Sections

ടിസിഎസ് കോഡ്വിറ്റ 2025 വിജയികളെ പ്രഖ്യാപിച്ചു

Wednesday, Mar 26, 2025
Reported By Admin
TCS CodeVita 2025 Winner Announced: Jeffrey Ho from Taiwan Wins Global Coding Competition

  • 24 കാരൻ തായ്വാനീസ് വിദ്യാർത്ഥി 'ലോകത്തിലെ ഏറ്റവും മികച്ച കോഡർ'
  • 'ടോപ്പ് വുമൺ കോഡർ' കിരീടം ഇന്ത്യക്കാരി അങ്കിത വർമ്മയും 'ടോപ്പ് എമർജിംഗ് കോഡർ' കിരീടം ചൈനയിൽ നിന്നുള്ള ഷൗ ജിങ്കായ്യും നേടി

കൊച്ചി: ഐടി സേവനങ്ങൾ, കൺസൾട്ടിംഗ്, ബിസിനസ് സൊല്യൂഷൻസ് എന്നിവയിലെ ആഗോള മുൻനിരക്കാരായ ടാറ്റ കൺസൾട്ടൻസി സർവീസസ് ചെന്നൈയിലെ ടിസിഎസ് സിരുശേരി കാമ്പസിൽ സംഘടിപ്പിച്ച ആഗോള കോഡിംഗ് മത്സരമായ കോഡ് വിറ്റയുടെ വിജയികളെ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് മത്സരത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ കോഡ്വിറ്റ 2025-ൽ തായ്വാനിൽ നിന്നുള്ള 24 കാരനായ ജെഫ്രി ഹോ വിജയിയായി. കോഡ്വിറ്റയുടെ പന്ത്രണ്ടാം പതിപ്പിൽ, മത്സരിക്കുന്നതിനായി 96 രാജ്യങ്ങളിൽ നിന്നായി 537,000-ത്തിലധികം രജിസ്ട്രേഷനുകളാണ് വന്നത്.

കോഡ്വിറ്റ 2025-ൽ വിജയിയായ തായ്വാനിൽ നിന്നുള്ള ജെഫ്രി ഹോയ്ക്ക് 10,000 ഡോളർ ക്യാഷ് പ്രൈസ് ലഭിച്ചു. രണ്ടും മൂന്നുംസ്ഥാനങ്ങളിലെത്തിയ ചിലിയിൽ നിന്നുള്ള മാർട്ടിൻ ആൻഡ്രിഗെറ്റി, ഇഗ്നാസിയോ മുനോസ് എന്നിവർക്ക് യഥാക്രമം 7,000 ഡോളർ, 3,000 ഡോളർ എന്നിങ്ങനെയാണ് സമ്മാനത്തുക. മികച്ച വനിതാ കോഡറായി ഇന്ത്യയിൽ നിന്നുള്ള അങ്കിത വർമ്മ, ടോപ്പ് എമർജിംഗ് കോഡറായി ചൈനയിൽ നിന്നുള്ള ഷൗ ജിങ്കായ് എന്നിവരെയും തിരഞ്ഞെടുത്തു. മികച്ച മൂന്ന് കോഡർമാർക്ക് ടിസിഎസ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ ടീമിനൊപ്പം നേരിട്ട് ഇൻറേൺഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും.

കോഡ്വിറ്റയിൽ മൂന്ന് റൗണ്ട് കോഡിംഗ് വെല്ലുവിളികളാണുള്ളത്. ഒന്നാം റൗണ്ടിൽ നിന്ന് മുന്നേറാൻ മത്സരാർത്ഥികൾ കുറഞ്ഞത് ഒരു വെല്ലുവിളിയെങ്കിലും പരിഹരിക്കണം. രണ്ടാം റൗണ്ടിൽ, അവർ പുതിയ സങ്കീർണ്ണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. ഏറ്റവും മികച്ച 25 മത്സരാർത്ഥികൾ മാത്രമേ അവസാന റൗണ്ടിലേക്ക് എത്തുകയുള്ളൂ.

ടിസിഎസ് കോഡ്വിറ്റയിൽ പങ്കെടുക്കുന്നവരുടെ കോഡിംഗ് കഴിവുകൾ വെല്ലുവിളിക്കുക മാത്രമല്ല, യഥാർത്ഥ സാഹചര്യങ്ങളിലെ ആപ്ലിക്കേഷനുകളും വളർന്നുവരുന്ന സാങ്കേതിക പ്രവണതകളും പര്യവേക്ഷണം ചെയ്യുന്നതിനുള്ള സവിശേഷമായ അവസരം അവർക്ക് ലഭ്യമാക്കുക കൂടി ചെയ്യുന്നുണ്ടെന്ന് ടിസിഎസ് ചീഫ് ടെക്നോളജി ഓഫീസർ ഹാരിക്ക് വിൻ പറഞ്ഞു. ഇപ്പോൾ അതിൻറെ 12-ാം സീസണിലേക്ക് കടക്കുന്ന ഈ ആഗോള കോഡിംഗ് മത്സരം പ്രതിഭകളുടെ നിലവാരം ഉയർത്തുകയും പുതിയ കാഴ്ചപ്പാടുകൾക്ക് പ്രചോദനം നൽകുകയും എഞ്ചിനീയറിംഗ് മികവ് പരിപോഷിപ്പിക്കുകയും ചെയ്യുന്നു. കോഡ്വിറ്റ പോലുള്ള പ്ലാറ്റ് ഫോമുകളിലൂടെ, ടിസിഎസ് അടുത്ത തലമുറയിലെ പ്രശ്നപരിഹാരകരെ ശാക്തീകരിക്കുകയും നാളത്തെ ടെക് ലാൻഡ്സ്കേപ്പിനെ രൂപപ്പെടുത്തുന്ന യുവ നേതാക്കളുടെ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മത്സരാർത്ഥികളുടെ കോഡിൻറെ സമർപ്പണം, സമാഹരണം, വിലയിരുത്തൽ എന്നിവ ഓട്ടോമേറ്റ് ചെയ്യുന്ന ഒരു സംവിധാനം ടിസിഎസ് റിസർച്ച് ആൻറ് ഇന്നൊവേഷൻ ടീം വികസിപ്പിച്ചെടുത്തിട്ടുണ്ട്. കോഡ്വിറ്റയ്ക്കായി എട്ട് പ്രോഗ്രാമിംഗ് ഭാഷകളിലുള്ള കോഡുകളുടെ സമർപ്പണം, സമാഹരണം, വിലയിരുത്തൽ എന്നിവ ഇതിലൂടെ സാധ്യമാകും. ഫിലാക്കോഡിസ്റ്റ് ക്ലബ്ബിലെ പരിചയസമ്പന്നരായ ടിസിഎസ് കോഡർമാരാണ് മത്സരാർത്ഥികൾക്കുള്ള വെല്ലുവിളികൾ തയ്യാറാക്കിയത്. ഫോർമുല അടിസ്ഥാനമാക്കിയുള്ള പ്രശ്നങ്ങളും അൽഗോരിതം വെല്ലുവിളികളും മുതൽ യഥാർത്ഥ ജീവിത ആപ്ലിക്കേഷനുകളും ഡേറ്റാ ഘടനയുമായി ബന്ധപ്പെട്ട ജോലികളും വരെയുള്ള വൈവിധ്യമാർന്ന വിഷയങ്ങളിലായിരുന്ന ഈ വർഷത്തെ ചോദ്യങ്ങൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.