Sections

തക്കാളിക്ക് പൊള്ളുന്ന വില; നാളെമുതൽ 60 രൂപക്ക് റേഷൻകട വഴി നൽകുമെന്ന് തമിഴ്നാട് സർക്കാർ

Monday, Jul 03, 2023
Reported By admin
tomato

കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാകും ഇത്തരത്തിൽ വിതരണം ചെയ്യുക


രാജ്യത്ത് ദിനംപ്രതി തക്കാളി വില കുതിച്ചുയരുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ തക്കാളി വില പിടിച്ചുനിർത്താൻ പെടാപാട് പെടുകയാണ്. അതിനിടയിലാണ് തമിഴ്‌നാട്ടിൽ നിന്ന് പൊതുജനങ്ങൾക്ക് ആശ്വാസമാകുന്ന ആ വാർത്ത എത്തുന്നത്. തക്കാളി വില 100 ഉം കടന്ന് 160 ഉം കടന്ന് കുതിക്കുമ്പോൾ തമിഴ്‌നാട്ടിലെ റേഷൻ കടകളിലൂടെ കുറഞ്ഞ വിലക്ക് തക്കാളി എത്തിക്കുമെന്നാണ് തമിഴ്‌നാട് സർക്കാരിൻറെ പ്രഖ്യാപനം. സഹകരണ മന്ത്രി കെ ആർ പെരിയക്കുറുപ്പൻ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് തമിഴ്നാട് സർക്കാർ തീരുമാനമെടുത്തത്. നാളെ ചെന്നൈ നഗരത്തിലെ 82 റേഷൻ കടകളിലാകും തക്കാളി 60 രൂപക്ക് കിട്ടുക. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലെ റേഷൻ കടകളിലും ഈ നിലയിലുള്ള സംവിധാനമുണ്ടാക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

ചൊവ്വാഴ്ച മുതൽ ചെന്നൈ നഗരത്തിലാകെയുള്ള 82 പൊതുവിതരണ കേന്ദ്രങ്ങളിലും കിലോയ്ക്ക് 60 രൂപ നിരക്കിൽ തക്കാളി വിൽക്കുമെന്നും മന്ത്രി വ്യക്തമാക്കി. കർഷകരിൽ നിന്ന് നേരിട്ട് തക്കാളി സംഭരിച്ചാകും ഇത്തരത്തിൽ വിതരണം ചെയ്യുകയെന്നും മന്ത്രി പെരിയകറുപ്പൻ പറഞ്ഞു. എല്ലാ വർഷവും ഒരു പ്രത്യേക സീസണുകളിൽ തക്കാളിയുടെ വില റെക്കോർഡ് ഉയരത്തിൽ എത്തുന്നതിന് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങളും പൂഴ്ത്തിവെപ്പും ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വിവരിച്ചു.

തക്കാളി മാത്രമല്ല മറ്റ് പച്ചക്കറി ഉത്പന്നങ്ങളുടെ വിപണി വില കുതിച്ചുയരുന്നത് തടയാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാനത്തുടനീളമുള്ള പുതിയ ഫാം-ഫ്രഷ് വെജി ഔട്ട്ലെറ്റുകളിൽ വിപണി വിലയുടെ പകുതിക്ക് വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പച്ചക്കറി വില  പിടിച്ചുനിർത്താനുള്ള എല്ലാ വിധത്തിലുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പെരിയകറുപ്പൻ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.