Sections

ചെറുകിട വ്യവസായങ്ങള്‍ക്ക് വന്‍സാധ്യത; കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂല സാഹചര്യമെന്ന് മുഖ്യമന്ത്രി | suitable situation for setting up of industries in kerala

Wednesday, Jul 13, 2022
Reported By admin
Pinarayi Vijayan

ചെറുകിട വ്യവസായ മേഖലയ്ക്ക് കേരളത്തില്‍ വലിയ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന ലക്ഷ്യം മുന്നോട്ടുവന്നത്

 

നിലവില്‍ കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി നിയമസഭാ സാമാജികര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായ നിക്ഷേപം ആകര്‍ഷിക്കലാണ് കേരളം സ്വീകരിക്കുന്ന നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ വികസിത രാഷ്ട്രങ്ങളിലെ, പ്രത്യേകിച്ച് മധ്യവരുമാന രാഷ്ട്രങ്ങളിലെ, ജീവിതനിലവാരത്തിന്റെ തോതിലേക്ക് ഉയരാന്‍ കേരളത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായി ശ്രമിച്ചാല്‍ ഇതു സാധിക്കും. ഓരോ മേഖലയും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്നതാണ് ഈ ലക്ഷ്യപ്രാപ്തിക്ക് ഏറ്റവും പ്രധാനം. പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ട മേഖലയല്ല. അതില്‍ നിന്ന് പിന്‍വലിയണം. ആസ്തികള്‍ വിറ്റു കാശാക്കി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നുമുള്ള ചിന്താഗതി വലിയ തോതില്‍ രാജ്യത്ത് വളരുകയാണ്. ഇക്കാര്യത്തില്‍ കേരളം ബദലാകുകയാണ്. പൊതുമേഖല സംരക്ഷിക്കുകയും ഒപ്പം വ്യാവസായിക വികസനത്തിന് ആവശ്യമായ വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുകയെന്നതാണ് കേരളത്തിന്റെ നിലപാട്.

വന്‍കിട വ്യവസായങ്ങളും ബഹുരാഷ്ട്ര കമ്പനികളില്‍ പലതും കേരളത്തിലേക്ക് വരാന്‍ തയാറായിട്ടുണ്ട്. വന്നുകഴിഞ്ഞവരെ ഇനിയും ശക്തിപ്പെടുത്തണം. കേരളത്തിന്റെ സമ്പന്നമായ പ്രവാസി സമൂഹത്തില്‍ പലരും വ്യവസായ മേഖലയില്‍ വലിയ പ്രവര്‍ത്തനം നടത്തുന്നവരാണ്. വ്യവസായ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരണമെന്ന് സംരംഭകരോട് പറയാന്‍ കഴിയും. ഈ രണ്ട് സാധ്യതയും ഉപയോഗിക്കാന്‍ കഴിയണം. വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം ചെറുകിട വ്യവസായങ്ങളും വലിയ തോതില്‍ പ്രോത്സാഹിപ്പിക്കപ്പെടണം. ചെറുകിട വ്യവസായ മേഖലയ്ക്ക് കേരളത്തില്‍ വലിയ സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' എന്ന ലക്ഷ്യം മുന്നോട്ടുവന്നത്.

സംസ്ഥാനത്തെ വ്യവസായ മേഖലയില്‍ നിലനിന്നിരുന്ന അനാരോഗ്യ പ്രവണതകള്‍ പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വ്യവസായം ആരംഭിക്കാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവര്‍ നാടിന് പറ്റാത്തവരാണെന്ന സമീപനം സ്വീകരിക്കുന്ന മനോഭാവം ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഉദ്യോഗസ്ഥതലത്തിലെ കാലതാമസവും ഒഴിവാക്കി. വ്യവസായങ്ങള്‍ ആരംഭിക്കുമ്പോള്‍ സ്ഥാപനത്തിന്റെ നിര്‍മാണഘട്ടത്തില്‍ തങ്ങളുടെ ആളുകള്‍ക്ക് ജോലി വേണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇതും പൂര്‍ണമായി ഇല്ലാതായി. നോക്കുകൂലിയുടെ കാര്യത്തിലും നല്ല രീതിയിലുള്ള മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.

നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ പുതിയ വ്യവസായങ്ങളും സംരംഭങ്ങളും ആകര്‍ഷിക്കുന്നതിന് നിയമസഭാ സാമാജികര്‍ മുന്‍കൈയെടുക്കണം. ഇക്കാര്യത്തില്‍ ആരോഗ്യകരമായ മത്സരമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംരംഭക വര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് പുതിയതായി 36,969 വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മൂന്ന് മാസം കൊണ്ടാണ് ഈ ലക്ഷ്യപ്രാപ്തി നേടാന്‍ കഴിഞ്ഞത്. കേരളത്തിലേക്ക് കൂടുതല്‍ വ്യവസായ നിക്ഷേപം ആകര്‍ഷിക്കാനുള്ള നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.