- Trending Now:
കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ കീഴിലാണ് സബ്‌സിഡി അനുവദിക്കുന്നത്
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലൂടെ കൃഷിയിടങ്ങളില്‍ ഡ്രിപ്പ്, സ്പ്രിംഗ്ലര്‍ സൂക്ഷ്മ ജലസേചന മാര്‍ഗങ്ങള്‍ സബ്‌സിഡിയോടെ നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ കീഴിലാണ് സബ്‌സിഡി അനുവദിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി- Pradhan Mantri Krishi Sinchayee Yojana (PMKSY)യും കൃഷി വകുപ്പും ചേര്‍ന്ന് നടത്തുന്ന പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് സബ്സിഡിയോടു കൂടി സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്നതിന് സഹായം ലഭിക്കും.
മാര്‍ച്ച് 5നാണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. മാര്‍ച്ച് 20നുള്ളില്‍ പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത നിരക്കിന്റെ 70 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമുകള്‍ക്കും അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
എന്താണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി അഥവാ പി.എം.കെ.എസ്.വൈ
കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ സംസ്ഥാനത്ത് 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളില്‍ ഗ്രാമവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടി (ഐ.ഡബ്ല്യു.എം.പി) നടപ്പിലാക്കി വരികയാണ്. മണ്ണും ജലവും ജൈവസമ്പത്തും തമ്മിലുള്ള സ്വാഭാവിക ജൈവബന്ധം നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ക്രമാനുഗതമായും ശാസ്ത്രീയമായും നടപ്പിലാക്കുകയും മണ്ണിലെ ജൈവസന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സവിശേഷതകള്‍
മണ്ണും ജലവും ജൈവസമ്പത്തും തമ്മിലുണ്ടാകേണ്ട സ്വാഭാവിക ജൈവബന്ധം പുനഃസ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
പ്രകൃതിവിഭവങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുക, മഴവെള്ളം പരമാവധി സംഭരിച്ച് ഭൂഗര്‍ഭത്തിലേക്ക് റീചാര്‍ജ്ജ് ചെയ്ത് ജലവിതാനം ഉയര്‍ത്തുക എന്നിവയും പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നു.
ജൈവസമ്പത്തിന്റെ ശോഷണം തടയുകയും പരിസ്ഥിതി പുനഃസ്ഥാപനം സാധ്യമാക്കുകയും ചെയ്യുക, ശാസ്ത്രീയമായ മണ്ണ്-ജല സംരക്ഷണ മാര്‍ഗങ്ങളിലൂടെ കാര്‍ഷിക-അനുബന്ധ മേഖലകളില്‍ ഉല്പാദന ക്ഷമത വര്‍ധിപ്പിക്കുക എന്നിവയാണ് PMKSYയുടെ മറ്റ് പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍.
2009-10ല്‍ പദ്ധതികള്‍ അനുവദിക്കപ്പെട്ടുവെങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2010-11 മുതലാണ്.
2014-15 വരെ സംസ്ഥാനത്ത് 83 പദ്ധതികളിലായി 422987 ഹെക്ടര്‍ പ്രദേശം നീര്‍ത്തട വികസനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൊത്തം 58161.97 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ അനുവദിക്കപ്പെട്ടത്.
പദ്ധതി നിര്‍വഹണ ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ ബ്ലോക്ക് പഞ്ചായത്തുകളെയാണ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി നിര്‍വഹണത്തിന് ബ്ലോക്ക് പഞ്ചായത്തുകളെ സഹായിക്കുന്നതിനായി സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി വാര്‍ട്ടര്‍ഷെഡ് ഡവലപ്‌മെന്റ്് ടീം രൂപീകരിച്ചിട്ടുണ്ട്.
2015-16 സാമ്പത്തിക വര്‍ഷം മുതല്‍ ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ നീര്‍ത്തട ഘടകം എന്ന നിലയിലാണ് നടപ്പിലാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.