Sections

സമ്പദ് വ്യവസ്ഥയ്ക്കും സംരംഭകര്‍ക്കും താങ്ങായി സൂക്ഷ്മ സംരംഭങ്ങള്‍

Wednesday, Dec 15, 2021
Reported By Admin
micro enterprises

ചെറുതായിരിക്കുന്നതില്‍ ആത്മസംതൃപ്തി നേടുന്ന സംരംഭകന്റെ കാര്യമാണ് ഇവിടെ പറയുന്നത്


കോവിഡാനന്തര കാലത്ത് ചുട്ടുപഴുത്ത പാതയില്‍ നഗ്നപാദത്താല്‍ നടക്കുന്നത് പോലെയാണ് ഇന്ന് നമ്മള്‍  ജീവിക്കുന്നത്. അടച്ചിടലുകള്‍ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല കാര്യമായി ബാധിച്ചത്. സംരംഭകന്റെ കാലിനടിയിലെ മണ്ണ് ഒലിച്ച് പോയിക്കാണ്ടിക്കുന്ന സ്ഥിതിയുമുണ്ടാക്കി. സംരംഭം എത്രത്തോളം വലുതാണോ അതനുസരിച്ച പ്രതിസന്ധികള്‍ കൂടിക്കൊണ്ടിരുന്നു. അവസാനം കാല് നിലത്ത് ഉറപ്പിക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമാവുന്നുണ്ട്. 

ഇവിടെയാണ് സൂക്ഷ്മസംരംഭകന്റെ പ്രസക്തി. സംരംഭത്തിലെ എല്ലാ കാര്യങ്ങളും സ്വയം നിര്‍വഹിക്കുന്ന അല്ലെങ്കില്‍ തന്നോടൊപ്പം പരമാവധി ഒന്നോ രണ്ടോ സഹായികളെ മാത്രം ജോലിക്ക് വെച്ചിരിക്കുന്ന സംരംഭകനെയാണ് സൂക്ഷ്മസംരംഭകന്‍ എന്ന് ഉദ്ദേശിക്കുന്നത്. ചെറുതായിരിക്കുന്നതില്‍ ആത്മസംതൃപ്തി നേടുന്ന സംരംഭകന്റെ കാര്യമാണ് ഇവിടെ പറയുന്നത്. 

സംരംഭം ചെറുതായതിന്റെ കയ്യടക്കവും മനോഹാരിതയുമാണ് സംരംഭകനുണ്ടാകുക. അതോടൊപ്പം വലുതാവുമ്പോഴുണ്ടാകാമാവുന്ന ബുദ്ധിമുട്ടുകളും അവരെ അലോസരപ്പെടുത്തുകയും ചെയ്യും. വലിയ ബിസിനസില്‍ ആദ്യം എവിടെ നോക്കിയാലും അപകടസാധ്യതകള്‍ മാത്രമാണ് കണ്ടുവരിക. ആ റിസ്‌കുകള്‍ ലഘൂകരിച്ച് കൊണ്ട് വന്നാലെ അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളു. 

സൂക്ഷ്മസംരംഭകന് എവിടെ നോക്കിയാലും അവസരങ്ങളാണ് കാണുക. അപകടസാധ്യതകള്‍ അല്ല. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും കടന്നുപോകുന്നത് പ്രശ്നങ്ങളെ അഭിമുഖീകരിച്ചും അവയെ തരണം ചെയ്തുമാണ്. വലിയ സംരംഭകന്‍ ഒന്നിലധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ബിസിനസുകള്‍ സൃഷ്ടിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. എത്രയും പെട്ടെന്ന് സംരംഭത്തെ വളര്‍ത്തി വിപുലപ്പെടുത്താനുള്ള പ്രയാണത്തിനിടയില്‍ അവന് തട്ടിത്തെറിപ്പിക്കേണ്ടി വരുന്ന തടസ്സങ്ങളും എണ്ണമറ്റതാണ്. കോവിഡ് കാലത്ത് ഇതിന്റെ അളവ് കൂടുതലുമായിരിക്കും.

ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അളക്കാനാവാത്ത നഷ്ടം വരുത്തുന്ന സ്ഥിരമായ ചെലവുകള്‍ ഉള്ളവന് ഒരു മാസത്തെ ലോക്ക്ഡൗണ്‍ വന്നാലുള്ള അവസ്ഥ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. എന്നാല്‍ സൂക്ഷ്മസംരംഭകന്റെ  സ്വപ്നങ്ങളെപ്പോലെ തന്നെ അവന്റെ പ്രശ്നങ്ങളും ചെറുതാണ്. പരിഹാരക്രിയകള്‍ വളരെ ലളിതവുമായിരിക്കും. ലോക്ക്ഡൗണ്‍ കാലത്ത് അവന് വരുമാനനഷ്ടം ഉണ്ടാവും. എന്നാല്‍ വാടക, കറന്റ് ചാര്‍ജ്ജ് തുടങ്ങി ചില ഇനങ്ങളാല്‍ കൈനഷ്ടം അധികം ഉണ്ടാകില്ല. എങ്കിലും സംരംഭം പെട്ടെന്നു തന്നെ പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാനാകും.

എന്തുകൊണ്ടാണ് നാട്ടില്‍ പാര്‍ട്ണര്‍ഷിപ്പ് സംരംഭങ്ങള്‍ ഇത്രയധികം എന്ന് ആലോചിച്ചിട്ടുണ്ടോ? ഒറ്റയ്ക്ക് പോകാനുള്ള പേടി കൊണ്ടാണത്.  എന്നാല്‍, ഒറ്റയ്ക്ക് തുഴയുന്നവനാണ് സൂക്ഷ്മസംരംഭകന്‍. അവന് തുണ വേണ്ട. അവര്‍ക്ക് ഓരോ ദിവസത്തിന്റെയും അളവുകോല്‍ സ്വന്തം കൈയ്യില്‍ തന്നെയാണ്. അവര്‍ വിചാരിക്കുന്ന രീതിയില്‍ സൂഷ്മത നിലനിര്‍ത്താന്‍ കഴിയും. 

ഓരോ സംരംഭവും ഓരോ കലാസൃഷ്ടിയാണ്.  എന്ന് കരുതി, സംരംഭകന്‍ തന്റെ സ്ഥാപനത്തിന് വളര്‍ച്ച ആഗ്രഹിക്കരുത് എന്നല്ല ഇപ്പറഞ്ഞതിനൊന്നും അര്‍ത്ഥം. സംരംഭത്തിന്റെ വലിപ്പം സംരംഭകന്റെ കഴിവുകളേക്കാള്‍ അല്‍പം പോലും വലുതാവരുത് എന്നാണ്. അതനുസരിച്ച് ഭാവി ആസൂത്രണവും ചെയ്യുക.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.