- Trending Now:
ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പ്രതിദിനം വളരുകയാണ്. 'എ' മുതല്‍ 'ഇ' വരെയുള്ള സീരീസ് ഫണ്ടിങ്ങ് പൂര്‍ത്തീകരിച്ച സ്റ്റാര്‍ട്ടപ്പുകള്‍ ഒരു ലക്ഷം വൈറ്റ് കോളര്‍ ജോലികള്‍ ഈ വര്‍ഷം രാജ്യത്ത് സൃഷ്ടിക്കുമെന്നാണ് സൂചന. നിലവില്‍ 243 കമ്പനികള്‍ വളര്‍ച്ചാഘട്ടം കുറിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയിലുണ്ട്. ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ഈ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ സംയുക്തമായി 55,000 വൈറ്റ് കോളര്‍ ജോലികളാണ് പുതുതായി സൃഷ്ടിച്ചത്. പോയവര്‍ഷം ആദ്യ എട്ടു മാസങ്ങള്‍ കൊണ്ട് 30,000 തൊഴിലവസരങ്ങളാണ് ഇന്ത്യയില്‍ രൂപംകൊണ്ടതെന്ന കാര്യവും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
ഇനി 2020 ജനുവരി മുതലുള്ള ചിത്രം എടുത്താലോ, സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ തലയെണ്ണല്‍ 20 മാസം കൊണ്ട് 80 ശതമാനത്തിലേറെ വര്‍ധിച്ചതും കാണാം. ഈ വര്‍ഷം രണ്ടര ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ പരോക്ഷ തൊഴിലവസരങ്ങളും (ബ്ലൂ കോളര്‍, ഗ്രേ കോളര്‍ ജോലികള്‍) സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കുമെന്ന് സൂചനയുണ്ട്. ഉത്സവകാലം വരുന്നതും മൂലധന വിപണിയില്‍ ഫണ്ടുകളുടെ ഒഴുക്ക് ത്വരിതപ്പെടുന്നതും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ അവസരത്തില്‍ ഗുണം ചെയ്യുകയാണ്. നടപ്പു വര്‍ഷം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപക സമൂഹം കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 'എ' മുതല്‍ 'ഇ' വരെയുള്ള സീരീസ് ഫണ്ടിങ്ങുകളും ലേറ്റ് സ്റ്റേജ് ഫണ്ടിങ്ങുകളും രണ്ടിരട്ടി വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം മാത്രം 250 ഫണ്ടിങ് റൗണ്ടുകളിലായി മൊത്തം 13.3 ബില്യണ്‍ ഡോളറാണ് സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചതും.
കഴിഞ്ഞവര്‍ഷം വളര്‍ച്ചാഘട്ടത്തില്‍ ഫണ്ടിങ് നടത്തിയ 243 കമ്പനികളില്‍ 85 കമ്പനികള്‍ ഈ വര്‍ഷവും കൂടുതല്‍ ഫണ്ടിങ് റൗണ്ടുകളിലേക്ക് കടന്നിട്ടുണ്ട്. 'ഡിജിറ്റല്‍ ഇക്കോണമിയിലേക്കാണ് ടാലന്റുകള്‍ ഇപ്പോള്‍ ആകര്‍ഷിക്കപ്പെടുന്നത്. ടെക്ക് ടാലന്റ് മാത്രമല്ല, മറ്റു വ്യവസായ മേഖലകളില്‍ ഉള്ളവര്‍ പോലും വളര്‍ച്ചാഘട്ടത്തില്‍ നില്‍ക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ താത്പര്യം പ്രകടിപ്പിച്ച് വരികയാണ്', ത്രിവണ്‍ ക്യാപിറ്റല്‍ മാനേജിങ് പാര്‍ട്ണര്‍ പ്രണവ് പായി പറയുന്നു. 'ഞങ്ങളുടെ പോര്‍ട്ട്ഫോളിയോ കമ്പനികള്‍ മാര്‍ക്കറ്റിങ്, എച്ച്ആര്‍, സോഫ്റ്റ്വെയര്‍ ഡെവലപ്പ്മെന്റ്, ഫൈനാന്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ നിരവധി നിയമനങ്ങള്‍ നടത്തിക്കഴിഞ്ഞു', ഇദ്ദേഹം സൂചിപ്പിച്ചു.
റിപ്പോര്‍ട്ടു പ്രകാരം എഡ്ടെക്ക്, ഫിന്‍ടെക്ക്, ഇകൊമേഴ്സ്, ലോജിസ്റ്റിക്സ്, ഹാര്‍ഡ്വെയര്‍, പ്ലാറ്റ്ഫോം ടെക്നോളജി എന്നീ വ്യവസായ മേഖലകളിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ പ്രധാനമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ വര്‍ഷം എഡ്ടെക്ക് മേഖലയില്‍ മാത്രം 15,000 -ത്തോളം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ബൈജൂസ്, അണ്‍അക്കാഡമി, വേദാന്തു, ടോപ്പര്‍ തുടങ്ങിയ കമ്പനികളാണ് എഡ്ടെക്ക് മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍. ഇന്ത്യയില്‍ ഉടനീളം 1,000 നിയമനങ്ങള്‍ ഇനിയും നടത്താനുള്ള പുറപ്പാടിലാണ് വേദാന്തു. ഇതിനായി രാജ്യത്തെ മുന്‍നിര എഞ്ചിനീയറിങ് കോളജുകളെ കമ്പനി സമീപിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനം ജീവനക്കാരുടെ എണ്ണം 2,800 ആയി ഉയര്‍ത്താന്‍ ഫോണ്‍പേയ്ക്കും പദ്ധതിയുണ്ട്. നിലവില്‍ 2,400 ജീവനക്കാര്‍ ഫോണ്‍പേയ്ക്കുണ്ട്.
അടുത്തിടെ യുണിക്കോണ്‍ പട്ടം കിട്ടിയ സെറ്റ്വര്‍ക്ക് മാനുഫാക്ചറിങ് പോലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ലീഡര്‍ഷിപ്പ് നിര വാര്‍ത്തെടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത മൂന്നു മാസം കൊണ്ട് 100 പേരെ കൂടി ലീഡര്‍ഷിപ്പ് നിരയില്‍ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. മറ്റൊരു ഇകൊമേഴ്സ് കമ്പനിയായ ബിക്കായി ഈ വര്‍ഷാവസാനം അംഗസംഖ്യ പത്തിരിട്ടിയായി വര്‍ധിപ്പിക്കാനാണ് നോട്ടമിടുന്നത്. സീരീസ് എ ഫണ്ടിങ്ങിലൂടെ 10.8 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ കമ്പനിക്ക് അടുത്തിടെ സാധിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.