- Trending Now:
കൊച്ചി: വിവിധ മേഖലകളിലെ വികസനത്തിനായി നവീന സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും വൻ മാറ്റങ്ങൾക്കു തിരി കൊളുത്തുകയും ചെയ്യുന്നവർക്കായുള്ള ടാറ്റാ ട്രാൻസ്ഫർമേഷൻ പ്രൈസിൻറെ വിജയികളെ പ്രഖ്യാപിച്ചു. ടാറ്റാ സൺസ്, ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസസ് എന്നിവർ ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.
ഭക്ഷ്യ സുരക്ഷ, സുസ്ഥിരത, ആരോഗ്യ സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ വെല്ലുവിളികൾ നേരിടാൻ നിർണായക സംഭാവനകൾ നൽകിയവരെയാണ് ടാറ്റാ ട്രാൻസ്ഫർമേഷൻ പ്രൈസിനായി തെരഞ്ഞെടുത്തത്. 18 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 169 പേരിൽ നിന്നാണ് മൂന്ന് ശാസ്ത്രജ്ഞരെ വിജയികളായി തിരഞ്ഞെടുത്തത്. ഓരോ വിജയിക്കും 2 കോടി രൂപ (ഏകദേശം 240,000 യുഎസ് ഡോളർ) സമ്മാനമായി ലഭിക്കും, 2024 ഡിസംബറിൽ മുംബൈയിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ ആദരിക്കും.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർഡിസിപ്ലിനറി സയൻസ് ആൻറ് ടെക്നോളജിയിലെ സി അനന്തരാമകൃഷ്ണൻ, സുസ്ഥിരതാ വിഭാഗത്തിൽ ബോംബെ ഐഐടിയിലെ അമർത്യ മുഖോപാധ്യായ, ആരോഗ്യ സേവന വിഭാഗത്തിൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ രാഘവൻ വരദരാജൻ, എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അനിവാര്യമായ പോഷകങ്ങൾ അരിയിൽ ചേർത്തു നൽകുന്നതിന് തുടക്കം കുറിച്ചതാണ് അനന്തരാമകൃഷ്ണൻറെ നേട്ടം. ഏഷ്യയിലെ ആദ്യ ഗാസ്ട്രോഇൻറെൻസ്റ്റിയൻ സംവിധാനത്തിനും അദ്ദേഹം വഴിയൊരുക്കിയിരുന്നു. പോഷകാഹാരക്കുറവ് അനുഭവപ്പെടുന്ന ദശലക്ഷക്കണക്കിനു പേർക്കാണ് ഈ സംഭാവനകളുടെ ഗുണം ലഭിക്കുക.
ചെലവു കുറഞ്ഞ ആർ എസ് വി വാക്സിനുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ പേരിലാണ് രാഘവൻ വരദരാജനെ തെരഞ്ഞെടുത്തത്. സുസ്ഥിര ഊർജ്ജ രംഗവുമായി ബന്ധപ്പെട്ടഗവേഷണങ്ങളാണ് അമർത്യ മുഖോപാധ്യായയെ തെരഞ്ഞെടുക്കുന്നതിന് വഴിയൊരുക്കിയത്.
ഈ നീക്കങ്ങളിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇന്ത്യയെ ആഗോള തലത്തിലെ പുതുമകളുടെ അവതാരകരാക്കാനും സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ടാറ്റാ സൺസ് ബോർഡ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.