Sections

നാല് വർഷത്തിനുള്ളിൽ ഡിജിറ്റൽ സർവേ പൂര്‍ത്തിയാക്കാന്‍ സര്‍വെ സഭകള്‍

Thursday, Oct 13, 2022
Reported By admin
kerala government

സര്‍വ്വെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 4700 സര്‍വ്വെ ജീവനക്കാരെ നാല് വര്‍ഷത്തേക്ക് നിയമിക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്


കേരളത്തെ പൂര്‍ണമായും നാല് വര്‍ഷം കൊണ്ട് ഡിജിറ്റലായി സര്‍വേ ചെയ്ത് ഭൂമിയുടെ ശരിയായ റെക്കോര്‍ഡുകള്‍ തയ്യാറാക്കുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള സര്‍വ്വെ സഭകള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായുള്ള പദ്ധതി ജനപങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. സര്‍വ്വെ സഭ എന്ന പേരില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമസഭകള്‍ ആദ്യ ഘട്ടത്തില്‍ 200 എണ്ണം 200 വില്ലേജുകളിലായി നടക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ അറിയിച്ചു.

സര്‍വ്വെ സഭകളില്‍ ഡിജിറ്റല്‍ സര്‍വെ നടപടികള്‍ വിശദീകരിക്കുന്നതിനും ഭൂവുടമസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും 400 ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി. ഡിജിറ്റല്‍ സര്‍വ്വെ ഇനിയും തുടങ്ങിയിട്ടില്ലാത്ത 1550 വില്ലേജുകളിലും നാല് വര്‍ഷത്തിനുള്ളില്‍ സര്‍വ്വെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 'എന്റെ ഭൂമി' എന്ന പേരിലുള്ള ഡിജിറ്റല്‍ സര്‍വ്വെ കോര്‍സ് നെറ്റ് വര്‍ക്ക്, ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് നടപ്പാക്കുക. ഭൂമിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, നിര്‍മ്മിതികളുടെ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഒരു സമഗ്ര രേഖയാകും തയ്യാറാക്കുക. ഈ വിധം ഒരു ഇന്‍ഫര്‍മേഷന്‍ സിസ്റ്റം രൂപീകരിക്കാന്‍ സാധിക്കും. ഇത് സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

858 കോടി രൂപയാണ് ഡിജിറ്റല്‍ സര്‍വ്വെക്കുള്ള മൊത്തം ചെലവ്. ഇതില്‍ 438.46 കോടി രൂപ സര്‍വ്വെ വകുപ്പിന് അനുവദിച്ചിട്ടുണ്ട്. സര്‍വ്വെ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ 4700 സര്‍വ്വെ ജീവനക്കാരെ നാല് വര്‍ഷത്തേക്ക് നിയമിക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്.

സ്വന്തം ഭൂമിയുടെ ഉടമസ്ഥതയും കൃത്യതയോട് കൂടിയ അളവും ലഭ്യമാകണമെങ്കില്‍ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്. ഭൂ ഉടമ സ്ഥലത്തില്ലെങ്കില്‍ സര്‍വ്വെ നടക്കുന്ന സമയത്ത് നോമിനികളുടെ സാന്നിധ്യം ആവശ്യപ്പെടാം. ഭൂ ഉടമസ്ഥന്റെ പരാതി അപ്പോള്‍ തന്നെ പരിഹരിച്ച് മുന്നോട്ട് പോകാനും ഡിജിറ്റല്‍ സര്‍വ്വെ ഉപകരിക്കും. ഭൂമി സംബന്ധമായി വരുന്ന തട്ടിപ്പുകളും തര്‍ക്കങ്ങളും തടയാനും കുറ്റമറ്റ ഡിജിറ്റല്‍ സര്‍വ്വെ വിവരങ്ങള്‍ പ്രയോജനപ്പെടുമെന്ന് മന്ത്രി രാജന്‍ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.