Sections

വിദ്യാർത്ഥികളുടെ മികച്ച സ്റ്റാർട്ടപ്പ് ആശയത്തിന് ഒരു ലക്ഷം രൂപ സമ്മാനം; പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025

Thursday, Jan 16, 2025
Reported By Admin
College students pitching innovative business ideas at Summit of Future 2025, Kochi

കൊച്ചി: കോളജ് വിദ്യാർത്ഥികളുടെ നൂതന ബിസിനസ് ആശയത്തിന്റെ സാധ്യതകൾ പരിശോധിക്കാനും അനുയോജ്യമായതെങ്കിൽ നിക്ഷേപം കണ്ടെത്തുവാനും പിച്ചത്തോണുമായി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025.  'സുസ്ഥിര ഭാവിക്കായി നവീന ആശയങ്ങളും സംരംഭങ്ങളും ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം. ഭാവിതലമുറയുടെ സർഗാത്മകതയും ഇന്നവേഷനും തിരിച്ചറിയുക, അവ യാഥാർത്ഥ്യമാക്കുന്നതിനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ  നടത്തുന്ന പിച്ചത്തോണിൽ ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

വിഷൻ, ക്രിയേറ്റിവിറ്റി, സംരംഭ സാധ്യതകൾ എന്നിവ ഉൾപ്പെടുത്തിയുള്ള ബിസിനസ് ആശയം മത്സരാർത്ഥികൾ ജനുവരി 20 ന് മുമ്പ് സമർപ്പിക്കണം. തെരഞ്ഞെടുക്കുന്ന ആശയങ്ങൾ മുൻനിര നിക്ഷേപകർ, ഇൻഡസ്ട്രി ലീഡേഴ്സ്, ഇന്നവേറ്റേഴ്സ് എന്നിവർ ഉൾപ്പെടുന്ന പാനലിന് മുന്നിൽ അവതരിപ്പിക്കാൻ അവസരമുണ്ടാകും. ഒരു ലക്ഷം രൂപയാണ് മികച്ച സ്റ്റാർട്ടപ് ആശയത്തിന് ലഭിക്കുക. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നു വരെയാണ് നടക്കുന്നത്.

നിക്ഷേപ സാധ്യതകൾക്ക് പുറമെ മുൻനിര നിക്ഷേപകർ, വ്യവസായ പ്രമുഖർ, വിദഗ്ദ്ധർ എന്നിവരുമായി നല്ല ബന്ധം സ്ഥാപിക്കുവാനും വിദഗ്ദ്ധ ഉപദേശം ലഭിക്കുവാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതാണ് പിച്ചത്തോൺ. കൂടാതെ, ആശയങ്ങളുടെ ന്യൂനതകൾ മനസിലാക്കുവാനും വിദഗ്ദ്ധരുടെ മെൻർഷിപ്പിന്റെ സഹായത്താൽ ആശയം കൂടുതൽ നവീകരിക്കാനും ഇതിലൂടെ സാധിക്കും. പിച്ചത്തോൺ കൂടാതെ, സ്‌കൂൾ-കോളജ് വിദ്യാർത്ഥികൾക്കായി സ്പീക്ക് ഫോർ ഫ്യൂച്ചർ, റീ-ഇമാജിൻ വേസ്റ്റ്: ട്രാൻസ്ഫോമിങ് ട്രാഷ് ഇൻടു ട്രഷർ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മൂന്നു മത്സരങ്ങൾക്കും ജനുവരി 20 വരെ അപേക്ഷിക്കാം. 

ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്നുകൊണ്ട് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി രൂപകൽപ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025. സുസ്ഥിരത,ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയിൽ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റിൽ വിവിധ രംഗങ്ങളിൽ നിന്നുള്ള നൂറിലധികം വിദഗ്ദ്ധർ സംസാരിക്കും. വിദ്യാർത്ഥികൾ, ലീഡർമാർ, വ്യവസായ പ്രമുഖർ, പ്രൊഫഷണൽസ് ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന  ഉച്ചകോടിയിൽ 30-ൽ അധികം പാനൽ ചർച്ചകളും ഉണ്ടാകും. കൂടാതെ, വ്യത്യസ്ഥ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധർ നയിക്കുന്ന 25-ൽ അധികം ശിൽപ്പശാലകളും മാസ്റ്റർ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്‌സ്‌പോ, ടെക് എക്‌സ്‌പോ,സ്റ്റുഡന്റ് ബിനാലെ, ഫ്‌ലീ മാർക്കറ്റ്, ഫുഡ് സ്ട്രീറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികൾ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി  സംഘടിപ്പിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക്-7034044141/ 7034044242, https://futuresummit.in/pitchathon/


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.