Sections

'കുടുംബശ്രീ' കേരളത്തിലെ സ്ത്രീകളുടെ ജീവിതനിലവാരത്തിന്റെ അളവുകോലെന്ന് മന്ത്രി എം.ബി. രാജേഷ്

Monday, Jan 15, 2024
Reported By Admin
Kudumbashree Food Processing Branding

കുടുംബശ്രീ ബ്രാന്റഡ് ഉത്പന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു


കേരളത്തിലെ സ്ത്രീ ജീവിതങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന് കാലം രേഖപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. 'കുടുംബശ്രീ' ബ്രാന്റഡ് ഉത്പന്നങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദാരിദ്ര്യ നിർമാർജ്ജനം എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലയിൽ 25 വർഷങ്ങൾക്ക് മുമ്പ് തുടക്കമിട്ട പദ്ധതി ഇന്ന് സംസ്ഥാനമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ദാരിദ്ര്യ നിർമാർജ്ജനം എന്ന ലക്ഷ്യം സംസ്ഥാനം ഏറെക്കുറെ പൂർത്തീകരിച്ച സാഹചര്യത്തിൽ വരുമാന വർദ്ധനവ് മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ കൂടുതൽ പ്രധാന്യം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലാണ് കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ആളുകൾ അർപ്പിച്ച വിശ്വാസവും 46 ലക്ഷത്തോളം വരുന്ന മനുഷ്യവിഭവശേഷിയുമാണ് കുടുംബശ്രീയുടെ പിൻബലമെന്നും പുതിയ കുതിപ്പിനാണ് ഈ വർഷം കുടുംബശ്രീ തുടക്കമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി. ഉബൈദുള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. മലപ്പുറത്ത് നിന്നാംരംഭിച്ച പദ്ധതികൾ എന്നും വിജയം കൈവരിച്ചതായാണ് ചരിത്രമെന്നും വൻകിട ബ്രാന്റുകളോട് മത്സരിക്കാവുന്ന തരത്തിൽ കുടുംബശ്രീയുടെ ഉത്പന്നങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള ജനകീയ പ്രസ്ഥാനത്തിന് ശക്തിപകരുന്ന പ്രവർത്തനങ്ങളാണ് സർക്കാരും കുടുംബശ്രീ മിഷനും നടപ്പിലാക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. കുടംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പദ്ധതി വിശദീകരണം നടത്തി. ജില്ലാ കളക്ടർ വി.ആർ വിനോദ് മുഖ്യാതിഥിയായിരുന്നു. കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ. കക്കൂത്ത്, വാർഡംഗം കെ.എൻ ഷാനവാസ്, ഗവേണിംഗ് ബോഡി അംഗം പി.കെ സൈനബ, സി.ഡി.എസ് ചെയർപേഴ്സൺ ഷബ്ന റാഫി, ജില്ലാ കറിപൗഡർ കൺസോർഷ്യം പ്രസിഡന്റ് വി. ബിന്ദു, തൃശൂർ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എസ്. കവിത, കോട്ടയം ജില്ലാ മിഷൻ കോർഡിനേറ്റർ പ്രശാന്ത് ബാബു, പ്രോഗ്രാം ഓഫീസർ ശ്രീകാന്ത് എന്നിവർ സംസാരിച്ചു.

ആയിരം അമ്മമാരുടെ കൈപുണ്യത്തിന് ഇനി ഒരേ പേര്.. ഒരേ രുചി..

ഉത്പന്നങ്ങൾക്ക് ഏകീകൃത രൂപവും ഭാവവും നൽകി വിപണിയിലെത്തിക്കുന്ന ബ്രാന്റിങ് പദ്ധതിയുമായി കുടുംബശ്രീ. കണ്ണുർ ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് മലപ്പുറം ഉൾപ്പടെ ആറ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. ഇതിൽ മലപ്പുറം, കോട്ടയം, തൃശൂർ ജില്ലകളിൽ നന്നുള്ള സംരംഭകർ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളാണ് ആദ്യ ഘട്ടത്തിൽ ബ്രാന്റഡ് രൂപത്തിൽ വിപണിയിലെത്തുക. കാസർകോട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള 81 സംരംഭങ്ങളും കോട്ടയം ജില്ലയിൽ നിന്നുള്ള 14 സംരംഭങ്ങളും തൃശൂർ ജില്ലയിൽ നിന്നുള്ള 15 സംരംങ്ങളും ഉത്പാദിപ്പിക്കുന്ന കറി പൗഡറുകളും ധാന്യപ്പൊടികളുമാണ് ഏകീകൃത ബ്രാന്റ് ആയി വിപണിയിലെത്തുന്നത്.

Kudumbashree Food Processing Branding

ഒരേ ഉത്പാദന പ്രക്രിയയിൽ ഏർപ്പെട്ടിട്ടുള്ള വിവിധ ഇടങ്ങളിലുള്ള സംരംഭങ്ങളെ കൂട്ടിയോജിപ്പിച്ച് ക്ലസ്റ്റർ ഡെവലപ്മെന്റ് നടത്തി ഏകീകൃത ബ്രാന്റിലും പായ്ക്കിങ്ങിലും ഉത്പ്പന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനാണ് കുടുംബശ്രീ ബ്രാന്റിങ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ കുടുംബശ്രീ ബസാർ, മാർക്കറ്റിങ് ഔട്ട്ലെറ്റുകൾ, ഹോം ഷോപ്പ് എന്നിവ വഴിയാണ് വിൽപ്പന നടത്തുക. തുടർന്ന് വിതരണ ഏജൻസികളുടെ സഹായത്തോടെ ഹൈപ്പർ മാർക്കറ്റുകളിലും ഓൺലൈൻ സംവിധാനങ്ങളുടെ സഹായത്തോടെയും കൂടുതൽ വിപണി കണ്ടെത്തുകയുമാണ് ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.