Sections

ടിസിഎസ് 2025-ലെ സൈബർസെക്യൂരിറ്റി അവലോകനം പുറത്തിറക്കി

Thursday, Dec 12, 2024
Reported By Admin
TCS Cybersecurity Outlook 2025 showcasing generative AI and cloud security strategies.

  • ജെൻഎഐ, ക്ലൗഡ് സുരക്ഷ, സീറോ ട്രസ്റ്റ് എന്നിവ സ്ഥാപനങ്ങളുടെ മുഖ്യ മുൻഗണനകളാകും
  • സങ്കീർണങ്ങളായ സൈബർ ഭീഷണികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങൾക്ക് സൈബർ ഭീഷണികൾ
  • ഉടലെടുക്കുന്നതിന് എതിരെ പ്രതിരോധം തീർക്കാനാവും എന്ന് ടിസിഎസ് 2025 സൈബർ സെക്യൂരിറ്റി ഔട്ട്ലുക്ക്

കൊച്ചി: ഐടി സർവീസസ്, കൺസൾട്ടിങ്, ബിസിനസ് സൊലൂഷൻസ് രംഗത്തെ ആഗോള മുൻനിരക്കാരായ ടാറ്റാ കൺസൾട്ടൻസി സർവീസസ് 2025-ലെ സൈബർ സെക്യൂരിറ്റി അവലോകനം പുറത്തിറക്കി. വരും വർഷത്തിൽ ഉണ്ടായേക്കാവുന്ന സൈബർ ഭീഷണികളുടെ പശ്ചാത്തലത്തിൽ മുന്നോട്ടു പോകാൻ ജെനറേറ്റീവ് നിർമിത ബുദ്ധി (ജെൻഎഐ), ക്ലൗഡ് സുരക്ഷ, സപ്ലെ ചെയിൻ സുരക്ഷ തുടങ്ങിയവ സ്ഥാപനങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായി മാറുമെന്ന് അവലോകനം പറയുന്നു.

പുതുതലമുറാ സാങ്കേതികവിദ്യകൾ വിവിധ വ്യവസായങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം പുതിയ വെല്ലുവിളികളും മുന്നിലെത്തും. സൈബർ സുരക്ഷയെ സംബന്ധിച്ച് നിർണായകമായ മേഖലകൾ ടിസിഎസിലെ വിദഗ്ദ്ധർ കണ്ടെത്തി. ഇത് സൈബർ ആക്രമണങ്ങൾക്കെതിരെ സ്ഥാപനങ്ങൾക്ക് അവരുടെ സുരക്ഷാ സംബന്ധിയായ കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുവാൻ സഹായിക്കും.

വർധിച്ചു വരുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജെൻഎഐ പ്രയോജനപ്പെടുത്തി തങ്ങളുടെ ബിസിനസ് സുരക്ഷിതമാക്കാൻ സ്ഥാപനങ്ങൾ ശ്രമിക്കേണ്ടതുണ്ടെന്ന് ടിസിഎസിൻറെ 2025-ലെ സൈബർ സെക്യൂരിറ്റി അവലോകനം ചൂണ്ടിക്കാട്ടുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ വൻ മാറ്റം വരുത്തുന്ന വിധത്തിലാണ് ജെൻഎഐ എത്തിയിരിക്കുന്നത്. ഇതേ സമയം സൈബർ ക്രിമിനലുകളും ഈ സാഹചര്യം ചൂഷണം ചെയ്യുകയാണ്. ഡീപ്ഫെയ്ക്ക്, ഫിഷിങ്, ഡേറ്റാ ദുരുപയോഗം, പുതിയ മാൽവെയറുകൾ തുടങ്ങിയവയ്ക്കായി ഇത് ഉപയോഗിക്കുന്നു. ജെൻഎഐ ശക്തിയോടു കൂടിയ സൈബർ ഭീഷണി കണ്ടെത്തൽ സംവിധാനങ്ങളും പ്രതികരണ സംവിധാനങ്ങളും വിനിയോഗിക്കണം.

ക്ലൗഡ് കംപ്യൂട്ടിങ് ഏറെ വിപുലമായി സ്വീകരിക്കപ്പെടുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങൾ കൂടുതൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണം. എൻക്രിപ്ഷൻ, ആക്സസ് നിയന്ത്രണം, സ്ഥിരമായ നിരീക്ഷണം എന്നിവയാണ് ഇവിടെ വേണ്ടത്. മാറുന്ന ഭൗമ-രാഷ്ട്രീയ പശ്ചാത്തലങ്ങൾ, പങ്കാളിത്ത സംവിധാനങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ പ്രതിരോധ ശക്തിയുള്ള സപ്ലെ ചെയിനുകളും ഏറെ പ്രസക്തമാകും. ബിസിനസുകൾക്ക് രൂപകൽപനയിൽ തന്നെയുള്ള സുരക്ഷ പ്രധാനപ്പെട്ടതാകും. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനായി 2026-ഓടെ വൻകിട സ്ഥാപനങ്ങൾ സീറോ ട്രസ്റ്റ് രീതികൾ നടപ്പിലാക്കും. ഇതിനായി സൈബർ സെക്യൂരിറ്റി മെഷ് ആർക്കിടെക്ചറിലേക്ക് സ്ഥാപനങ്ങൾ നീങ്ങേണ്ടി വരും.

ഭൗമ-രാഷ്ട്രീയ തലത്തിലുള്ള മാറ്റങ്ങൾ, വളർന്നു വരുന്ന സാങ്കേതികവിദ്യ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ ആഗോള സൈബർ സുരക്ഷ സുപ്രധാന മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ടിസിഎസിലെ സൈബർ സെക്യൂരിറ്റി ഗ്ലോബൽ ഹെഡ് ഗണേശ സുബ്രഹ്മണ്യൻ വൈകുണ്ഠം ചൂണ്ടിക്കാട്ടി. ജെൻഎഐ പ്രവർത്തന മികവുകൾ വർധിപ്പിക്കുകയാണ്. പക്ഷേ, അതിനൊപ്പം സ്ഥാപനങ്ങൾ സൈബർ വെല്ലുവിളികൾ നേരിടാനുള്ള ശേഷി കൂടി സ്വായത്തമാക്കണം. ജെൻഎഐ ശേഷിയുള്ള സൈബർ ഭീഷണി കണ്ടെത്തൽ സംവിധാനങ്ങളും പ്രതികരണ സംവിധാനങ്ങളും നടപ്പാക്കി ഈ രംഗത്തു മുന്നോട്ടു പോകണം. സാങ്കേതികവിദ്യകൾ അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ അത്യാധുനിക സൈബർ പ്രതിരോധ തന്ത്രങ്ങൾ തികച്ചും അനിവാര്യമാണ്. എങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് അപ്രതീക്ഷിത സൈബർ ആക്രമണങ്ങൾക്കിടയിലും ഫലപ്രദമായി മുന്നോട്ടു പോകാനാവൂ എന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.