- Trending Now:
ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ചന്തകളുടെ പ്രവർത്തനം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും മറ്റ് സാധനങ്ങൾ അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും. പൊതു വിപണിയിൽ വില പിടിച്ചുനിർത്തുന്ന ഇടപെടൽ സപ്ലൈകോ തുടരുകയാണെന്നും കഴിഞ്ഞകാലങ്ങളിൽ ഇത്തരം ഇടപെടലുകളുടെ പ്രയോജനം വലിയ തോതിൽ ജനങ്ങൾക്ക് ലഭിച്ചതായും മന്ത്രി പറഞ്ഞു.
രാജ്യത്താകെ വിലക്കയറ്റം രൂക്ഷമായപ്പോൾ സംസ്ഥാന സർക്കാരിന്റെ ശക്തമായ ഇടപെടൽ മൂലം കേരളത്തിൽ വിലക്കയറ്റം ബാധിച്ചില്ല. അരി വണ്ടി, മൊബൈൽ വാഹനങ്ങൾ എന്നിവ വഴി നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകാൻ സാധിച്ചു.1437 രൂപ യഥാർഥ വിലവരുന്ന നിത്യോപയോഗ സാധനങ്ങളാണ് സബ്സിഡിയായി 755 രൂപ നിരക്കിൽ ചന്തയിൽ നൽകുന്നത്. സബ്സിഡി നിരക്കിൽ ചെറുപയറിന് കിലോ 76.10 രൂപയും ഉഴുന്ന് 68.10 രൂപയും കടലയ്ക്ക് 45.10 രൂപയുമാണ്. വൻപയർ 47.10 രൂപ,തുവരപ്പരിപ്പ് 67.10 രൂപ, മുളക് (അര കിലോ) 39.60 രൂപ, മല്ലി (അര കിലോ) 41.60 രൂപ, പഞ്ചസാര (ഒരു കിലോ) 24.10 രൂപ, വെളിച്ചെണ്ണ (ഒരു ലിറ്റർ) 125 രൂപ എന്നിങ്ങനെ ലഭിക്കും.
ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വിശേഷ അവസരങ്ങളിൽ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് സപ്ലൈകോ ചന്തകളെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെയും സപ്ലൈകോയുടെയും സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് പ്രത്യേക കളർകോഡ് ഉടൻ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു.കളർകോഡ് വഴി വാഹനങ്ങളിൽ സർക്കാർ സാധനങ്ങൾ ആണെന്ന് ഉദ്യോഗസ്ഥർക്കും പൊതുജനത്തിനും അറിയാൻ കഴിയും. ഇതിലൂടെ വലിയ തോതിൽ ക്രമക്കേട് തടയാൻ സാധിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.ആദ്യ വില്പന തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു.സ്റ്റാളുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി നിർവഹിച്ചു. സപ്ളൈകോ സി.എം.ഡി ഡോ. സഞ്ജീവ്കുമാർ പട്ജോഷി, ഡപ്യൂട്ടി മേയർ പി.കെ രാജു എന്നിവർ സംസാരിച്ചു. പുത്തരിക്കണ്ടത്തെ ചന്ത ജനുവരി രണ്ട് വരെ ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.