- Trending Now:
ലോകമെങ്ങും ജനപ്രീതിയാർജിച്ച ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി മാറാനും ടാറ്റയ്ക്ക് കഴിയും
രാജ്യത്തെ ഏറ്റവും വലിയ വ്യവസായ സംരംഭകരായ ടാറ്റ ഗ്രൂപ്പ്, ഇന്ത്യയുടെ ബിസിനസ് ചരിത്രത്തിൽ വീണ്ടുമൊരു നാഴികക്കല്ല് മറികടക്കാനൊരുങ്ങുന്നു. ആഗോള ടെക് ഭീമനായ ആപ്പിൾ കമ്പനിക്ക് വേണ്ടി ഉത്പന്നം നിർമിക്കുന്ന ഫാക്ടറി ഏറ്റെടുക്കുന്നതിനുള്ള കരാർ അന്തിമ ഘട്ടത്തിലെത്തിയെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് ആദ്യ വാരത്തിൽ കരാർ ഒപ്പിട്ടേക്കുമെന്നാണ് വിവരം. ഏറ്റെടുക്കൽ വിജയകരമായാൽ ഇന്ത്യയുടെ ടെക് വ്യവസായ ലോകത്തെ അടിമുടി മാറ്റിമറിക്കാൻ ഉതകുന്നത നടപടിയാകും.
ഇലക്ട്രോണിക്‌സ് വ്യവസായ മേഖലയിൽ ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യം ശക്തമാക്കാൻ സഹായിക്കുന്ന കരാറാണിത്. കൂടാതെ, ലോകമെങ്ങും ജനപ്രീതിയാർജിച്ച ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി മാറാനും ടാറ്റയ്ക്ക് കഴിയും. ഇതിലൂടെ ചൈനയ്ക്ക് ബദലായ ആഗോള നിർമാണ കേന്ദ്രമാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ശക്തമായ ഊർജം പകരാനും ടാറ്റയക്ക് സാധിക്കും.
കർണാടകയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ നിലവിലെ ഉടമസ്ഥർ, കരാറടിസ്ഥാനത്തിൽ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ നിർമിക്കുന്ന തായ്വാൻ ബഹുരാഷ്ട്ര കമ്പനിയായ വിസ്‌ട്രോൺ ഗ്രൂപ്പാണ്. 60 കോടി ഡോളർ (ഏകദേശം 5,100 കോടി രൂപ) മൂല്യമാണ് കരാറിന് കൽപിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇടപാടിനു വേണ്ടിയുള്ള ഉഭയകക്ഷി ചർച്ചകൾ ഇരു കമ്പനികളും തമ്മിൽ നടക്കുകയായിരുന്നു. നിലവിൽ 10,000-ഓളം തൊഴിലാളികളാണ് ഫാക്ടറിയിൽ പണിയെടുക്കുന്നത്. ഏറ്റവും പുതിയ മോഡലായ ഐഫോൺ14-ന്റെ ഘടകങ്ങളാണ് ഫാക്ടറിയിൽ കൂട്ടിയിണക്കി നിർമിക്കുന്നത്. ടാറ്റയ്ക്ക് ഫാക്ടറി കൈമാറുന്നതോടെ, തായ്വാൻ കമ്പനിയുടെ ഇന്ത്യയിലെ ഐഫോൺ നിർമാണവും അവസാനിക്കും.
ആപ്പിൾ ഉത്പന്നങ്ങളുടെ നിർമാണം ടാറ്റ ഗ്രൂപ്പിന് കീഴിൽ ആരംഭിക്കുന്നതോടെ, മറ്റ് ആഗോള ഇലക്ട്രോണിക്‌സ് കമ്പനികളും ഇന്ത്യയിലേക്ക് നിർമാണം മാറ്റുന്നതിനെ പ്രേരിപ്പിക്കുന്ന നീക്കമാകുമെന്ന നേട്ടം രാജ്യത്തിനുണ്ട്. അടുത്ത കാലത്ത് തദ്ദേശീയ നിർമാണത്തിനും തൊഴിലവസരം ഉയർത്താനും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് കരുത്തുപകരാനും ടാറ്റയും വിസ്‌ട്രോൺ ഗ്രൂപ്പും തമ്മിലുള്ള ഇടപാടിന് കഴിയുമെന്നാണ് പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.