Sections

ഇന്ധനം വീട്ടുപടിക്കല്‍ എത്തും; ഹിറ്റായി മലയാളി മധ്യവയസ്‌ക്കരുടെ സ്റ്റാര്‍ട്ടപ്പ്

Wednesday, Sep 15, 2021
Reported By Ambu Senan
fuel dispensar

ലിന്‍ഷാസ് ഫാബ്രിക്സ് എന്ന അവരുടെ സ്റ്റാര്‍ട്ടപ്പ് മലപ്പുറം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്
 

സ്റ്റാര്‍ട്ടപ്പ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ പലരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുക എക്‌സിക്യൂട്ടീവ് ലുക്കില്‍ വരുന്ന സുമുഖനായ ഒരു യുവാവ് അല്ലെങ്കില്‍ യുവതിയെ ആയിരിക്കും. എന്നാല്‍ ആശയം ഉണ്ടെങ്കില്‍ ആര്‍ക്കും സ്റ്റാര്‍ട്ടപ്പ് തുടങ്ങാമെന്ന് കാണിച്ചു തന്നിരിക്കുകയാണ് അന്‍പത് വയസ്സ് പ്രായം വരുന്ന രണ്ട് മധ്യ വയസ്‌ക്കര്‍. 

ആവശ്യക്കാര്‍ക്ക് ഇന്ധനം വീട്ടിലോ അല്ലെങ്കില്‍ അവരുടെ സ്ഥാപനങ്ങളിലോ എത്തിച്ചു നല്‍കുന്ന മൊബൈല്‍ യൂണിറ്റ് സൗകര്യമാണ് അഞ്ചു വര്‍ഷമായി മലപ്പുറത്ത് പെട്രോള്‍ പമ്പ് നടത്തിയിരുന്ന ഹൈദരലിയും ജപ്പാനില്‍ റിഫൈനറിയില്‍ ജോലി ചെയ്ത അനുഭവസമ്പത്തുമായി മലപ്പുറം സ്വദേശി കുഞ്ഞിമുഹമ്മദും ഒരുക്കിയിരിക്കുന്നത്. ലിന്‍ഷാസ് ഫാബ്രിക്സ് എന്ന അവരുടെ സ്റ്റാര്‍ട്ടപ്പ് മലപ്പുറം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 
 


ഒരൊറ്റ വിളിയില്‍ ഇന്ധനവുമായി ഒരു മിനി 'പെട്രോള്‍ പമ്പ്' നിങ്ങള്‍ പറയുന്ന സ്ഥലത്ത് എത്തും എന്നതാണ് ലിന്‍ഷാസ് ഫാബ്രിക്സ് നല്‍കി വരുന്ന സേവനം. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഇന്ധനം ആവശ്യമുള്ളവര്‍ക്കാണെങ്കില്‍ അതിന്റെ ഗുണം ഏറെയാണ്. പെട്രോളിയം മന്ത്രാലയവും ഡോര്‍ സ്റ്റെപ്പ് ഡീസല്‍ ഡെലിവറിക്ക് അംഗീകാരം നല്‍കുന്നുണ്ട്. വ്യവസായശാലകള്‍, ഹോസ്പിറ്റലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളിലെ ജനറേറ്ററുകള്‍, ഗ്രാമീണ മേഖലയിലെ ട്രാക്റ്ററുകള്‍, ഹൗസിംഗ് സൊസൈറ്റികള്‍, ഹെവി മെഷിനറി ഫെസിലിറ്റിയുള്ള സ്ഥാപനങ്ങള്‍, മൊബീല്‍ ടവറുകള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഡീസല്‍ അത്യാവശ്യമാണ്. വലിയ കന്നാസുമായി വണ്ടി പിടിച്ച് പമ്പിലെത്തി ഇന്ധനം നിറച്ച് പോകുന്നതിന്റെ ബുദ്ധിമുട്ട് ഇവരുടെ സംരഭം വഴി പരിഹരിക്കാനാവും.

പെട്രോള്‍ പമ്പില്‍ പോയി ഇന്ധനം നിറയ്ക്കുമ്പോള്‍ നമ്മള്‍ എങ്ങനെയാണോ ഇന്ധനത്തിന്റെ അളവും വിലയും അറിയുന്നത് അതുപോലെ തന്നെയുള്ള സംവിധാനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.


''ഞങ്ങള്‍ രണ്ടു പേരും പെട്രോളിയം ഇന്‍ഡസ്ട്രിയില്‍ അനുഭവ സമ്പത്തുള്ളവരാണ്. ഒരിക്കല്‍ ഇന്ത്യന്‍ ഓയ്ല്‍ കോര്‍പറേഷന്റെ റീജ്യണല്‍ മാനേജരുമായി സംസാരിക്കുന്നതിനിടയിലാണ് ഡോര്‍ സ്റ്റെപ്പ് ഡീസല്‍ വിതരണത്തെ കുറിച്ചുള്ള ആശയം ലഭിക്കുന്നത്. വ്യാവസായ ശാലകള്‍ക്കടക്കം അതൊരു ഗുണമുള്ള കാര്യമാണെന്ന് മനസ്സിലാക്കുകയും ലിന്‍ഷാസ് ഫാബ്രികിന് തുടക്കമിടുകയുമായിരുന്നു' ഹൈദരലി പറയുന്നു.

അങ്ങനെ മാര്‍ച്ച് മാസത്തില്‍ ഒരു മിനി ലോറി വാങ്ങുകയും അത് ടാങ്കറായി മാറ്റുകയുമായിരുന്നു. അതിനായി 35 ലക്ഷത്തോളം രൂപ ചെലവ് വന്നു. വെറും ഒരു മാസത്തിനുള്ളില്‍ സംരംഭം വിജയിച്ചതോടെ 6 വാഹനങ്ങള്‍ കൂടി വാങ്ങി സേവനം വര്‍ധിപ്പിച്ചു. 4000 ലിറ്റര്‍ കാപ്പാസിറ്റിയുള്ള ചെറിയ വാഹനങ്ങളായതിനാല്‍ ഉള്‍പ്രദേശങ്ങളില്‍ കൂടി സേവനം എത്തിക്കാനാകുന്നുണ്ടെന്ന് അവര്‍ പറയുന്നു. ദൂരം കുറഞ്ഞ പ്രദേശങ്ങളില്‍ സാധാരണ ഡീലര്‍ കമ്മീഷന്‍ മാത്രമേ ഈടാക്കുന്നുള്ളൂ. എന്നാല്‍ ഉള്‍പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ ചെറിയൊരു കമ്മീഷന്‍ കൂടി ഈടാക്കേണ്ടി വരുന്നുണ്ടെന്ന് സംരംഭകര്‍ പറയുന്നു. സംരംഭം കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ഇവര്‍ പദ്ധതിയിടുന്നുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.