- Trending Now:
ലൈസൻസ് ഇല്ലാതെ ഓൺലൈനിലൂടെ മരുന്നുകൾ വിൽക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ആമസോൺ, ഫൽപ്പ്കാർട്ട്, അപ്പോളോ അടക്കം നിരവധി കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സർക്കാർ വ്യത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ടുദിവസത്തിനകം നടപടിയെടുക്കാതിരിക്കാൻ വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
20ലധികം കമ്പനികൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. രണ്ടുദിവസത്തിനകം മറുപടി നൽകണം. ഓൺലൈനിലൂടെയുള്ള മരുന്ന് വിൽപ്പനയ്ക്ക് എതിരെ നടപടിയെടുക്കാതിരിക്കാൻ വ്യക്തമായ കാരണം ബോധിപ്പിക്കണം. മറുപടി ലഭിച്ചില്ലായെങ്കിൽ മറ്റൊരു അറിയിപ്പ് ഇല്ലാതെ തന്നെ കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഓൺലൈൻ മരുന്നുവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. നിലവിലെ ഡ്രഗ്സ് നിയമത്തിന് എതിരാണ് ഇത്തരം പ്രവർത്തനം എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതികൾ. ചില മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയോട് കൂടി മാത്രം മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വിൽപ്പന നടത്തേണ്ടവയാണ്. ഇത്തരം മരുന്നുകൾ നൽകുമ്പോൾ ഫാർമസിസ്റ്റിന്റെ മേൽനോട്ടവും അനിവാര്യമാണ്. ഇതെല്ലാം ലംഘിച്ചാണ് ഓൺലൈൻ വഴി മരുന്നുവിൽപ്പന എന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
മരുന്നുകളുടെ ഓൺലൈൻ വിൽപ്പന നിരോധിച്ച് കൊണ്ടുള്ള ഡൽഹി ഹൈക്കോടതി ഉത്തരവ് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഡ്രഗ്സ് കൺട്രോളർമാർക്ക് കൈമാറിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ ഓൺലൈൻ വഴി മരുന്ന് വിൽപ്പന നടത്തുന്നത് നിയമലംഘനമാണ്. ഇത് മരുന്നുകളുടെ ഗുണമേന്മയെ ബാധിക്കും. സ്വയം ചികിത്സയെ പ്രോത്സാഹിപ്പിക്കുന്നത് കാരണം പൊതുജനാരോഗ്യത്തെയും കാര്യമായി ബാധിക്കുമെന്നും സർക്കാർ വ്യത്തങ്ങൾ മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.