Sections

500 മില്യണ്‍ ഡോളര്‍ ഇന്ത്യയോട് കടം ചോദിച്ച് അയല്‍രാജ്യം; ശ്രീലങ്കയുടെ ഞെട്ടിക്കുന്ന പ്രതിസന്ധിക്ക് പിന്നില്‍ ?

Monday, Oct 18, 2021
Reported By admin
srilanka

വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുറവുണ്ടായതോടെയാണ് വായ്പ വാങ്ങാനുള്ള നീക്കം ശ്രീലങ്ക തുടങ്ങിയത്

 

ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി ഇന്ത്യയോട് വന്‍ തുക വായ്പ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്ക.രാജ്യത്ത് ഉയരുന്ന അതിഭീകരമായ ഇന്ധന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള എല്ലാവഴികളും അടഞ്ഞതോടെയാണ് ഇന്ത്യയോട് കൈനീട്ടുന്നത്.500 മില്യണ്‍ ഡോളറിന്റെ വായ്പയാണ് ശ്രീലങ്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്‌

വിദേശനാണ്യ ശേഖരത്തില്‍ വന്‍ കുറവുണ്ടായതോടെയാണ് വായ്പ വാങ്ങാനുള്ള നീക്കം ശ്രീലങ്ക തുടങ്ങിയത്. നിലവില്‍ ജനുവരി വരെ ഉപയോഗിക്കാനുള്ള ഇന്ധനം മാത്രമാണ് കൈവശമുള്ളതെന്ന് ശ്രീലങ്കയുടെ ഊര്‍ജ മന്ത്രി ഉദയ ഗാമന്‍പില വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം.

ഇന്ത്യ-ശ്രീലങ്ക ഇക്കണോമിക് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി വായ്പ വാങ്ങാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് ശ്രീലങ്ക അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് രാജ്യങ്ങളുടെ ഊര്‍ജ സെക്രട്ടറിമാര്‍ തമ്മില്‍ വൈകാതെ കരാര്‍ ഒപ്പിടും. ശ്രീലങ്കയിലെ പൊതുമേഖ എണ്ണ കമ്പനിയായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന് രണ്ട് ബാങ്കുകളില്‍ നിന്നായി 3.3 ബില്യണ്‍ ഡോളര്‍ കടം വാങ്ങിയാണ് മുന്നോട്ട് പോകുന്നത്.

സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷനാണ് ലങ്കയിലേക്കുള്ള എണ്ണ ഇറക്കുമതി നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് ടൂറിസം ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ വിദേശനാണ്യ ശേഖരത്തില്‍ വലിയ ഇടിവാണ് ശ്രീലങ്കയില്‍ അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ ജി.ഡി.പിയും വലിയ രീതിയില്‍ കുറഞ്ഞിരുന്നു.

വളരെ നാളായി അവിടെ നടക്കുന്ന അരക്ഷിതാവസ്ഥയുടെ ഏറ്റവും പുതിയ മുഖമാണ് ഇപ്പോള്‍ വെളിച്ചത്തു വരുന്നത്.സാമ്പത്തിക പ്രതിസന്ധിയുടെ കാഠിന്യം എത്രമാത്രം ലങ്കയെ വരിഞ്ഞുമുറുക്കിയിട്ടുണ്ടെന്ന് പുതിയ നീ്ക്കങ്ങളില്‍ നിന്ന് വ്യക്തമാണ്.രാജ്യത്ത് ഇതിന്റെ ആദ്യ ലക്ഷണമായയി സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.ആവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ് ഇപ്പോഴും കാണാന്‍ സാധിക്കുന്നത്.സര്‍ക്കാരിന്റെ അടക്കം സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഏറിയ പങ്കും കാലിയാണ്.ഇറക്കുമതി ചെയ്യുന്ന ധാന്യശേഖരം അടക്കം വളരെ കുറച്ചെയുള്ളു എന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറക്കുമതി കുറഞ്ഞതോടെ ആണ് അവശ്യവസ്തുക്കളുടെ വില കുതിച്ചത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് ഭക്ഷ്യ വസ്തുക്കളുടെ ഇറക്കുമതിക്ക് ആവശ്യമായ പണം നല്‍കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പക്കലില്ല.പോരാത്തതിന് മഹിന്ദ്ര രാജപക്‌സെയുടെ കാലം മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും എടുത്തുകൂട്ടിയ വായ്പതിരിച്ചടവ് സര്‍ക്കാരിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം കുറച്ചു.കോവിഡ് പ്രതിസന്ധി കൂടി ആയതോടെ ഇനിയും കടം എടുത്താലെ മുന്നോട്ട് നീങ്ങാന്‍ കഴിയു എന്ന അവസ്ഥയിലാണ് സര്‍ക്കാര്‍.

2021 ഏപ്രില്‍ മാസം അവസാനം വരെയുള്ള ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് തന്നെ ശ്രീലങ്കയുടെ വീദേശ കടം 3510 കോടി ഡോളര്‍ അതായത് 2.6 ലക്ഷം കോടി രൂപയാണ്.ഇതില്‍ 47 ശതമാനവും വിപണിയില്‍ നിന്നുള്ള വായ്പകളാണ്.

ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കില്‍ നിന്ന് 13 ശതമാനം വായ്പയുണ്ട്.ജപ്പാന്‍-ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വായ്പകള്‍ കടത്തിന്റെ 10 ശതമാനം വീതം വരും.ഇന്ത്യയില്‍ നിന്ന് ഇതിനോടകം 2 ശതമാനത്തിന്റെ വായ്പയുണ്ട്.2021 ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ വായ്പ തിരിച്ചടവ് ഇനത്തില്‍ മുതലും പലിശയുമായി 98.1 കോടി ഡോളര്‍ ലങ്ക തിരിച്ചടച്ചിട്ടുണ്ട്.കോവിഡ് പ്രതിസന്ധികാരണം കരുതല്‍ വിദേശനാണ്യ ശേഖരത്തില്‍ നിന്നാണ് ഈ തുക എടുത്തിരിക്കുന്നത്.അതോടെ 2019ല്‍ 750 കോടി ഡോളറായിരുന്നു കരുതല്‍ ശേഖരം കുത്തനെ താഴേക്ക് പോയി 280 കോടി ഡോളറായി മാറി.പിന്നാലെ ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു.

വിദേശനാണയം കിട്ടാതായതോടെ മറ്റുരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ സസാധിക്കാത്ത അവസ്ഥയായി.ഭക്ഷ്യ വസ്തുക്കള്‍ക്ക് മാത്രമല്ല,മരുന്നിനും ചികിത്സ ഉപകരണങ്ങള്‍ക്കും വരെ ക്ഷാമം ഉണ്ട്.വിനോദസഞ്ചാരമേഖല കൂടി തകര്‍ന്നതോടെ ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥ 3.6 ശതമാനം ചുരുങ്ങിയതും വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.