- Trending Now:
കൊച്ചി - വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈൻഡ്രൈവ് മൈതാനത്ത് ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏപ്രിൽ ഒന്നു മുതൽ എട്ടു വരെയാണ് മേള. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള ആവിഷ്കരിച്ചിരിക്കുന്നത്. എറണാകുളത്തിന് പിന്നാലെ 13 ജില്ലകളിലും മേള സംഘടിപ്പിക്കും.
ഏപ്രിൽ ഒന്നിന് വൈകിട്ട് ഏഴു മണിക്ക് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മേയർ എം. അനിൽകുമാർ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേശ് കുമാർ, കെ.പി. മോഹനൻ, കോവൂർ കുഞ്ഞുമോൻ എന്നിവർ പ്രസംഗിക്കും. ജില്ലയിൽ നിന്നുള്ള എം.പിമാരും എം.എൽ.എമാരുമടക്കമുള്ള ജനപ്രതിനിധികൾ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദർശനം, വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ യൂണിറ്റുകൾ, കുടുംബശ്രീ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ എന്നിവർ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് റിപ്പോർട്ടുകൾ തയാറാക്കുന്നതിനും ധനസഹായത്തിന് വഴി കാട്ടുന്നതിനുമുള്ള ക്ലിനിക്കുകൾ, ടെക്നോളജി പ്രദർശനം, ചർച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്സിബിഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങൾ അണിനിരക്കുന്ന സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകൾ മേളയുടെ ആകർഷണമാകും.
ഏപ്രിൽ ഏഴ് ഒഴികെ എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും. ഏപ്രിൽ രണ്ടിന് രാവിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സെമിനാർ സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സെമിനാറും നടത്തും. മൂന്നാം തീയതി രാവിലെ വിദ്യാഭ്യാസ സെമിനാറും ഉച്ചയ്ക്ക് ശേഷം എക്സൈസും പൊലീസും ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കും.
നാലിന് രാവിലെ ഡിജിറ്റൽ റീ സർവെ പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിപാടി നടത്തും. ഉച്ചയ്ക്ക് ശേഷം മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്കരണവും കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ സൗരോർജവുമായി ബന്ധപ്പെട്ട അവതരണവും നടക്കും.
അഞ്ചിന് രാവിലെ വ്യവസായ വകുപ്പിന്റെ സംരംഭക സാധ്യതകളെ കുറിച്ചുള്ള പരിപാടിയും ഉച്ചക്ക് ശേഷം സ്ത്രീ സുരക്ഷ സെമിനാറും സംഘടിപ്പിക്കും.
ആറിന് രാവിലെ കാർഷിക സെമിനാറും ഉച്ചക്ക് ശേഷം സഞ്ചാരികളെ ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാര വകുപ്പിന്റെ സെമിനാറുമാണ് സംഘടിപ്പിക്കുന്നത്. അവസാന ദിവസമായ എപ്രിൽ എട്ടിന് രാവിലെ ആരോഗ്യ സെമിനാറും ഉച്ചയ്ക്ക് ശേഷം സഹകരണ വകുപ്പ് നടത്തുന്ന സെമിനാറും സംഘടിപ്പിക്കും.
ആധാർ രജിസ്ട്രേഷൻ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾ തത്സമയം അക്ഷയയുടെ പവിലിയനിൽ ലഭിക്കും. റേഷൻ കാർഡ് സംബന്ധമായ പ്രശ്നങ്ങൾ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളിൽ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായാണ് റവന്യൂ വകുപ്പിന്റെ സ്റ്റാൾ. മാലിന്യ സംസ്കരണത്തിലെ പുതിയ മാതൃകകൾ ശുചിത്വ മിഷൻ അവതരിപ്പിക്കും. യുവജനങ്ങൾക്കായി സേവനം, വിദ്യാഭ്യാസം, തൊഴിൽ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കും. സ്റ്റാർട്ടപ്പ് മിഷൻ, തൊഴിൽ - എംപ്ലോയ്മെന്റ് വകുപ്പുകൾ, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകൾ ഈ വിഭാഗത്തിലുണ്ടാകും. ഊർജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകൾ അനർട്ടിന്റെയും എനർജി മാനേജ്മെന്റ് സെന്ററിന്റെയും സ്റ്റാളുകളിൽ പ്രദർശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനിൽ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.
സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്സൈസ്, ഫയർ ആന്റ് റെസ്ക്യൂ, കെ.എസ്.ഐ.ഡി.സി, കിൻഫ്ര, മോട്ടോർ വെഹിക്കിൾ, പൊതുമരാമത്ത്, രജിസ്ട്രേഷൻ, സോഷ്യൽ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവർഗം, കയർ, ലീഗൽ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് വകുപ്പുകളും പ്രദർശനത്തിൽ പങ്കെടുക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോർ ഡിസ്പ്ലെ സോണുകളും സജ്ജമാക്കുന്നുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തിൽ ദിവസവും ഡോഗ് ഷോ, വാഹന പ്രദർശനം, സ്വയരക്ഷാ പരിശീലന പ്രദർശനം എന്നിവയും പ്രദർശന നഗരിയിൽ അരങ്ങേറും.
ഉദ്ഘാടന ദിവസമായ ഏപ്രിൽ ഒന്നിന് സ്റ്റീഫൻ ദേവസിയുടെ ബാൻഡ് അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ (ഏപ്രിൽ 6 വരെ) ജാസി ഗിഫ്റ്റ് മ്യൂസിക് നെറ്റ്, ദുർഗ വിശ്വനാഥ് - വിപിൻ സേവ്യർ ഗാനമേള, താമരശ്ശേരി ചുരം ബാൻഡ്, ഗിന്നസ് പക്രു സൂപ്പർ മെഗാഷോ, ആട്ടം ചെമ്മീൻ ബാൻഡ് എന്നിവ അരങ്ങേറും. ഏപ്രിൽ എട്ടിന് വൈകിട്ട് ഏഴു മണിക്ക് അലോഷിയുടെ ഗസൽ രാത്രിയോടെയാണ് സമാപനം.
മറൈൻഡ്രൈവിൽ പ്രദർശന നഗരിയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. വൻ ജനപങ്കാളിത്തമാണ് മേളയിൽ പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.