Sections

പ്രഖ്യാപിക്കുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ പൂർത്തീകരിക്കും: മുഖ്യമന്ത്രി

Tuesday, Apr 11, 2023
Reported By admin
govt

റോഡ് നന്നാവുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന സംഗതിയാണ്. നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് അത്


പ്രഖ്യാപിക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുന്ന ഭരണനിർവഹണ സംസ്കാരം സംസ്ഥാനത്ത് വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ രണ്ടുവർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് പ്രഖ്യാപിച്ച നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി നിർമ്മാണം പൂർത്തിയാക്കിയ 18 റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനപരിപാടിയുടെ ഭാഗമായി ചെറുതോണിയിൽ നടന്ന പ്രാദേശിക ചടങ്ങിൽ ഇടുക്കി മണ്ഡലത്തിലെ തൊടുപുഴ പുളിയന്മല റോഡിലെ 2.3 കിലോമീറ്റർ ഉൾപ്പെട്ട പാറമട റീച്ചും ഉദ്ഘാടനം ചെയ്തു. നാടിന്റെ ഗതാഗത വികസനത്തിന് വേഗത കൂട്ടാനാണ് കഴിഞ്ഞ സർക്കാരും ഈ സർക്കാറും ശ്രമിക്കുന്നതെന്ന് ആലപ്പുഴ വൈ. എം സി എ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു. റോഡ് നന്നാവുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന സംഗതിയാണ്. നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് അത്. വികസനക്ഷേമപ്രവർത്തികൾ കൂടുതൽ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂറുദിനകർമ്മ പരിപാടി ആവിഷ്കരിച്ചത്.

ശോചനീയാവസ്ഥയിലായിരുന്ന സംസ്ഥാനത്തെ ദേശീയപാതകൾ ഇപ്പോൾ ശരിയായ അർത്ഥത്തിൽ തന്നെ ദേശീയ പാതയാവുകയാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ദേശീയ പാതകളുടെ വികസനം വിവിധ തലങ്ങളിൽ നടന്നു വരുകയാണ്. ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യാതിരുന്നതുകൊണ്ടാണ് മുമ്പ് ദേശീയപാത വികസനം ഇപ്പോൾ നടക്കുന്നത് പോലെ നടക്കാതിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചടങ്ങിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. പശ്ചാത്തല വികസനമേഖലയിൽ സംസ്ഥാനത്തെ ലോകോത്തര നിലവാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി മികച്ച നിലവാരമുള്ള ദീർഘകാലം നിലനിൽക്കുന്ന പ്രവൃത്തികൾ സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. ഗ്രാമീണ മേഖലയിലുള്ള റോഡുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന റോഡുകളിൽ അധികവും. 48 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഇവ നവീകരിച്ചത്. നൂറ്ദിന കർമ്മപരിപാടിയുടെ ഭാഗമായി 231 പ്രവൃത്തികൾക്കാണ് പൊതുമരാമത്ത് വകുപ്പ് തുടക്കം കുറിച്ചിട്ടുള്ളത്. 2610 കോടി രൂപയുടെ പദ്ധതികളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 71 പദ്ധതികൾ നൂറ് ദിന ലക്ഷ്യം കൈവരിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയെ സംബന്ധിച്ചിടത്തോളം പുതിയ റോഡുകൾ, പാലങ്ങൾ ഉണ്ടാവുക വഴി ഹൈറേഞ്ചിന്റെ വികസന സാധ്യതകൾക്ക് ആക്കം വർധിക്കുകയാണെന്ന് വീഡിയോ സന്ദേശത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ചെറുതോണിയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ശിലാഫലകം അനാച്ഛാദനം ചെയ്തു. ശബരിമല ഉത്സവ പ്രവൃത്തിയുടെ ഫണ്ടിൽ ഉൾപ്പെടുത്തി 2 കോടി 30 ലക്ഷം രൂപ മുതൽമുടക്കി ബിഎം, ബിസി നിലവാരത്തിലാണ് തൊടുപുഴ പുളിയന്മല റോഡിലെ പാറമട റീച്ചിന്റെ നവീകരണ പ്രവർത്തികൾ നടത്തിയിരിക്കുന്നത്. റോഡിന് വശങ്ങളിൽ ഐറിഷ് ഓട നിർമ്മിക്കുകയും ടൈൽ വിരിക്കുകയും അപകടസാധ്യത മേഖലയിൽ സൈൻ ബോർഡുകൾ, റോഡ് മാർക്കിങ്, ക്രാഷ് ബാരിയർ, റോഡ് സ്റ്റഡ്സ്, ഡെലിനേറ്ററുകൾ എന്നിവ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.