Sections

ബിസിനസ് മേഖലയില്‍ തന്നെ ഒരു ബിസിനസ് തുടങ്ങിയാലോ ?

Saturday, Nov 13, 2021
Reported By admin
business consultancy

മികച്ച വരുമാനം നേടാനും സഹായിക്കുന്ന ഒരു സംരംഭത്തെ കുറിച്ച് പരിചയപ്പെടാം

 

കോവിഡാനന്തരം ആണ് നമ്മുടെ നാട്ടിലൊക്കെ സംരംഭക ലോകത്തേക്ക് കുറച്ചെങ്കിലും ആളുകള്‍ക്ക് ഒരു താല്‍പര്യമൊക്കെ തോന്നി തുടങ്ങിയത്.ബിസിനസ് മേഖലയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവരില്‍ ഏറെ പേര്‍ക്കും മുന്‍പരിചയം ഇല്ലാത്തതും ബിസിനസിനെ കുറിച്ചുള്ള അജ്ഞതയും ഒക്കെ പിന്‍വലിയുന്നതിനുള്ള കാരണമായി മാറാറുണ്ട്.ഇത്തരക്കാര്‍ക്ക് കൈത്താങ്ങാകാനും ഒപ്പം മികച്ച വരുമാനം നേടാനും സഹായിക്കുന്ന ഒരു സംരംഭത്തെ കുറിച്ച് പരിചയപ്പെടാം ഈ ലേഖനത്തിലൂടെ..

ഇന്നത്തെ കാലത്ത് ഒരു സംരംഭക മോഹിക്ക് ഏത് ആശയം തെരഞ്ഞെടുക്കണം,അതിന്റെ പദ്ധതി രൂപ രേഖ എങ്ങനെ തയ്യാറാക്കണം,വായ്പയും മറ്റ് സാമ്പത്തിക സഹായങ്ങളും എങ്ങനെ-എവിടെ നിന്ന് ലഭിക്കും,വിപണി പഠനം തുടങ്ങി നികുതി അടയ്ക്കലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും വരെ ഒട്ടേറെ കാര്യങ്ങള്‍ക്ക് സഹായം ആവശ്യമായി വരാറുണ്ട്.ഉത്പാദനം ഉയര്‍ത്താനും മറ്റ് പ്രശ്‌നങ്ങളുടെ പരിഹാരത്തിനും വിദഗ്ധ കണ്‍സല്‍റ്റുമാരെ ആവശ്യമായതിനാല്‍ തന്നെ ഇതൊരു സംരംഭമാക്കി നിങ്ങള്‍ക്ക് മാറ്റാവുന്നതെയുള്ളു.

വിപണി പഠനം,ബിസിനസ് നയങ്ങളുടെ വിശകലനം,ആസൂത്രണം,പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍,വായ്പ സമ്പാദനം,കമ്പനി രജിസ്‌ട്രേഷനും സര്‍ക്കാര്‍ അനുമതികളും നേടുന്നത്,പിഎഫ്,ജീവനക്കാരുടെ കാര്യങ്ങള്‍,ലൈസന്‍സുകളും രജിസ്‌ട്രേഷനും തുടങ്ങി സംരംഭകര്‍ക്ക് ആവശ്യമായ സേവനങ്ങളൊക്കെ നല്‍കുകയാണ് ബിസിനസ് ഹെല്‍പ്പിംഗ് സര്‍വ്വീസുകളുടെ പ്രധാന ജോലികള്‍.ഇതിന് നിങ്ങള്‍ക്ക് മികച്ച ഒരു തുക തന്നെ സര്‍വ്വീസ് ചാര്‍ജ്ജും ഈടാക്കാം.നിങ്ങള്‍ക്ക് ഇത്തരം വിഷയങ്ങളില്‍ പ്രാവീണ്യം ഇല്ലെങ്കില്‍ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി സംരംഭം ആരംഭിക്കാവുന്നതെയുള്ളു.

കൊമേഴ്‌സിലോ മറ്റേതെങ്കിലും വിഷയത്തിലോ ബിരുദമുള്ളവരും എഞ്ചിനീയറിംഗ് കഴിഞ്ഞവരും ഒക്കെ ഈ സംരംഭത്തിലേക്ക് ഇപ്പോള്‍ ഇറങ്ങുന്നുണ്ട്.ബിസിനസ് മാനേജ്‌മെന്റ് പഠിച്ചവര്‍ക്കും ഇതൊരു മികച്ച വരുമാനോപാദിയാണ്.

ഈ മേഖലയില്‍ ഇപ്പോള്‍ ഡിമാന്റ് കൂടുതലായതിനാല്‍ സംരംഭത്തിന് സ്വന്തമായി ഒരു വെബ്‌സൈറ്റുള്ളത് നന്നായിരിക്കും.വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകളുമായി മികച്ച ബന്ധം വളര്‍ത്തിയെടുക്കുന്നത് സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും.ഒരു ചെറിയ ഓഫീസും ഇന്റര്‍നെറ്റ് സംവിധാനമുള്ള കമ്പ്വൂട്ടറും അടക്കം അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കില്‍ ധൈര്യമായി ബിസിനസ് ഹെല്‍പ്പിംഗ് കണ്‍സല്‍ട്ടന്‍സി തുടങ്ങാം.

കസ്റ്റമറുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നടപ്പിലാക്കി അവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ നിരവധി അവസരങ്ങള്‍ നിങ്ങളുടെ സംരംഭത്തിലേക്ക് കടന്നുവരും.മെച്ചപ്പെട്ട തുക ഇത്തരം ആവശ്യങ്ങള്‍ക്കായി നവ സംരംഭകരും സംരംഭ മോഹികളും ചെലവഴിക്കാന്‍ തയ്യാറാകുന്നതു കൊണ്ട് തന്നെ നിങ്ങള്‍ക്ക് മാസം മികച്ച തുക കണ്‍സല്‍ട്ടന്‍സികളില്‍ നിന്ന് നേടാനുമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.