Sections

അപ്പോളോ ആഡ്‌ലക്‌സ് ആശുപത്രിയിൽ സ്‌ട്രോക് സപ്പോർട്ട് പ്രോഗ്രാം ആരംഭിച്ചു

Tuesday, Nov 07, 2023
Reported By Admin
Stroke Support Program

അങ്കമാലി: സ്ട്രോക് ബാധിതരായ രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവശ്യ സഹായം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് അപ്പോളോ ആഡ്ലക്സ് ആശുപത്രിയിൽ സ്ട്രോക് സപ്പോർട്ട് പ്രോഗ്രാം ആരംഭിച്ചു. രോഗം ഭേദമാക്കുന്നതിനും തുടർന്നുള്ള പുനരധിവാസത്തിനും ആവശ്യമായ സഹായമാണ് പ്രോഗ്രാമിലൂടെ ലഭ്യമാക്കുക. ആശുപത്രിയിൽ നടന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എംപി പ്രോഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ഇന്ത്യയിൽ പ്രതിവർഷം 18 ലക്ഷം സ്ട്രോക് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, അപ്പോളോ ആഡ്ലക്സ് ഹോസ്പിറ്റൽ പോലുള്ള സ്ഥാപനങ്ങൾ ബോധവൽക്കരണത്തിലും പക്ഷാഘാതം അനുഭവിക്കുന്നവരെ പിന്തുണയ്ക്കേണ്ടതും പ്രധാനമാണ്. ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികളെ അഭിനന്ദിക്കുന്നുവെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. രോഗികളോടും സമൂഹത്തോടുമുള്ള അവരുടെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നു. ഈ സ്ട്രോക് സപ്പോർട്ട് പ്രോഗ്രാം സ്ട്രോക്ക് രോഗികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗികൾക്ക് അത്യാധുനികവും അനുകമ്പയാർന്നതുമായ പരിചരണം നൽകുന്നതിൽ പ്രതിബദ്ധതയുള്ളതാണ് അപ്പോളോ ആഡ്ലക്സ് ആശുപത്രിയിലെ സെന്റർ ഫോർ എക്സലൻസ് ഫോർ ന്യൂറോസയൻസസ് എന്ന് സിഇഒ സുദർശൻ ബി പറഞ്ഞു. മൂന്ന് മാസത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന നൂതനമായ ആരോഗ്യപരിചരണ ഉദ്യമമായ സ്ട്രോക് സപ്പോർട്ട് പ്രോഗ്രാമിലൂടെ രോഗികൾക്ക് ഒരു കൂട്ടം അവശ്യ സേവനങ്ങൾ സൗജന്യമായി ലഭിയമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചികിത്സാഫല നിർണയം, ഫിസിയോതെറാപ്പി സെഷനുകൾ, സ്പീച്ച് തെറാപ്പി സെഷനുകൾ, വിദഗ്ധ ഡോക്ടറമാരുടെ കൺസൾട്ടേഷൻ തുടങ്ങിയ സേവനങ്ങളാണ് പ്രോഗ്രാമിലൂടെ തികച്ചും സൗജന്യമായി ലഭ്യമാക്കുക. ഇതിന് പുറമേ സ്ട്രോക് സംബന്ധിയായ സംശയ നിവാരണങ്ങൾക്ക് മാത്രമായി 98957 09301 എന്ന മൊബൈൽ നമ്പറും പ്രോഗ്രാമിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ടെന്നും സിഇഒ പറഞ്ഞു.


അപ്പോളോ ആഡ്ലക്സ് ആശുപത്രിയിൽ സ്ട്രോക് സപ്പോർട്ട് പ്രോഗ്രാം ചാലക്കുടി എംപി ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്യുന്നു. മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. രമേശ് കുമാർ ആർ, ആശുപത്രി സിഇഒ സുദർശൻ ബി, ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോയ് എം.എ, ഇന്റർവെൻഷണൽ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബോബി വർക്കി മാരാമറ്റം, ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബി പാർത്ഥസാരഥി, ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അരുൺ ഗ്രേസ് റോയ് എന്നിവർ സമീപം (ഇടത് നിന്നും വലത്)

സ്ട്രോക്കിനെ അതിജീവിച്ചവരുടെ മുന്നോട്ടുള്ള ജീവിത നിലവാരം ഉയർത്തുന്നതിലേക്കുള്ള നിർണായക കാൽവെപ്പാണ് ഈ പ്രോഗ്രാമെന്ന് ഡോ. ജോയ് എം.എ വ്യക്തമാക്കി. സ്ട്രോക് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ശക്തമായ പിൻബലം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ പ്രോഗ്രാം വ്യക്തമാക്കുന്നു. രോഗിമുക്തിയിലേക്കുള്ള ഒരു രോഗിയുടെ യാത്രയിൽ അവരോടൊപ്പം നിൽക്കുകയെന്നതിൽ അപ്പോളോ ആഡ്ലക്സ് ആശുപത്രി പ്രതിബദ്ധമാണെന്നും ഡോ. ജോയ് പറഞ്ഞു. വിവിധ തരം സ്ട്രോക്കുകളുടെ ചികിത്സയിൽ മികച്ച ഫലം ലഭിക്കാൻ ആവശ്യമായ മെക്കാനിക്കൽ ത്രോംബെക്ടമി പോലുള്ള അത്യാധുനിക പ്രക്രിയകൾ ഉൾപ്പെടെ സമഗ്ര പരിചരണം നൽകാൻ അപ്പോളോ ആഡ്ലക്സ് ആശുപത്രി സർവസജ്ജമാണെന്ന് ഡോ. ബോബി വർക്കി മാരാമറ്റം പറഞ്ഞു.

സ്ട്രോക്, അപസ്മാരം, പാർക്കിൻസൺസ് ഡിസീസ്, മൾട്ടിപ്പിൾ സ്ലിറോസിസ്, തലവേദനകൾ, ന്യൂറോമസ്കുലർ രോഗങ്ങൾ, പെരിഫെറൽ നേർവ് ട്യൂമറുകൾ, പക്ഷാഘാതം, ഉറക്കമില്ലായ്മ, സംസാര വൈകല്യം തുടങ്ങി ന്യൂറോളജി സംബന്ധിയായ വിവിധ അവസ്ഥകൾ നിർണയിക്കുന്നതിലും ഫലപ്രദമായ ചികിത്സ നൽകുന്നതിലും വൈദഗ്ധ്യം നേടിയിട്ടുള്ള ന്യൂറോളജിസ്റ്റുകളുടെ സേവനം അപ്പോളോ ആഡ്ലക്സ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിൽ ലഭ്യമാണ്. ഇന്റർവെൻഷണൽ ന്യൂറോളജി മുതൽ സ്ട്രോക് മാനേജ്മെന്റ്, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ സേവനങ്ങൾ ഇവിടെലഭ്യമാണ്.

ആശുപത്രി സിഇഒ സുദർശൻ ബി, മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. രമേശ് കുമാർ ആർ, ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ജോയ് എം.എ, ഡോ. അരുൺ ഗ്രേസ് റോയ്, ന്യൂറോളജി, ഇന്റർവെൻഷണൽ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബോബി വർക്കി മാരാമറ്റം, ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബി പാർത്ഥസാരഥി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.