- Trending Now:
വിവിധ വിഭാഗങ്ങളിലുള്ളവരുടെ ആവശ്യങ്ങൾക്കും അഭിരുചികൾക്കുമനുസരിച്ച് തനിമയുള്ള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ ഖാദിക്ക് കഴിയുന്നതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഓണം ഖാദി മേള 2023 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരമുള്ള ഖാദി ഉൽപ്പന്നങ്ങൾ 30% ഗവൺമെന്റ് റിബേറ്റിലാണ് വിൽക്കുന്നത്. ലോൺട്രി, ഡിസൈനേഴ്സ് അടക്കമുള്ള സൗകര്യങ്ങൾ ഖാദി ഗ്രാമ വ്യവസായ ബോർഡിനുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരെന്ന പോലെ ഡോക്ടർമാർ, നഴ്സസ് തുടങ്ങിയ വിവിധ വിഭാഗങ്ങൾ ഖാദി വസ്ത്രത്തിലേക്ക് മാറുന്നുണ്ട്. ഗ്രാമീണ വ്യവസായ മേഖലയിൽ നന്നായി ഇടപെടുവാനും തൊഴിലാളികളുട സാമ്പത്തിക, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുവാനും ബോർഡിന് കഴിയുന്നുണ്ട്. ഓൺലൈൻ മാർക്കറ്റിംഗ് സംവിധാനം ആരംഭിക്കുന്നതോടെ ലോകത്തിലെല്ലായിടത്തും എത്തിച്ചേരുന്ന രീതിയിലേക്ക് ഖാദി ഉൽപ്പന്നങ്ങൾ മാറുമെന്നും മന്ത്രി പറഞ്ഞു. കേരള ഖാദി സ്പൈസസിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഓണം മേളയുടെ ആദ്യ വിൽപ്പനയും സമ്മാന കൂപ്പൺ വിതരണവും ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവഹിച്ചു.
നവീനമായ ഉൽപ്പന്നങ്ങളിലൂടെ പുതുതലമുറയിലേക്കും ഖാദി എത്തിയതായി അദ്ധ്യക്ഷ പ്രസംഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിലൂടെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലേക്ക് ബോർഡിനും തൊഴിൽ മേഖലയിലുള്ളവർക്കും എത്താൻ കഴിയുന്നതായും മന്ത്രി പറഞ്ഞു.
ഖാദി ബോർഡ് സെക്രട്ടറി ഡോ.കെ എ രതീഷ് സ്വാഗതമാശംസിച്ച ചടങ്ങിൽ കോർപ്പറേഷൻ, നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ഖാദി കമ്മീഷൻ സ്റ്റേറ്റ് ഡയറക്ടർ സി ജി ആണ്ടവർ, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ സോണി കോമത്ത് , ബോർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. ഖാദി ബോർഡ് മാർക്കറ്റിംഗ് ഡയറക്ടർ സി സുധാകരൻ നന്ദി അറിയിച്ചു.
ഓഗസ്റ്റ് 19 മുതൽ 28 വരെ അയ്യങ്കാളി ഹാളിലാണ് ഓണം ഖാദി മേള നടക്കുന്നത്. മേളകളോടനുബന്ധിച്ച് ഓരോ ആയിരം രൂപയുടെയും ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന സമ്മാനക്കൂപ്പൺ വഴി ഒന്നാം സമ്മാനമായി റ്റാറ്റാ ടിയാഗോ ഇലക്ട്രിക് കാറും, രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്കൂട്ടറും, മൂന്നാം സമ്മാനമായി ജില്ലകൾ തോറും ഓരോ പവനും, ആഴ്ചതോറുമുള്ള നറുക്കെടുപ്പിൽ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നൽകും. സർക്കാർ അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.
മില്ലേനി, സമ്മർ, ലീഡർ, റോയൽ ഇൻഡ്യ എന്നീ റെഡിമെയ്ഡ് ഷർട്ടുകൾ വിവാഹ വസ്ത്രങ്ങൾ, ഡോക്ടേഴ്സ്- നേഴ്സസ് കോട്ടുകൾ, കാക്കി യൂണിഫോമുകൾക്കും പുറമെ പുതുതായി 'പാപ്പിലിയോ എന്ന ബ്രാൻഡ്യിമിൽ ആകർഷകമായ ചുരിദാർ ടോപ്പുകൾ ഷർട്ടുകൾ, കുഞ്ഞുടുപ്പുകൾ, ജുബ്ബകൾ എന്നിവയും ആദ്യമായി ഖാദി കസവ് സാരികളും കൂടാതെ ഗ്രാമവ്യവസായ ഉത്പന്നമായ കേരള ഖാദി സ്പൈസസ് എന്ന പേരിൽ സുഗന്ധ വ്യഞ്ജനങ്ങളും ഈ ഓണക്കാലത്ത് വിപണിയിൽ ഇറക്കിയിട്ടുണ്ട്. ഖാദി പഴയ ഖാദിയല്ലെന്ന സന്ദേശം ജനങ്ങളിൽ എത്തിച്ച് ഓണക്കോടിയായി കുടുംബത്തിനാകെ ഖാദി വസ്ത്രം എന്ന പ്രചാരണത്തിന് കൂടി തുടക്കമിട്ടുകൊണ്ടാണ് മേള സംഘടിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.