Sections

പരാതികൾക്ക് അധിക ഫീസിടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും

Tuesday, May 09, 2023
Reported By admin
kerala

അപേക്ഷകൾക്ക് 30 ദിവസം കഴിഞ്ഞ് മറുപടി നൽകിയാൽ മതിയെന്ന ഉദ്യോഗസ്ഥരുടെ ധാരണ തെറ്റാണ്


വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് മറുപടി നൽകാൻ അധിക ഫീസിടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ എ ഹക്കീം. വിവരാവകാശ നിയമത്തിൽ നിഷ്‌കർഷിക്കുന്ന ഫീസിന് പുറമെ മറ്റേതെങ്കിലും പ്രത്യേക നിയമപ്രകാരം ഫീസ് നൽകേണ്ടതില്ല. ഏതെങ്കിലും ഉദ്യോഗസ്ഥർ അത്തരത്തിൽ അധിക ഫീസ് ഈടാക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിവരാവകാശ കമ്മീഷണറിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഹിയറിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുബോധന ഓഫീസറോ ഒന്നാം അപ്പീൽ അധികാരിയോ അപേക്ഷകരെ ഹിയറിങ്ങിന് വിളിക്കാൻ പാടുള്ളതല്ല. അപേക്ഷകരെ വിളിച്ച് വിചാരണ നടത്തുന്ന ഓഫീസർമാർക്കെതിരെ കമ്മീഷൻ നടപടി സ്വീകരിക്കും. അപ്പീൽ അധികാരിക്ക് അപേക്ഷയിലുള്ള കാര്യങ്ങൾ അറിയാൻ കീഴ് ഉദ്യോഗസ്ഥരെ സമീപിക്കാനുള്ള അനുമതി മാത്രമേയുള്ളൂ. വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് 30 ദിവസം കഴിഞ്ഞ് മറുപടി നൽകിയാൽ മതിയെന്ന ഉദ്യോഗസ്ഥരുടെ ധാരണ തെറ്റാണ്. അപേക്ഷ ലഭിച്ചാൽ അടിയന്തരമായി മറുപടി നൽകണം. എന്തെങ്കിലും തടസം നേരിടുന്ന സാഹചര്യത്തിൽ മാത്രമേ മറുപടി 30 ദിവസം വരെ വൈകാൻ പാടുള്ളൂ. അപേക്ഷകന്റെ ജീവനും സ്വാതന്ത്ര്യത്തിനും തടസമുണ്ടെന്ന രീതിയിലുള്ള അപേക്ഷകൾക്ക് 48 മണിക്കൂറിനകം മറുപടി നൽകേണ്ടതാണെന്നും വിവരാവകാശ കമ്മീഷൻ വ്യക്തമാക്കി.

മലപ്പുറം താനൂർ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ചതിനുശേഷമാണ് ഹിയറിങ് ആരംഭിച്ചത്. ഹിയറിങ്ങിന് ഹാജരാകാത്ത കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ചവറ കെ എം എം എൽ ജനറൽ മാനേജർ എന്നിവർ മെയ് 11ന് വിവരാവകാശ കമ്മീഷൻ ആസ്ഥാനത്ത് നേരിട്ട് ഹാജരാകാൻ നിർദേശിച്ചു. അനുമതിയില്ലാതെ ഹാജരാകാതിരുന്ന ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കമ്മീഷൻ സമൻസ് അയക്കും. കൊട്ടിയം സ്വദേശിനി റെജുല ബീഗത്തിന്റെ വസ്തു സംബന്ധിച്ച അപേക്ഷയിൽ തഴുത്തല വില്ലേജ് ഓഫീസിലെ ബേസിക് ടാക്സ് രജിസ്റ്ററും, തണ്ടപ്പേര് രജിസ്റ്ററും, 1997ന് മുമ്പുള്ള അടിസ്ഥാന രേഖകളും പരിശോധിച്ച് തെളിവെടുപ്പ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ സർവേ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. വെളിയം ടി വി ടി എം ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റർ നിയമനത്തിൽ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന് വീഴ്ച പറ്റിയിട്ടുള്ളതായി കമ്മീഷൻ കണ്ടെത്തി.

ഇത് സംബന്ധിച്ച് സീനിയർ അധ്യാപകരുടെ പരാതികളും ഹൈക്കോടതി നിർദേശവും പാലിച്ച് ആവശ്യമായ തിരുത്തലുകൾ നടത്തി കമ്മീഷന് റിപ്പോർട്ട് നൽകാനും കൊട്ടാരക്കര കിഴക്കേക്കരയിൽ ഒരു സ്‌കൂളിലെ വിദ്യാർഥികളുടെ ശൗചാലയവും ശുചീകരണവും സംബന്ധിച്ച പരാതിയിന്മേൽ 15 ദിവസത്തിനകം കൃത്യമായ വിവരം ലഭ്യമാക്കാനും കമ്മീഷൻ നിർദേശിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 17 പരാതികളാണ് പരിഗണിച്ചത്. 13 പരാതികൾ തീർപ്പാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.