Sections

ബഹിരാകാശ യാത്രയുടെ ചരിത്രം രചിച്ച് സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചെത്തി

Wednesday, Mar 19, 2025
Reported By Soumya S
Sunita Williams Returns to Earth After 9 Months in Space | Achievements & Records

ഇന്ത്യൻ വംശജയായ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഒമ്പത് മാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ഭൂമിയിലേക്ക് തിരികെയെത്തിയിരിക്കുന്നു. 1965 സെപ്റ്റംബർ 19 ന് ഒഹായോയിലെ യൂക്ലിഡിലാണ് ജനിച്ചത്. സുനിത മൂന്ന് മക്കളിൽ ഇളയവളായിരുന്നു. സുനിതയുടെ അച്ഛൻ ന്യൂറോ സയന്റിസ്റ്റും അമ്മ എക്സ്-റേ ടെക്നീഷ്യനുമായിരുന്നു. ഒരു മൃഗഡോക്ടറാകണമെന്നായിരുന്നു സുനിതയുടെ ആഗ്രഹം. മൂത്ത സഹോദരൻ യുഎസ് നേവൽ അക്കാദമിയിൽ ചേർന്നപ്പോൾ അത് സുനിതയുടെ ജീവിതത്തിൽ കൂടിയാണ് വലിയ വഴിത്തിരിവുണ്ടാക്കിയത്.സഹോദരന്റെ മാതൃക പിന്തുടരാൻ അവർ തീരുമാനിച്ചു, 1987-ൽ അക്കാദമിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ സയൻസ് ബിരുദം നേടി. സുനിത ഒരു ഹെലികോപ്റ്റർ പൈലറ്റായി മാറി.

ജീവിതത്തിലെ നാഴികക്കല്ലുകൾ

  • മെഡിറ്ററേനിയൻ, ചെങ്കടൽ, പേർഷ്യൻ ഗൾഫ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.
  • 1993-ൽ,സുനിത യുഎസ് നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂളിൽ നിന്ന് ബിരുദം നേടി, തുടർന്ന് വിവിധ സൈനിക ഹെലികോപ്റ്ററുകളിൽ പരീക്ഷണ പറക്കൽ നടത്തി.
  • 1995-ൽ, എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ബഹിരാകാശയാത്രിക പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ യുഎസ്എസ് സായിപാനിൽ സേവനമനുഷ്ഠിച്ചു.
  • 1998-ൽ വില്യംസ് നാസയുടെ ആസ്ട്രോനട്ട് കോർപ്പിൽ ചേർന്നു.
  • 2006-ൽ സ്പേസ് ഷട്ടിൽ ഡിസ്കവറി മിഷന്റെ ഫ്ലൈറ്റ് എഞ്ചിനീയറായി അവർ ബഹിരാകാശ യാത്ര ആരംഭിച്ചു. ശാസ്ത്രത്തെ ലക്ഷ്യം വച്ചുള്ള നിരവധി പരീക്ഷണങ്ങൾ നടത്തുന്നതിനിടയിൽ 12 ദിവസത്തിലധികം അവർ അവിടെ ചെലവഴിച്ചു.
  • 2002ൽ നീമോ 2 ദൗത്യത്തിൽ അംഗമായി. സമുദ്രാടിത്തട്ടിലെ ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു നീമോ 2.
  • 2007-ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) പറന്നപ്പോഴാണ് സുനിത വില്യംസിന്റെ ഏറ്റവും ശ്രദ്ധേയമായ ബഹിരാകാശ ദൗത്യം നടന്നത്. ISS-ന്റെ 14-ാം പര്യവേഷണത്തിൽ അവർ ഭൂമിയെ ചുറ്റിക്കൊണ്ട് 195 ദിവസം ചെലവഴിച്ചു, അങ്ങനെ അമേരിക്കയിൽ ഒരു വനിതാ ബഹിരാകാശയാത്രികന് റെക്കോർഡ് സമയം ലഭിച്ചു.
  • നിലവിൽ നാസയുടെ മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കാനുള്ള ആർട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമാണ് സുനിത വില്യംസ്.
  • ബഹിരാകാശത്ത് മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തിയാണ് സുനിത. ട്രെഡ് മില്ലിലാണ് ബോസ്റ്റൺ മാരത്തൺ ഓടിയത്. 195 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതോടെ ഒരു വനിത നടത്തിയ ഏറ്റവും ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്ര എന്ന റെക്കോർഡും അവർ സ്ഥാപിച്ചു. 322 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും പരിചയസമ്പന്നരായ വനിതാ ബഹിരാകാശ യാത്രികരിലൊരാളായി സുനിത മാറി.
  • 62 മണിക്കൂറും 6 മിനിറ്റുമാണ് ഇതുവരെ സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശ നടത്തം നടത്തിയവരുടെ നാസയുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് സുനിതയിപ്പോൾ.

പുരസ്കാരങ്ങൾ

  • നാവികസേനയുടെ പ്രശംസാ മെഡൽ, നാസ സ്പേസ് ഫ്ലൈറ്റ് മെഡൽ എന്നിവ ഉൾപ്പെടെ സുനിത തന്റെ കരിയറിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
  • 2008-ൽ സുനിതയുടെ പര്യവേഷണങ്ങൾക്കുള്ള ആദരമായി പത്മഭൂഷൺ നൽകി ഇന്ത്യ അവരെ ആദരിച്ചു.

ഫ്ലോറിഡയുടെ തീരക്കടലിൽ ഡ്രാഗൺ പേടകത്തിൽ സ്പ്ളാഷ് ലാൻഡ് ചെയ്യുന്ന സുനിതയെയും വിൽമോറിനെയും ക്രൂ-9ലെ രണ്ടംഗങ്ങളെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോവുക. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒൻപതുമാസത്തോളം മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞ അവർക്ക് ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നൽകും. ബഹിരാകാശത്തുതങ്ങി മടങ്ങുന്നവർക്ക് ഭൂമിയിൽ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസിക അവസ്ഥ വീണ്ടെടുക്കൽ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ ജീവിക്കുന്നതിനാൽ അവരുടെ കൈകാലുകളിലെ പേശികൾ ക്ഷയിച്ചിട്ടുണ്ടാകും. എല്ലുകൾക്ക് ബലക്ഷയം, ഉറക്കമില്ലായ്മ, മൂത്രത്തിൽ കല്ല്, അണുബാധ (ബഹിരാകാശജീവിതം യാത്രികരുടെ പ്രതിരോധശേഷി കുറയ്ക്കും), മാനസികസമ്മർദം, തലകറക്കം, മന്ദത, ശരീരത്തിന്റെ തുലനനിലയിൽ പ്രശ്നം, ബേബിഫീറ്റ് (പാദത്തിന്റെ അടിവശത്തെ ചർമം നേർത്തുപോകുന്നത്) തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.