- Trending Now:
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് കര്‍ഷകര്‍ക്ക് വലിയ തോതില്‍ സാമ്പത്തിക ഗ്രാന്റുകള്‍ നല്‍കുന്നു. ഈ സ്‌കീമിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാം.
കൃഷിയുമായി ബന്ധപ്പെട്ട ജോലികളില്‍ കര്‍ഷകരുടെ ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി കാര്‍ഷിക പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ചെലവും അതിന്റെ ഭാരവും കര്‍ഷകരുടെ മേല്‍ വരാതിരിക്കാനും കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കാനും സര്‍ക്കാര്‍ നല്‍കുന്ന ഇത്തരം ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടും.
കര്‍ഷകരുടെ പണം ലാഭിക്കുന്ന ഈ പദ്ധതികളില്‍ പ്രധാനമന്ത്രി കുസുമം യോജന ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് കീഴില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് കര്‍ഷകര്‍ക്ക് വലിയ തോതില്‍ സാമ്പത്തിക ഗ്രാന്റുകള്‍ നല്‍കുന്നു. ഈ സ്‌കീമിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാം.
കര്‍ഷകര്‍ക്ക് കൃഷിക്കാവശ്യമായ ജലത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ്, 2019ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി കുസും യോജനയ്ക്ക് തുടക്കം കുറിച്ചത്. കര്‍ഷകര്‍ക്ക് ജലസേചനത്തിനായി സോളാര്‍ പമ്പുകളുടെ ലഭ്യത ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സൗരോര്‍ജ്ജം ഉപയോഗിച്ച് തരിശായി കിടക്കുന്ന ഭൂമിയില്‍ ജലസേചനം നടത്താന്‍ രാജ്യത്തെ 20 ലക്ഷത്തോളം കര്‍ഷകരെ പ്രധാനമന്ത്രി കുസും യോജന സഹായിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സോളാര്‍ പവര്‍, സോളാര്‍ പമ്പ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പദ്ധതിയുടെ കീഴില്‍ കര്‍ഷകര്‍ക്ക് 30 ശതമാനം നിരക്കില്‍ സബ്സിഡി നല്‍കുന്നു. ഇതോടെ കര്‍ഷകന് 40 ശതമാനം മാത്രം നല്‍കി സോളാര്‍ പമ്പ് യൂണിറ്റ് സ്ഥാപിക്കാനാകും. കര്‍ഷകര്‍ക്ക് അവരുടെ 40 ശതമാനം ചെലവ് കുറയ്ക്കണമെങ്കില്‍ നബാര്‍ഡില്‍ നിന്നും ബാങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 30 ശതമാനം തുകയ്ക്ക് വായ്പയെടുക്കാം. സര്‍ക്കാരില്‍ നിന്നും നബാര്‍ഡില്‍ നിന്നുമുള്ള ഗ്രാന്റിന് ശേഷം കര്‍ഷകന്‍ പണത്തിന്റെ 10 ശതമാനം മാത്രമേ നല്‍കേണ്ടതുള്ളൂ.
കര്‍ഷകര്‍ക്ക് ആവശ്യമെങ്കില്‍, സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ലാഭിക്കാം. ഇത് തങ്ങളുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യാം. ഇത് കര്‍ഷകര്‍ക്ക് അധിക വരുമാനം നല്‍കും. ഇത്തരത്തില്‍ സോളാര്‍ പമ്പുകള്‍ ഫിറ്റ് ചെയ്യുന്നത് അടുത്ത 25 വര്‍ഷത്തേക്ക് കര്‍ഷകര്‍ക്ക് ഗുണകരമാകും. ഇവയുടെ പരിപാലനം വളരെ എളുപ്പമാണെന്നതും, ഇവ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുമെന്നതും മറ്റൊരു നേട്ടമാണ്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
ഇന്ത്യയിലെ ചെറുതും വലുതുമായ എല്ലാ കര്‍ഷകര്‍ക്കും ചെലവ് കുറയ്ക്കാന്‍ പ്രധാനമന്ത്രി കുസും യോജന പ്രയോജനപ്പെടുത്താം. എന്നാല്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള യോഗ്യത കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി കുസും യോജനയുടെ അപേക്ഷകനായ കര്‍ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം എന്നത് നിര്‍ബന്ധമാണ്. അംഗമാകുന്നതിന് ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കിയിരിക്കണം എന്നതും ആവശ്യമാണ്.
ഈ സ്‌കീമിന് കീഴില്‍, സോളാര്‍ പവര്‍ പ്ലാന്റിനായി 0.5 മെഗാവാട്ട് മുതല്‍ 2 മെഗാവാട്ട് വരെ ശേഷിയുള്ള ഒരു പ്ലാന്റ് വാങ്ങുന്നതിന് അപേക്ഷിക്കാം.
കര്‍ഷകര്‍ക്ക് വേണമെങ്കില്‍, അവരുടെ ആവശ്യത്തിന് അനുസരിച്ചോ വിതരണ കോര്‍പ്പറേഷന്‍ വിജ്ഞാപനം ചെയ്യുന്ന ശേഷിയുടെ അടിസ്ഥാനത്തിലോ അപേക്ഷിക്കാം.
അപേക്ഷകനായ കര്‍ഷകന്‍ ഡവലപ്പര്‍ മുഖേന ഒരു വലിയ യൂണിറ്റ് സോളാര്‍ പമ്പിന് അപേക്ഷിക്കുകയാണെങ്കില്‍, ഡെവലപ്പര്‍ക്ക് ഒരു മെഗാവാട്ടിന് ഒരു കോടി രൂപ വാര്‍ഷിക വരുമാനം ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്.
പ്രധാനമന്ത്രി കുസും യോജനയുടെ പ്രയോജനം ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് അവരുടെ അടുത്തുള്ള കൃഷി വകുപ്പ് ഓഫീസുമായി ബന്ധപ്പെടാം. അതുമല്ലെങ്കില്‍ https://MNRE.GOV.IN/ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അപേക്ഷിക്കാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.