Sections

വില വര്‍ദ്ധനവിനെതിരെ മിന്നല്‍ പരിശോധനകള്‍ ആരംഭിച്ചു

Friday, Nov 04, 2022
Reported By admin
kerala

നാല് അരി മൊത്ത വ്യാപാര സ്ഥാപനങ്ങളിലും വിശദമായ പരിശോധന നടത്തി


വില വര്‍ദ്ധനവിനെതിരെ മിന്നല്‍ പരിശോധനകള്‍ ആരംഭിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍. പൊതുവിപണിയില്‍ വിലവര്‍ദ്ധനവ്, അമിത വില ഈടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലയില്‍ ആരംഭിക്കുന്ന പരിശോധയ്ക്ക് ജില്ലകളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നേരിട്ട് തുടക്കം കുറിച്ചു. കാളാത്തിലെ വ്യാപാര സ്ഥാപനങ്ങളിലാണ് ജില്ല കളക്ടര്‍ മിന്നല്‍ പരിശോധന നടത്തിയത്.

 സംസ്ഥാന ഭക്ഷ്യവകുപ്പ്മന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച രാവിലെ വിലവര്‍ധനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍  യോഗം ചേര്‍ന്നിരുന്നു.   ജില്ലയിലെ പൊതു വിപണിയിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കുന്നതിന് പരിശോധന ശക്തിപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് മന്ത്രി  നിര്‍ദേശം നല്‍കിയിരുന്നു.

പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ്, ലീഗല്‍ മെട്രോളജി, റവന്യൂ, പോലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ്  പരിശോധന നടത്തുക. നിലവില്‍ എല്ലാ താലൂക്കുകളിലും പൊതുവിതരണ വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചു. 

ജില്ലയിലെ മൊത്തവിതരണ വ്യാപാരികളുടെയും കടയുടമകളുടെയും ജില്ലാതല യോഗം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. ഒരു മാസക്കാലേത്തേക്ക് കര്‍ശന പരിശോധന നടത്താനും ആഴ്ചതോറും പൊതുവിപണിയില്‍ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് വിവരങ്ങള്‍ വിലയിരുത്താനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. പരിശോധനയില്‍ കളക്ടറോടൊപ്പം ജില്ല സപ്ലേ ഓഫീസര്‍ ടി.ഗാനാദേവി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ  പരിശോധനയുടെ ഭാഗമായി ചേര്‍ത്തല താലൂക്കിലെ 25 വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി.  വാര്‍ഷിക പുതുക്കല്‍ നടത്താത്ത ഇലക്ട്രോണിക് ബാലന്‍സ് ഉപയോഗിച്ച് കച്ചവടം നടത്തിയ സ്ഥാപനങ്ങള്‍ക്ക് ലീഗല്‍ മെട്രോളജി 2000 രൂപ പിഴ അടക്കാന്‍ നിര്‍ദ്ദേശിച്ചു. നാല് അരി മൊത്ത വ്യാപാര സ്ഥാപനങ്ങളിലും വിശദമായ പരിശോധന നടത്തി.

ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസര്‍ ജയപ്രകാശ്, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ പി. പ്രവീണ്‍, ഇന്‍സ്പെക്ടറി അസിസ്റ്റന്റ് കെ. എസ്. ബേബി, റേഷനിങ് ഇന്‍സ്പെക്ടര്‍മാരയ  പി.യു.നിഷ,  സൗമ്യ സുകുമാരന്‍, കെ.ആര്‍. വിജിലകുമാരി തുടങ്ങിയവരും പരിശോധനകളില്‍  പങ്കെടുത്തു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.