- Trending Now:
ഇവികൾക്കായി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എന്ന പേരിൽ പ്രത്യേകം കമ്പനി ആരംഭിച്ചിരുന്നു
ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള (ഇവി) ലിഥിയം-അയൺ ബാറ്ററികൾ നിർമിക്കാൻ ടാറ്റ ഗ്രൂപ്പ് പുതിയ ഫാക്ടറി ആരംഭിക്കുന്നു. ഇതിനായി 13,000 കോടി രൂപയാണ് (1.58 ബില്യൺ ഡോളർ) നിക്ഷേപിക്കുന്നത്. ഗുജറാത്തിലെ സാനന്ദിലാണ് ഫാക്ടറി വരുന്നത്. സാനന്ദിൽ ടാറ്റ മോട്ടോഴ്സിന്റെ കാർ നിർമാണ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെ സമീപത്തുള്ള ഫോർഡ് മോട്ടോഴ്സിന്റെ പ്ലാന്റും ടാറ്റ ഏറ്റെടുത്തിരുന്നു.
ആദ്യഘട്ടത്തിൽ 20 ജിഗാവാട്ടിന്റെ ശേഷിയാവും പുതിയ ഫാക്ടറിക്ക് ഉണ്ടാവുക. രാജ്യത്തെ ആദ്യ ലിഥിയം-അയൺ സെൽ നിർമാണ കേന്ദ്രമാവും ഇത്. പദ്ധതി നേരിട്ടും അല്ലാതെയും 13,000 പേർക്ക് തൊഴിൽ നൽകുമെന്നാണ് ടാറ്റ അറിയിച്ചത്.
ഫാക്ടറി നിലവിൽ വരുന്നതോടെ ഇവികൾ നിർമിക്കുന്നതിന് ടാറ്റയ്ക്ക് ചൈനീസ്, ദക്ഷിണ കൊറിയൻ കമ്പനികളെ ആശ്രയിക്കേണ്ടി വരില്ല. ടാറ്റയ്ക്ക് കീഴിലുള്ള ജാഗ്വാർ ആൻഡ് ലാൻഡ് റോവറിന്റെ ഇവികൾക്കായി യുകെയിലോ സ്പെയിനിലോ ബാറ്ററി നിർമാണം ആരംഭിക്കുന്ന കാര്യവും ടാറ്റ പരിഗണിക്കുന്നുണ്ട്. ബാറ്ററി നിർമാണം തുടങ്ങാൻ 500 മില്യൺ യൂറോയുടെ സബ്സിഡിയാണ് യുകെ സർക്കാർ ടാറ്റയ്ക്ക് നൽകിയിരിക്കുന്ന വാഗ്ദാനം.
2021ൽ ടാറ്റ മോട്ടോഴ്സ് ഇവികൾക്കായി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എന്ന പേരിൽ പ്രത്യേകം കമ്പനി ആരംഭിച്ചിരുന്നു. അഞ്ച് വർഷം കൊണ്ട് 2 ബില്യൺ ഡോളറിലധികം നിക്ഷേപമാണ് മേഖലയിൽ കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ 85 ശതമാനത്തോളം വിഹിതവുമായി ഒന്നാമതാണ് ടാറ്റ. നിലവിൽ 535.90 രൂപയാണ് ടാറ്റ മോട്ടോഴ്സ് ഓഹരികളുടെ വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.