Sections

ലൈസൻസ് ഇല്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

Tuesday, Oct 11, 2022
Reported By admin
food license

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ് നേടി

 

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യ സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ല. ഇതനുസരിച്ച് സംസ്ഥാനത്തെ മുഴുവൻ ഭക്ഷ്യ സ്ഥാപനങ്ങൾക്കും ലൈസൻസോ രജിസ്ട്രേഷനോ ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

സെപ്റ്റംബർ മാസം 26 മുതൽ നടന്ന പരിശോധനയിൽ 5764 സ്ഥാപനങ്ങൾ പരിശോധിച്ചു. 406 സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തി. ഈ സ്ഥാപനങ്ങൾ സ്വമേധയാ തന്നെ നിർത്തിവച്ചു. ഇതുൾപ്പെടെ 564 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് നോട്ടീസ് നൽകി. ഭക്ഷ്യ വസ്തുക്കളുടെ 70 സാമ്പിളുകൾ ശേഖരിച്ച് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഉടൻ തന്നെ ലൈസൻസോ രജിസ്ട്രേഷനോ നേടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിൻ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകൾ ശക്തമാക്കി. ഷവർമ്മ നിർമ്മാണത്തിന് മാർഗനിർദേശം പുറത്തിറക്കി. ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മികച്ച പ്രവർത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കോർഡ് നേടി. ഈ വർഷം ഏപ്രിൽ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ 9.62 കോടി രൂപയാണ് നികുതിയിതര വരുമാനമായി ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചത്. മികച്ച പ്രവർത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ സംസ്ഥാനത്തെ നാല് നഗരങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.