Sections

ടാറ്റയും റിലയൻസും നേർക്കുനേർ പോരാട്ടത്തിലേക്ക്

Saturday, Mar 04, 2023
Reported By admin
india

ഇൻസെന്റീവുകളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല


കേന്ദ്രസർക്കാരിന്റെ സോളാർ മൊഡ്യൂൾ സാമ്പത്തിക ആനുകൂല്യങ്ങൾക്കായുളള ലേലത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ടാറ്റ പവറും വാശിയോടെ പങ്കെടുക്കുന്നു. JSW Energy, Avaada Group, ReNew Energy Global എന്നിവയ്ക്കൊപ്പം അമേരിക്കൻ കമ്പനി ഫസ്റ്റ് സോളാറും പദ്ധതിക്കായി ലേലത്തിലുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പാനൽ നിർമ്മാതാക്കളിൽ ഒന്നാണെങ്കിലും പക്ഷെ അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുത്തിട്ടില്ല.19,500 കോടിയുടെ സോളാർ മൊഡ്യൂൾ ഇൻസെന്റീവിന് വേണ്ടിയാണ് ബിഡ്. സോളാർ എനർജി കോർപ്പറേഷൻ നടത്തിയ ബിഡ്ഡുകൾ ഒന്നിലധികം തവണ നീട്ടിയതിന് ശേഷം ഫെബ്രുവരി 28 ന് അവസാനിപ്പിച്ചിരിക്കുകയാണ്.

ആഭ്യന്തര സോളാർ മൊഡ്യൂൾ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പാനലുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായിട്ടാണ് സർക്കാർ ഇൻസെന്റിവുകൾ നൽകുന്നത്. ഇൻസെന്റീവുകളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സമ്പദ്വ്യവസ്ഥയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഇറക്കുമതി കുറയ്ക്കുകയും, രാജ്യത്തെ സോളാർ മേഖലയിലെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുകയും ചെയ്യുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇൻസെന്റിവ് പദ്ധതികൾ.

ചൈനയ്ക്ക് ബദലായി രാജ്യത്തെ മുന്നിലെത്തിക്കാനുളള ശ്രമമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ''മെയ്ക്ക് ഇൻ ഇന്ത്യ'' കാമ്പെയ്ൻ. 2026-ഓടെ ഇന്ത്യയുടെ മൊഡ്യൂൾ നിർമ്മാണ ശേഷി 90 ജിഗാവാട്ടിലേക്ക് ഉയർത്താനാണ് കേന്ദ്ര സർക്കാർ ഗ്രാന്റുകൾ വാഗ്ദാനം ചെയ്യുന്നത്. ഇത് ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനും കയറ്റുമതി വിപണികളെ ലക്ഷ്യമിടുന്നതിനും പ്രോത്സാഹനം നൽകുമെന്നാണ് പ്രതീക്ഷ. മെർകോം ക്യാപിറ്റലിന്റെ ''സ്റ്റേറ്റ് ഓഫ് സോളാർ പിവി മാനുഫാക്ചറിംഗ് ഇൻ ഇന്ത്യ''- ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 2025 അവസാനത്തോടെ ഇന്ത്യയുടെ സോളാർ മൊഡ്യൂൾ നിർമ്മാണ ശേഷി ഏകദേശം 95 ജിഗാവാട്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.