- Trending Now:
ആശയങ്ങളും അഭിപ്രായങ്ങളും പറഞ്ഞു തരാന്‍ നിരവധി പേര്‍ ചുറ്റുമുണ്ടെങ്കിലും ആ ആശയം യാഥാര്‍ത്ഥ്യമാക്കേണ്ടത് നിങ്ങള്‍ തന്നെയാണ്
ബിസിനസ് ആരംഭിക്കാന്‍ പലര്‍ക്കും ആഗ്രഹമുണ്ടാകും. എന്നാല്‍ തുടങ്ങാനുള്ള ഭയം അതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നു. ഭയം, അനിശ്ചിതത്വം, സ്വയം സംശയം എന്നിവയെല്ലാം സ്വന്തമായി ബിസിനസ്സ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. അവ നിങ്ങളെ ഭയപ്പെടുത്തും എന്നതില്‍ സംശയമില്ല. സ്വന്തമായ ആശയം യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ആന്തരികമായി നിരവധി ചോദ്യം നേരിടേണ്ടിവരും. അതില്‍ എല്ലാ പ്രായത്തിലുമുള്ളവരും വിവിധ തലങ്ങളില്‍ അനുഭവപരിചയമുള്ളവരും ഉള്‍പ്പെടുന്നു.
എന്നാല്‍ ഒരു സംരംഭകന്‍ എന്ന നിലയില്‍ നിങ്ങള്‍ യോഗ്യനാണെന്ന് തെളിയിക്കേണ്ടത് നിങ്ങളുടെ പങ്കാളി, നിക്ഷേപകര്‍, ജീവനക്കാര്‍ എന്നിവരോട് മാത്രമല്ല. പ്രധാനമായും നിങ്ങള്‍ തെളിയിക്കേണ്ടത് നിങ്ങളോട് തന്നെയാണ്. ആശയങ്ങളും അഭിപ്രായങ്ങളും പറഞ്ഞു തരാന്‍ നിരവധി പേര്‍ ചുറ്റുമുണ്ടെങ്കിലും ആ ആശയം യാഥാര്‍ത്ഥ്യമാക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. അതിനാല്‍ ആദ്യം നിങ്ങള്‍ യോഗ്യനാണെന്ന് സ്വയം തെളിയിക്കേണ്ടതുണ്ട്.
എന്താണ് നിങ്ങളില്‍ സംരംഭകത്വ ഭയം ഉണര്‍ത്തുന്നത്? നിങ്ങള്‍ എങ്ങനെയാണ് അതിനെ മറികടന്ന് വിജയകരമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുക? ആദ്യ ചുവടുവെപ്പ് നടത്താനുള്ള ധൈര്യം സംഭരിക്കുക, നിങ്ങളുടെ ആശയത്തോട് പൂര്‍ണ്ണമനസോടെ പ്രതിബദ്ധത പുലര്‍ത്തുകയും സ്വയം വിശ്വസിക്കുകയും ചെയ്യുക എന്നതാണ് അതിനുള്ള ഉത്തരം. സംരംഭകനാകാന്‍ ആഗ്രഹിക്കുന്നയാള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ മാനസിക തടസ്സങ്ങളെ മറികടക്കാനുള്ള ചില വഴികള്‍ നമുക്ക് മനസിലാക്കാം.
ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുക
സംരംഭകര്‍ക്ക് കമ്പനിയെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടെങ്കില്‍ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയും. നിങ്ങളുടെ കമ്പനിയുടെ ദൗത്യം എന്താണെന്ന് തിരിച്ചറിഞ്ഞ് ബിസിനസ് ആരംഭിക്കുക. ആ ദൗത്യത്തിലെത്തുന്നതിനുള്ള ചവിട്ടുപടിയായി അവയ്ക്ക് ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തുക. ആ പരീക്ഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ എവിടെ തുടങ്ങണം എന്നതിന്റെ സൂചന നല്‍കും. എന്നാല്‍ ഉല്‍പ്പന്നത്തിന്റെ പതിപ്പുകള്‍ പരീക്ഷിക്കാന്‍ ആരംഭിച്ചാലും വെബ്സൈറ്റ് നിര്‍മ്മിച്ചാലും മറ്റുള്ളവരുടെ അഭിപ്രായം അറിഞ്ഞാലും നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള പഠനം പൂര്‍ണതയില്‍ എത്തുന്നില്ല.
ജോലി ചെയ്യുന്നവരോ മറ്റ് എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നവരോ ബിസിനസിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇതുവരെ നിങ്ങള്‍ ജീവിച്ച സാഹചര്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കാം ഇനിയുള്ള ജീവിതം. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്താനായി കഠിനാധ്വാനം ചെയ്യുകയും നിരന്തര പരിശ്രമം നടത്തുകയും വേണം. തുടക്കത്തില്‍ തന്നെ എല്ലാം ശരിയാകണമെന്നില്ല, വീഴ്ചയില്‍ നിന്ന് കൂടുതല്‍ പാഠങ്ങള്‍ പഠിച്ച് മുന്നേറുക. വീഴില്ല എന്ന ഉറപ്പോടെ പ്രയത്‌നിക്കുക.
ഗ്രൂപ്പുകളെ തിരിച്ചറിയുക
ബിസിനസില്‍ സത്യസന്ധത, മനോധൈര്യം, അഭിനിവേശം എന്നിവ മാത്രം പോരാ. ഒരു പ്രധാന ഘടകം നിങ്ങളുടെ ബിസിനസിന് ആവശ്യമായ ഗ്രൂപ്പുകളെ തിരിച്ചറിയുകയും കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ ഗ്രൂപ്പുകളില്‍ നിക്ഷേപകര്‍, പങ്കാളികള്‍, ഉപഭോക്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടും. ഓരോരുത്തരും നിങ്ങളുടെ സാമ്പത്തിക വിജയത്തിന് സഹായിക്കും. നിങ്ങള്‍ ചെയ്യുന്ന ബിസിനസില്‍ മികച്ച ആളുകളെ തിരഞ്ഞെടുക്കുന്നതിലൂടെ നല്ല രീതിയില്‍ ബിസിനസ് മുന്നോട്ട് കൊണ്ടു പോകാനും സഹായിക്കും.
ബിസിനസ്-ജീവിത ബാലന്‍സ്
നിങ്ങളുടെ സമയത്തിന്റെയും ഊര്‍ജത്തിന്റെയും ഭൂരിഭാഗവും ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനായി നിങ്ങള്‍ ചെലവഴിക്കാന്‍ തയ്യാറെടുക്കുകയാണ്. നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ ബിസിനസ് വിജയിക്കാന്‍ പ്രയാസമായിരിക്കും. അതിനാല്‍, നിങ്ങളുടെ സ്വകാര്യ ജീവിതത്തിനും ബന്ധങ്ങള്‍ക്കും വിള്ളല്‍ വന്നേക്കാം. എന്നാല്‍ നിങ്ങളുടെ കുടുംബവും സുഹൃത്തുക്കളും എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കാതെ ഒരു ബിസിനസ്സ് ആരംഭിക്കുന്നത് അസാധ്യമാണ്. ശരിയായ ഒരു ടീം ബിസിനസിനൊപ്പമുണ്ടെങ്കില്‍, ബിസിനസ്സ് സ്വകാര്യ ജീവിതത്തിന് ഒരു തടസ്സമാകുകയില്ല. ബിസിനസ് നടത്തുമ്പോള്‍ കുടുംബത്തിലും സുഹൃത്തുക്കളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് അത്യാവശ്യമാണ്.
ബിസിനസിലെ പെര്‍ഫക്റ്റ്
എല്ലാ ബിസിനസുകള്‍ക്കും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വന്നു കൊണ്ടേയിരിക്കും. അതിനാല്‍ എനിക്ക് എല്ലാം അറിയാം എന്ന ഭാവം തുടക്കം മുതല്‍ തന്നെ ഒഴിവാക്കുക. കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അറിവുകളെ രാകി മിനുക്കാന്‍ ശ്രമിക്കുക. ഞാന്‍ പെര്‍ഫക്റ്റ് അല്ല, എന്നാല്‍ എപ്പോഴും ഞാന്‍ പുരോഗമിച്ചു കൊണ്ടേയിരിക്കുമെന്നുമുള്ള ചിന്ത മനസില്‍ ഉറപ്പിച്ച് ബിസിനസ് ആരംഭിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.