- Trending Now:
ചേരികളിൽ വളർന്ന് പിന്നീട് കോടീശ്വരന്മാരാകുന്ന വ്യക്തികളെ നമ്മൾ സിനിമകളിൽ മാത്രമാണ് കണ്ടിരിക്കുന്നത്, എന്നാൽ അങ്ങനെയുള്ള ഒരു വനിതാ സംരംഭകയെ കുറിച്ചാണ് ഇന്നിവിടെ പരാമർശിക്കുന്നത്, 'സ്ലംഡോഗ് മില്യണേർ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൽപ്പന സരോജ്.
നിശ്ചയദാർഢ്യം കൊണ്ട് ജീവിതം തിരിച്ചുപിടിച്ച ഒരു വനിതയാണ് കൽപ്പന സരോജ്. സ്ത്രീ എന്നാൽ പരിമിതിക്കുള്ളിൽ നിൽക്കേണ്ടവളല്ല നമ്മൾ മനസ്സുവെച്ചാൽ എന്തും സാധിക്കുമെന്ന് തന്റെ ജീവിതം കൊണ്ട് കാട്ടിത്തരുന്നു കൽപ്പന സരോജ് .
1961ൽ ഇന്ത്യയിലെ മഹാരാഷ്ട്രയിലെ അകോലയിലെ റോപ്പർ ഖേടാ ഗ്രാമത്തിലാണ് കൽപ്പന ജനിച്ചത് . ഒരു മറാത്തി ബുദ്ധമത കുടുംബത്തിലെ അംഗമാണ് അവർ. പണ്ടുകാലങ്ങളിലെ ശൈശവ വിവാഹ പ്രകാരം പന്ത്രണ്ടാം വയസ്സിൽ വിവാഹം കഴിക്കേണ്ടി വന്നു കൽപ്പനയ്ക്ക് . അവർ ഭർത്താവിനൊപ്പം മുംബൈയിലെ ഒരു ചേരിയിൽ ആയിരുന്നു താമസം. ഭർത്താവിന്റെയും വീട്ടുകാരുടെയും ശാരീരിക ഉപദ്രവങ്ങൾ കാരണം കൽപ്പനയെ പിതാവ് അവിടെ നിന്നും രക്ഷപ്പെടുത്തി കൂടെ കൊണ്ടുപോയി. ഭർത്താവിനെ ഉപേക്ഷിച്ച് അവർ മാതാപിതാക്കളോടൊപ്പം ഗ്രാമത്തിൽ താമസിക്കാൻ തുടങ്ങി. പക്ഷേ ഗ്രാമവാസികൾ കൽപ്പനയെ ഉൾക്കൊള്ളാൻ തയ്യാറല്ലായിരുന്നു. അതിൽ മനംനൊന്ത കൽപ്പന ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിൽനിന്നും രക്ഷപ്പെട്ട കല്പന അമ്മാവനോടൊപ്പം മുംബൈയിൽ താമസം തുടങ്ങി.
കുടുംബം പോറ്റാൻ അവൾ ഒരു ഗാർമെന്റ് ഫാക്ടറിയിൽ ജോലി ചെയ്യാൻ തുടങ്ങി. പട്ടികജാതിക്കാർക്കുള്ള സർക്കാർ വായ്പ ഉപയോഗിച്ച് കൽപ്പന ഒരു തയ്യൽ ബിസിനസ് ആരംഭിച്ചു. അതിന്റെ വിജയത്തിനുശേഷം ഒരു ഫർണിച്ചർ സ്റ്റോറും അവർ ഏറ്റെടുത്തു വിജയകരമായി പ്രവർത്തനമാരംഭിച്ചു.
1980ൽ 22 വയസ്സിൽ അവർ വീണ്ടും സമീർ സരോജ് എന്ന ആളെ വിവാഹം ചെയ്തു. കൽപ്പന സരോജിന്റെ ആദ്യസിനിമ കെഎസ് ഫിലിം പ്രൊഡക്ഷൻ ആരംഭിച്ചു അത് അവരുടെ യാത്രയ്ക്ക് പുതിയ വഴിത്തിരിവായി ഇംഗ്ലീഷ് തെലുങ്ക് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലേക്കാണ് ചിത്രം ഡബ് ചെയ്തത്.
2001ൽ നഷ്ടത്തിലായ കമ്പനിയെ രക്ഷിക്കണമെന്ന് അപേക്ഷയുമായി കാമാനി ട്യൂബ്സിന്റെ തൊഴിലാളി യൂണിയൻ കൽപ്പനയെ സമീപിച്ചു. ആദ്യം അവർ അത് ഏറ്റെടുക്കാൻ മടിച്ചുവെങ്കിലും പിന്നീട് 3500 ഓളം തൊഴിലാളികളുടെ അവസ്ഥ ഓർത്ത് കല്പന കമ്പനിയെ ഏറ്റെടുക്കുക എന്ന വെല്ലുവിളി ഏറ്റെടുത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ കഠിനാധ്വാനം കൊണ്ട് നഷ്ടത്തിലായ കമാനി കമ്പനിയെ വിജയകരമായി ലാഭത്തിലേക്ക് കൊണ്ടുപോകാൻ അവർക്ക് സാധിച്ചു.
2006ൽ വനിതാ സംരംഭകർക്കുള്ള ഒമ്പതാമത് രാജീവ് ഗാന്ധി അവാർഡും, 2013ൽ വ്യാപാര വ്യവസായത്തിന് നല്കിയ സംഭാവനകൾ പരിഗണിച്ച് പത്മശ്രീയും ലഭിച്ചു.സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ തത്പരയായിരുന്ന അവർ കൽപ്പന സരോജ് ഫൗണ്ടേഷൻ സ്ഥാപിച്ചു.
സ്ത്രീകൾക്ക് എങ്ങനെ അനായാസം ബിസിനസ് ആരംഭിക്കാനും വളർത്താനും കഴിയും എന്നതിനെ കുറിച്ച് രാജ്യത്ത് ഉടനീളം കോൺഫറൻസുകളിലും വർക്ക് ഷോപ്പുകളിലും അവർ സംസാരിക്കുന്നു.
കൽപന സരോജിന്റെ ജീവിതത്തിൽ നിന്നും നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും ഉണ്ടെങ്കിൽ മാത്രമേ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകൂ എന്ന് തെളിയിച്ചിട്ടുണ്ട്. തന്നെപ്പോലെയാകാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് പെൺകുട്ടികൾക്ക് കൽപന സരോജ് ഒരുപ്രചോദനമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.