Sections

യുഎൽസിസിഎസ് ശതാബ്ദി: യുഎൽ സൈബർപാർക്കിൽ ഇന്നുമുതൽ 'ടെക് പൾസ്' ഹാക്കത്തോൺ

Saturday, Feb 15, 2025
Reported By Admin
State-Level Hackathon 'Tech Pulse' Begins at UL Cyberpark, Kozhikode

കോഴിക്കോട്: കോളെജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ സംസ്ഥാനതല ഹാക്കത്തോൺ 'ടെക് പൾസ്' ഇന്ന് കോഴിക്കോട് യുഎൽ സൈബർ പാർക്കിൽ ആരംഭിക്കും. കേരളത്തിലുടനീളമുള്ള കോളേജുകളിൽനിന്നു തെരെഞ്ഞെടുത്ത 75-ഓളം വിദ്യാർത്ഥികളാണ് 16 ടീമുകളിലായി ഹാക്കത്തോണിൽ പങ്കെടുക്കുന്നത്. രാവിലെ 10-ന് കേരള സ്റ്റാർട്ടപ്പ് മിഷൻറെ സിഇഒ അനൂപ് അംബിക ഉദ്ഘാടനം ചെയ്യും. ഓപ്പൺ സോഴ്സ് ഫാർമ ഫൗണ്ടേഷൻ സഹസ്ഥാപകനും ചെയർമാനുമായ ജയകുമാർ മേനോൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ലജീഷ് വി എൽ, കോഴിക്കോട് ഗവൺമെൻറ് സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ, യുഎൽസിസിഎസ് എംഡി ഷാജു എസ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ചു ഉപസ്ഥാപനങ്ങളായ യുഎൽ ടെക്നോളജി സൊല്യൂഷൻസും (യുഎൽടിഎസ്) യുഎൽ സൈബർപാർക്കും ചേർന്നാണു ടെക് പൾസ് സംഘടിപ്പിക്കുന്നത്. വിജയിക്കുന്ന ടീമുകൾക്ക് 1.5 ലക്ഷം രൂപ സമ്മാനത്തുക പങ്കുവയ്ക്കും. അവരുടെ ആശയങ്ങൾ കൂടുതൽ വികസിപ്പിക്കാനും വളർത്തിയെടുക്കാനുമുള്ള പിന്തുണയും ലഭ്യമാക്കും.

ഇന്നത്തെ ലോകത്ത് നാം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആശയങ്ങൾ അവതരിപ്പിക്കാനുള്ള മത്സരമായാണ് ടെക് പൾസ് വിഭാവനം ചെയ്തിട്ടുള്ളത്. ഹാക്കത്തോണിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 20-ൽപ്പരം വ്യവസായവിദഗ്ധരുടെ മാർഗനിർദേശങ്ങളും വിലയിരുത്തലും ലഭിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.

നൂതനാശയങ്ങൾ വളർത്തിയെടുക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഹാക്കത്തോൺ, ഫീൽഡ് പ്രവർത്തനങ്ങളിലെ ഹാജർ മാനേജ്മെന്റ്, സുസ്ഥിരകൃഷി, പരിസ്ഥിതിസംരക്ഷണം, സമൂഹനിയന്ത്രിത സംരംഭങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണായകപ്രശ്നങ്ങളിലേക്കു വിദ്യാർത്ഥികളുടെ ശ്രദ്ധ ക്ഷണിക്കും. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ, സാങ്കേതികമായി പുരോഗമിച്ചതും കൂടുതൽ സുസ്ഥിരവുമായ ഭാവിക്കുള്ള പരിഹാരങ്ങൾ ഉരുത്തിരിയും.

അടുത്ത രണ്ടു ദിവസങ്ങളിലായി, ഫൈനലിസ്റ്റ് ടീമുകൾക്ക് 48 മണിക്കൂർ ദൈർഘ്യമുള്ള തീവ്രമായ കോഡിംഗ് ചലഞ്ചുണ്ട്. അതിലൂടെയാണ് അവർ പരിഹാരാശയങ്ങളും രൂപകൽപ്പനയും വികസിപ്പിക്കുന്നതും പ്രോട്ടോടൈപ്പ് തയ്യാറാക്കുന്നതും. തുടർന്ന് വ്യവസായനേതാക്കൾ, സാങ്കേതികവിദഗ്ധർ, ഡൊമെയ്ൻ സ്പെഷ്യലിസ്റ്റുകൾ എന്നിവരടങ്ങുന്ന ജൂറിക്കുമുന്നിൽ അവതരിപ്പിക്കും. തിങ്കളാഴ്ച മന്ത്രിമാർ പങ്കെടുക്കുന്ന സമാപനസമ്മേളനത്തിൽ വിജയികളെ പ്രഖ്യാപിച്ചു സമ്മാനങ്ങൾ നല്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.