- Trending Now:
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഇടുക്കി ജില്ലയിൽ ഓണം ഫെയറുകൾ ആരംഭിച്ചു. ജില്ലാഫെയർ തൊടുപുഴ പഴയ ബസ്സ്റ്റാൻഡ് മൈതാനിയിലാണ് നടക്കുന്നത്. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും താലൂക്ക് ഫെയറുകളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമെ , പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം ഉൽപ്പന്നങ്ങൾക്ക് വൻവിലക്കുറവാണ് ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നൽകുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45% വരെ വിലക്കുറവും, പ്രത്യേകം ഓഫറുകളും നൽകുന്നുണ്ട്. ജില്ലാ ഫെയറിൽ ഹോർട്ടികോർപ്പിന്റെ പച്ചക്കറി സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക വിലക്കുറവും കോമ്പോ ഓഫറുകളും നൽകുന്നുണ്ട്.
ജില്ലാ ഓണം ഫെയറിലും സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകളിലും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് (Deep Discount Hours) ഉണ്ടാകും . വിവിധ സബ്സിഡി ഇതര സാധനങ്ങൾക്ക് സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേ 10% വരെ വിലക്കുറവായിരിക്കും ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സിൽ നൽകുക. വിവിധ ഉൽപ്പന്നങ്ങൾക്ക് എംആർപിയേക്കാൾ, 50% വരെ വിലക്കുറവ് ഈ മണിക്കൂറുകളിൽ ലഭിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ നാലുമണിവരെ ആയിരിക്കും ഡീപ്പ് ഡിസ്കൗണ്ട് അവേർസ്. സെപ്റ്റംബർ 14 വരെ, രാവിലെ 9.30 മുതൽ രാത്രി 8 വരെയാണ് പ്രവർത്തിക്കുന്ന സപ്ലൈകോ ഓണം ഫെയറുകൾ പ്രവർത്തിക്കുക.
കട്ടപ്പന പീപ്പിൾസ് ബസാർ ,നെടുങ്കണ്ടം സപ്ലൈ കോ സൂപ്പർ മാർക്കറ്റ് , അടിമാലി പീപ്പിൾസ് ബസാർ,വണ്ടിപ്പെരിയാർ സപ്ലൈ കോ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലാണ് താലൂക്ക് ഓണം ഫെയറുകൾ സജ്ജീകരിച്ചിട്ടുള്ളത്.
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് നഗരസഭാ പരിധിയിൽ ഓണം ഫെയറിന് തുടക്കമായി. സപ്ലൈകോ പീപ്പിൾസ് ബസാറിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓണച്ചന്ത ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.
പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ജനങ്ങൾക്ക് നൽകാൻ സപ്ലൈകോ ഓണച്ചന്തകളിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സംരംഭങ്ങൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. വിലക്കയറ്റം സാധാരണക്കാരെ ബാധിക്കാതിരിക്കാൻ ക്രിയാത്മക ഇടപെടലുകളാണ് റേഷൻകടകളിലൂടെയും സപ്ലൈകോ-കൃഷിവകുപ്പ് ഔട്ട്ലെറ്റുകളിലൂടെയും സർക്കാർ നടത്തുന്നത്. സബ്സിഡി ഇല്ലാത്ത സാധനങ്ങളും ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിലൂടെ, സപ്ലൈകോ സ്പെഷൽ ഓണച്ചന്തകളിലുൾപ്പെടെ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നെടുമങ്ങാട് നഗരസഭാ വൈസ്ചെയർമാൻ എസ്.രവീന്ദ്രൻ അധ്യക്ഷനായിരുന്നു. കൗൺസിലർ സിന്ധു കൃഷ്ണകുമാർ, സപ്ലൈകോ നെടുമങ്ങാട് എ.എം ഡിപ്പോ മാനേജർ അമ്പിളി അശോക്, നെടുമങ്ങാട് താലൂക്ക് ഡിപ്പോ ജെ.എം അനിത കുമാരി എന്നിവരും പങ്കെടുത്തു.
നാട്ടിക നിയോജകമണ്ഡലം തൃശൂർ താലൂക്ക് സപ്ലൈക്കോ ഓണം ഫെയർ ചേർപ്പ് സപ്ലൈകോ സൂപ്പർമാർക്കറ്റിൽ സി.സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി എൻ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ സിനി പ്രദീപ്, തൃശൂർ ഡിപ്പോ മാനേജർ വി എസ് അനിൽകുമാർ, സപ്ലൈക്കോ സീനിയർ അസിസ്റ്റന്റ് പി രാജി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
സപ്ലൈകോ ഓണം ഫെയറിന് തലശ്ശേരി സപ്ലൈകോ ഹൈപ്പർമാർക്കറ്റിൽ തുടക്കമായി. തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ കെ എം ജമുനാറാണി ഉദ്ഘാടനം ചെയ്തു.
പതിമൂന്നിന സബ്സിഡി സാധനങ്ങൾക്ക് പുറമേ, പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം ഉൽപ്പന്നങ്ങൾ ഇനി വൻവിലക്കുറവിൽ സപ്ലൈകോ ഓണം ഫെയർ സ്റ്റാളിലൂടെ സ്വന്തമാക്കാം.
പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജന്റുകൾ, ഫ്ളോർ ക്ലീനറുകൾ, ടോയ്ലെറ്ററീസ് തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്ക് 45% വരെ വിലക്കുറവും പ്രത്യേകം ഓഫറുകളും നൽകുന്നുണ്ട്. സപ്ലൈകോ ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവും കോംബോ ഓഫറുകളും ഉണ്ട്. ദിവസവും രാവിലെ 9.30 മുതൽ രാത്രി എട്ട് വരെ പ്രവർത്തനസമയം
ഉദ്ഘാടന ചടങ്ങിൽ സപ്ലൈകോ തലശ്ശേരി ഡിപ്പോ ജൂനിയർ മാനേജർ വി വി ഷിബു, തലശ്ശേരി സപ്ലൈകോ ഹൈപ്പർ മാർക്കറ്റ് ഇൻ ചാർജ് കെവി അനിൽകുമാർ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.