Sections

ആദ്യ ബിസിനസില്‍ നഷ്ടം 55 ലക്ഷം; പക്ഷെ സംരംഭം ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ഇദ്ദേഹത്തിന്റെ വിറ്റുവരവ് ഇന്ന് 100 കോടി രൂപയിലേറെ

Monday, Nov 08, 2021
Reported By Ambu Senan
jumbo king

നിരാശജനകമായ അവസ്ഥയില്‍ ഒരിക്കല്‍ ലണ്ടനിലെ ഒരു യാത്രയാണ് ധീരജിനെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തിയത്

 

കുടുംബം ഹോട്ടല്‍ ബിസിനസ് മേഖലയില്‍ ആയിരുന്നെങ്കിലും ധീരജ് ആദ്യം തുടങ്ങിയത് മധുര പലഹാര ബിസിനസ് ആയിരുന്നു. പലഹാരങ്ങള്‍ കയറ്റുമതി ചെയ്യുകയായിരുന്നു ഉദ്ദേശം. അച്ഛനും ചേട്ടനും ആയിരുന്നു ബിസിനസ് തുടങ്ങാന്‍ പണം നല്‍കിയത്. പക്ഷെ ബിസിനസ് പൊളിഞ്ഞു. 55 ലക്ഷം രൂപയോളം നഷ്ടം. അങ്ങനെ ആ നിരാശജനകമായ അവസ്ഥയില്‍ ഒരിക്കല്‍ ലണ്ടനിലെ ഒരു യാത്രയാണ് ധീരജിനെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തിയത്. അവിടെ കണ്ടൊരു ബിസിനസ് മോഡല്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചു.  ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ചേട്ടന്റെ പക്കല്‍ നിന്നും രണ്ട് ലക്ഷം രൂപ ലോണ്‍ എടുത്ത് ഒരു ബിസിനസ് തുടങ്ങി. ഭക്ഷണ ബിസിനസ് മേഖലയായിരുന്നു അത്. വീഴ്ചയില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ ബിസിനസ് പതിയെ വളര്‍ന്നു. പിന്നീട് പടുത്തുയര്‍ത്തിയത് 100 കോടി രൂപയിലേറെ വിറ്റുവരവുള്ള ഒരു സ്ഥാപനം.

മുംബൈ നഗരം എന്നത് ഒരു അത്ഭുത നഗരമാണെന്നു അവിടെ പോയിട്ടുള്ളവര്‍ക്ക് അറിയാം. മിനിറ്റില്‍ കോടികള്‍ ഉണ്ടാക്കുന്ന ശതകോടീശ്വരന്മാരും അവിടെ ജീവിക്കുന്നു അത് പോലെ തന്നെ ദിവസം 16 മണിക്കൂര്‍ എല്ലുമുറിയെ പണിയെടുത്താല്‍ കൂടി വന്നാല്‍ 200 രൂപ സമ്പാദിക്കുന്ന പാവപ്പെട്ടവനും അവിടെ ജീവിക്കുന്നു. ഏത് നിലയില്‍ ഉള്ളവര്‍ക്കും താങ്ങാന്‍ കഴിയുന്ന നഗരം. അവിടുത്തെ പാവങ്ങളുടെ ഒരു പ്രധാന ഭക്ഷണമാണ് വട പാവ്. നമ്മുടെ ഒക്കെ നാട്ടിലെ പൊറോട്ട ഒക്കെ പോലെ കഴിച്ചാല്‍ പെട്ടന്ന് ദഹിക്കാത്ത, ഒരു 'ഡെപ്പോസിറ്റ്' പോലെ വയറിനുള്ളില്‍ ഏറെ നേരം കിടക്കുന്ന ഒരു ഭക്ഷണമാണ് വട പാവ്. മുംബൈയില്‍ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വട പാവ് എന്നത് വിലയോ തുച്ഛം ഗുണമോ മെച്ചം' എന്നതാണ്. അത് കൊണ്ട് തന്നെ പാവങ്ങളുടെ ബര്‍ഗര്‍ എന്ന് പറയാറുള്ള വട പാവ് വിറ്റു കോടികള്‍ സമ്പാദിച്ചവര്‍ മുംബൈയിലുണ്ട്. 

ധീരജ് ഗുപ്ത എന്ന മഹാരാഷ്ട്രക്കാരനും പടുത്തുയര്‍ത്തി ഈ രംഗത്ത് കോടികളുടെ ബിസിനസ്. മക്‌ഡൊണാള്‍ഡ്‌സും ഡൊമിനോസും പിസഹട്ടും മത്സരിക്കുന്ന വിപണിയില്‍ നിന്ന് വടാ പാവിന് രാജ്യമെമ്പാടും നൂറു കണക്കിന് ഓര്‍ഡറുകള്‍. വട പാവിനെ ബ്രാന്‍ഡ് ചെയ്ത് 'ജംബോ കിങ്' എന്ന പേരില്‍ ധീരജ് അവതരിപ്പിച്ച ഐഡിയ വന്‍ഹിറ്റായി. 

 

തുടക്കം ശുഭകരമല്ലായിരുന്നു 

1998-ല്‍, ധീരജ് ബിസിനസ് മാനേജ്മെന്റ് കോഴ്സ് ഒക്കെ പൂര്‍ത്തിയാക്കിയിരുന്നു, മക്ഡൊണാള്‍ഡും ഡൊമിനോസും ഇന്ത്യയില്‍ ബിസിനസ് തുടങ്ങിയ സമയമായിരുന്നു അത്. വന്‍കിട കമ്പനികളുടെ പ്രവര്‍ത്തനം ഏറെ കൗതുകത്തോടെയാണ് ധീരജ് നോക്കിക്കണ്ടിരുന്നത്. കുടുംബം ഹോട്ടല്‍ ബിസിനസ് മേഖലയില്‍ ആയിരുന്നെങ്കിലും മധുരപലഹാരങ്ങള്‍ക്കായി ഒരു കട തുടങ്ങണം എന്നാണ് ചിന്തിച്ചത്. കയറ്റുമതി തന്നെയായിരുന്നു മനസ്സില്‍. അച്ഛന്റെയും ചേട്ടന്റെയും പക്കല്‍ നിന്ന് പണം വാങ്ങി ബിസിനസ് തുടങ്ങി. പക്ഷെ പരാജയമായിരുന്നു ഫലം. മധുരപലഹാരങ്ങളോടൊന്നും ആളുകള്‍ക്ക് താല്‍പ്പര്യമെന്ന തിരിച്ചറിവാണ് പുതിയ ബിസിനസിലേക്ക് നയിച്ചത്. ഒരിക്കല്‍ ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ ബര്‍ഗര്‍ കിംഗ് സ്റ്റോറില്‍ കഴിക്കാന്‍ പോയ ധീരജ് ആ ഫ്രാഞ്ചൈസി ബിസിനസ് മോഡലും ബര്‍ഗറും ശ്രദ്ധിച്ചു. ഈയൊരു മോഡല്‍ തനതായ രുചിയില്‍ എന്ത് കൊണ്ട് ഇന്ത്യയില്‍ അവതരിപ്പിച്ചുകൂടാ എന്ന് ചിന്തിച്ച ധീരജ് മുംബൈ മലാഡ് റെയില്‍വേ സ്റ്റേഷനില്‍ 'ചാട്ട് ഫാക്ടറി' എന്ന പേരില്‍ 4 ജീവനക്കാരുമായി പലതരം വിഭവങ്ങള്‍ വില്‍ക്കുന്ന ഒരു സ്റ്റാള്‍ ആരംഭിച്ചു. പക്ഷെ 6 മാസത്തോളം വരുമാനം തീരെ കുറവായിരുന്നു. ഈ കാലയളവില്‍ ആളുകള്‍ക്ക് വട പാവിനോടുള്ള ഇഷ്ടം ധീരജ് ശ്രദ്ധിച്ചിരുന്നു. അങ്ങനെ മെനുവിലുള്ള മറ്റെല്ലാം ഒഴിവാക്കി വട പാവില്‍ പുതുമ അവതരിപ്പിക്കാന്‍ ധീരജ് തീരുമാനിച്ചു. അങ്ങനെ  150-200 ചതുരശ്രയടി കടയ്ക്ക് ഒരു പേരുമിട്ടു. ജംബോ കിങ്. പേരിന് പ്രചോദനം ബര്‍ഗര്‍ കിംഗ് തന്നെ.

                                            

പണം കൊണ്ടുവന്ന വടാ പാവ്

ബര്‍ഗറിന് ചെലവേറാന്‍ ഇടയാക്കുന്ന വിഭവങ്ങള്‍ ഒഴിവാക്കി തദ്ദേശീയമായി ബര്‍ഗറായിരുന്നു ജംബോ കിങ്ങിലെ വട പാവ്. സാധാരണ വടാ പാവുകളേക്കാള്‍ 20 ശതമാനം വലുപ്പ കൂടുതലോടെയാണ് പുതിയ വട പാവ് അവതരിപ്പിച്ചത്. ഇതും ഉപഭോക്താക്കളില്‍ കൗതുകമുണര്‍ത്തി. എന്തായാലും വട പാവ് ക്ലിക്കായി.

                                                                      

 

ഇന്ന് രാജ്യമെമ്പാടും 114 ഔട്ട്‌ലെറ്റുകള്‍

ആദ്യ ജംബോ കിങ് ഔട്ട്‌ലെറ്റുകള്‍ തന്നെ വിജയമായതാണ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകളെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. മുംബൈ, പൂനൈ, താനെ തുടങ്ങിയ ഇടങ്ങളില്‍ എല്ലാം ഇന്ന് ജംബോ കിങ്ങിന്റെ സാന്നിധ്യമുണ്ട്. ആദ്യ കാലങ്ങളില്‍ 10 മുതല്‍ 12 ലക്ഷം വരെയായിരുന്നു ഒരു ജംബോ കിംഗ് ഔട്ട്‌ലെറ്റ് തുടങ്ങാനുണ്ടായിരുന്ന ചെലവ്. ഇന്നത് 20 മുതല്‍ 25 ലക്ഷം വരെയായി. 2022 മാര്‍ച്ചോടെ 180 ഔട്ട്‌ലെറ്റുകള്‍ തുറക്കുകയാണ് ലക്ഷ്യം. രാജ്യമെമ്പാടും ഔട്ട്‌ലെറ്റുകള്‍ തുറക്കും. പഴയ വട പാവ് മാത്രമല്ല പലതരം ബര്‍ഗര്‍ വില്‍പ്പനയുമുണ്ട്. പുതിയ പുതിയ രുചി വൈവിധ്യങ്ങള്‍. ജംബോ കിങ് ബര്‍ഗര്‍ കഴിക്കാന്‍ വേണ്ടി മാത്രമായും ഇപ്പോള്‍ ആളുകള്‍ എത്താറുണ്ട്.

                                                               

ഈ വട പാവ് കേരളത്തില്‍ വിജയിക്കുമോ?

വട പാവ് കേരളത്തില്‍ വിജയിക്കുമോ? ഇന്ന് ഒരു സാധാരണ ബര്‍ഗര്‍ തന്നെ നമ്മുടെ നാട്ടില്‍ മേടിക്കണമെങ്കില്‍ കുറഞ്ഞത് 100 രൂപ എങ്കിലും വേണം. അതേ രുചിയില്‍ അതിനെക്കഴിഞ്ഞും വലുപ്പമുള്ള ബര്‍ഗര്‍ 40 അല്ലെങ്കില്‍ 60 രൂപയ്ക്ക് കൊടുക്കാന്‍ കഴിഞ്ഞാല്‍ അതിന് ഇവിടെ വിപണി ലഭിക്കും. ജംബോ കിംഗ് ഫ്രാഞ്ചൈസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും അന്വേഷിക്കാനും താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

https://www.jumboking.co.in/apply-for-franchise


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.