധിക്കുമായിരുന്നു. പിന്നീട് ഈ റെക്കോർഡിംഗ് പലരീതിയിലും ദുരുപയോഗം ചെയ്തു വരുന്ന സാഹചര്യവും നിലവിലുണ്ട്. ഇത് മറികടക്കാൻ സ്വന്തമായ സ്ട്രീമിംഗ് സംവിധാനത്തിലൂടെ കേരള ഹൈക്കോടതിയ്ക്ക് സാധിക്കും. ഹൈക്കോടതി നടപടികൾക്ക് ശേഷം വീഡിയോ ഓൺലൈനിൽ ലഭ്യമായിരിക്കില്ല.

ഹൈക്കോടതിയുടെ ഐടി സംഘത്തിനൊപ്പമാണ് ടെക്ജെൻഷ്യ ഈ സംവിധാനം പൂർത്തീകരിച്ചത്. ആക്ടിംഗ് ചീഫ്ജസ്റ്റീസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പൻ, ജസ്റ്റീസ് എസ് മനു എന്നിവരടങ്ങിയ ഫുൾബഞ്ച് സിറ്റിംഗാണ് ഹൈക്കോടതിയി ആദ്യം ലൈവ് സ്ട്രീമിംഗ് നടത്തിയത്.

വീഡിയോ കോൺഫറൻസിംഗിനാവശ്യമായ വി കൺസോൾ എന്ന ഉത്പന്നം വികസിപ്പിച്ച് കേന്ദ്രസർക്കാർ നടത്തിയ ഇനോവേഷൻ ചലഞ്ചിൽ വിജയിയായതോടെയാണ് ഇൻഫോപാർക്ക് ചേർത്തല കാമ്പസിലെ ടെക്ജെൻഷ്യ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നത്. വി കൺസോളിൻറെ വരവോടെ വിദേശനിർമ്മിത ആപ്പുകൾ പൂർണമായും കേന്ദ്രസർക്കാർ ഉപേക്ഷിച്ചു. 1983 ആപ്ലിക്കേഷനുകളുമായി മത്സരിച്ചാണ് ടെക്ജെൻഷ്യ വിജയം നേടിയത്.

ഭാരത സർക്കാർ, കേരള സർക്കാർ, ഐഎസ്ആർഒയും അവരുടെ 15 ഉപ സ്ഥാപനങ്ങളും, ബാർക്ക്, ഡിആർഡിഒ, ഡിസിഎൻ, ഇന്ത്യൻ നേവി, കേരള, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഹൈക്കോടതികൾ എന്നിവർ വി കൺസോളിൻറെ സേവനമാണ് ഉപയോഗിക്കുന്നത്.

പൂർണ സുരക്ഷ ഉറപ്പാക്കുന്ന സേവനമാണ് വി കൺസോൾ നൽകുന്നതെന്ന് ടെക്ജെൻഷ്യ സ്ഥാപകൻ ജോയ് സെബാസ്റ്റ്യൻ പറഞ്ഞു. കോടതി ദൃശ്യങ്ങൾ മാത്രമല്ല, ഔദ്യോഗിക സംവിധാനത്തിലെ ലൈവ് സ്ട്രീമിംഗ് അധികവും വർഷങ്ങൾക്ക് ശേഷവും ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിവരികയാണ്. ഇതിന് ശാശ്വത പരിഹാരമാണ് തികച്ചും തദ്ദേശീയമായ ഈ സാങ്കേതികവിദ്യയെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിലെ പാതിരപ്പള്ളി സ്വദേശിയായ ജോയ് തുടക്കം മുതൽ തന്നെ ഇൻഫോപാർക്ക് ചേർത്തല കാമ്പസിലാണ് പ്രവർത്തിക്കുന്നത്. കമ്പനിയിലെ 85 ജീവനക്കാരി പകുതിയോളം ആലപ്പുഴ ജില്ലയിൽ നിന്നുള്ളവരാണെന്ന പ്രത്യേകത കൂടിയുണ്ട്.

നിലവിൽ 20 കമ്പനികളും 500ൽ പരം ഐടി ജീവനക്കാരുമാണ് ഇൻഫോപാർക്ക് ചേർത്തല കാമ്പസിലുള്ളത്. കഴിഞ്ഞ വർഷം നാല് പുതിയ കമ്പനികളാണ് ചേർത്തല ഇൻഫോപാർക്കിൽ പ്രവർത്തനം തുടങ്ങിയത്. മൂന്ന് കമ്പനികൾ വിപുലീകരണ പ്രവർത്തനങ്ങളും നടത്തി. 200 ഓളം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.