Sections

സുദർശൻ കെമിക്കൽ ഹ്യൂബാച്ച് ഗ്രൂപ്പിനെ ഏറ്റെടുക്കുന്നു

Wednesday, Oct 16, 2024
Reported By Admin
Sudarshan Chemical and Hubergroup merger creating a global pigment company

കൊച്ചി: ജർമനി ആസ്ഥാനമായുള്ള ഹ്യൂബാച്ച് ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറിൽ ഏർപ്പെട്ടതായി സുദർശൻ കെമിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (എസ്സിഐഎൽ) അറിയിച്ചു. എസ്സിഐഎല്ലിൻറെ പ്രവർത്തനങ്ങളും ഹ്യൂബാച്ചിൻറെ സാങ്കേതിക മികവും കൂട്ടിച്ചേർത്ത് ഒരു ആഗോള പിഗ്മെൻറ്- ചായക്കൂട്ട് കമ്പനി സൃഷ്ടിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഏറ്റെടുക്കലിന് ശേഷം ഉയർന്ന നിലവാരമുള്ള ചായക്കൂട്ട് ഉൽപ്പന്നങ്ങളുടെ വിശാലമായ ശ്രേണിയും യൂറോപ്പ്, അമേരിക്ക ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ശക്തമായ സാന്നിധ്യവും ഉറപ്പാക്കും.

ഹ്യൂബാച്ച് ഗ്രൂപ്പിന് 200 വർഷത്തെ പാമ്പര്യമുണ്ട്. 2022ൽ ക്ലാരിയന്റുമായി സംയോജിപ്പിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പിഗ്മെന്റ് പ്ലെയറായി. 2021, 22 സാമ്പത്തിക വർഷങ്ങളിൽ ഒരു ബില്ല്യൺ യൂറോയിലധികമായിരുന്നു ഹ്യൂബാച്ചിൻറെ വരുമാനം. എന്നാൽ വർദ്ധിച്ചുവരുന്ന ചെലവുകൾ, ഇൻവെന്ററി പ്രശ്നങ്ങൾ, ഉയർന്ന പലിശനിരക്ക് എന്നിവ കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സാമ്പത്തിക വെല്ലുവിളികളുണ്ടായി. ഈ വെല്ലുവിളികളെയൊക്കെ വ്യക്തമായ പ്ലാനുകളോടെ പരിഹരിക്കാൻ എസ്സിഐഎല്ലിനാകും. എസ്സിഐഎൽ മാനേജിംഗ് ഡയറക്ടർ രാജേഷ് രതി ഈ പുതിയ കമ്പനിയെ നയിക്കും.

ഹ്യൂബാച്ചിന് കോട്ടിംഗ് ആപ്ലിക്കേഷനുകൾ, പ്ലാസ്റ്റിക്, മഷി, ഓട്ടോമോട്ടീവ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് തുടങ്ങി വിവിധയിനങ്ങളിലായി വലിയൊരു ശതമാനം ഉപഭോക്തൃ അടിത്തറയുണ്ട്. റെഗുലേറ്റർമാരുടെയും എസ്സിഐഎൽ ഷെയർഹോൾഡർമാരുടെയും അംഗീകാരങ്ങൾ ഉൾപ്പെടെയുള്ള ക്ലോസിംഗ് വ്യവസ്ഥകൾക്ക് വിധേയമായി 3-4 മാസത്തിനുള്ളിൽ ഏറ്റെടുക്കൽ നടപടി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

''പ്രധാന ആഗോള വിപണി ലക്ഷ്യമിട്ട് രണ്ട് ബിസിനസുകളെ ഒരുമിച്ച് കൊണ്ടുവരുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് എസ്സിഐഎൽ മാനേജിംഗ് ഡയറക്ടർ രാജേഷ് രതി പറഞ്ഞു. ഫ്രാങ്ക്ഫർട്ടിനെ തന്ത്രപ്രധാനമായ ഒരു ലൊക്കേഷനായി നിലനിർത്തിക്കൊണ്ട് ഒരു യഥാർത്ഥ ആഗോള പിഗ്മെന്റ് കമ്പനി സൃഷ്ടിക്കുന്നതിന് ഇരു കമ്പനികളെയും ശ്രദ്ധാപൂർവ്വം സംയോജിപ്പിക്കും. എസ്സിഐഎൽ അതിന്റെ ചുറുചുറുക്കിനും കാര്യക്ഷമതയ്ക്കും പേരുകേട്ടതാണ്. ഈ പുതിയ തുടക്കം ഏറ്റവും ഉപഭോക്തൃ കേന്ദ്രീകൃതവും ലാഭകരവുമായ പിഗ്മെന്റ് കമ്പനികളിൽ ഒന്നാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

എസ്സിഐഎല്ലുമായി ചേർന്ന് ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നത് വഴി 200 വർഷത്തിലേറെ പഴക്കമുള്ള തങ്ങളുടെ പാരമ്പര്യം വീണ്ടെടുക്കാനാണ് ശ്രമിക്കുന്നതെന്ന് ഹ്യൂബാച്ചിൽ നിന്നുള്ള ബ്രാം ദി ഹോണ്ട് പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതതയുടെയും ഉൽപ്പന്ന മികവിന്റെയും ധാർമ്മികത കെട്ടിപ്പടുക്കുന്നതിലൂടെ ഞങ്ങൾ ഒരുമിച്ച് പിഗ്മെന്റ് വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സുദർശൻ കെമിക്കലിൻറെ നിയമോപദേശകരായി ക്രോഫോർഡ് ബെയ്ലിയും നോയറും പ്രവർത്തിക്കുന്നുണ്ട്. ഡിസി അഡൈ്വസറിയാണ് സാമ്പത്തിക ഉപദേഷ്ടാവ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.