Sections

കൈത്തറിയുടെ മനോഹാരിതയുമായി സ്പെഷ്യൽ ഹാൻഡ്ലൂം എക്സ്പോ ഡിസംബർ 15 വരെ 

Wednesday, Dec 11, 2024
Reported By Admin
Discover India's Exquisite Weaving Heritage at the Special Handloom Expo

കൊച്ചി: രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാർ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ ശേഖരം കൊണ്ട് ശ്രദ്ധേയമാവുകയാണ് സ്പെഷ്യൽ ഹാൻഡ്ലൂം എക്സ്പോ. ലിസി ജംഗ്ഷനിലെ റെന ഇവന്റ് ഹബ്ബിൽ തിങ്കളാഴ്ച്ച ആരംഭിച്ച പ്രദർശന മേള സിനിമാ താരം അഞ്ജലി നായർ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം, ഹാൻഡ്ലൂം ഡെവലപ്മെന്റ് കമ്മീഷണർ എന്നിവരുടെ സഹകരണത്തോടെ നാഷണൽ ഡിസൈൻ സെന്റർ (എൻഡിസി) സംഘടിപ്പിക്കുന്നതാണ് മേള. വിവിധതരം സാരികളുടെ വലിയ ശേഖരമാണ് മേളയുടെ പ്രധാന ആകർഷണം. മധ്യപ്രദേശിൽ നിന്നുള്ള ചന്ദേരി, ഒഡിഷയിൽ നിന്നുള്ള ഇക്കത്ത്, ബംഗാളിൽ നിന്നുള്ള ജംദാനി, കാശ്മീരിൽ നിന്നുള്ള പഷ്മിന ഷാളുകൾ എന്നിവ മേളയെ ശ്രദ്ധേയമാക്കുന്നു. ചേന്ദമംഗലം, ബാലരാമപുരം കൈത്തറി സംഘങ്ങളുടെ മനോഹര വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്.

ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന എക്സ്പോ ഈ മാസം 15 ന് അവസാനിക്കും. രാവിലെ 11:00 മുതൽ രാത്രി 8:00 വരെയാണ് സമയം. ഇന്ത്യയിലുടനീളമുള്ള കൈത്തറി നെയ്ത്തുകാർ,സ്വയം സഹായ സംഘങ്ങൾ, കോർപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവരുടെ 70 സ്റ്റാളുകളാണ് എക്സ്പോയിലുള്ളത്. 50-ലധികം വ്യത്യസ്ത നെയ്ത്തുകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം, അതുല്യമായ കൈത്തറി പൈതൃകത്തെ അടുത്തറിയാനും എക്സ്പോ അവസരമൊരുക്കുന്നു.

സാരികൾക്ക് പുറമെ, ഷാളുകൾ, ഹോം ഫർണിഷിംഗ് സാധനങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളും പ്രദർശന മേളയിൽ ലഭ്യമാണ്. പരമ്പരാഗത ഇന്ത്യൻ കൈത്തറി വസ്ത്ര വിപണനം പ്രോത്സാഹിപ്പിക്കുക, ഹാൻഡ്ലൂം വ്യവസായത്തിന് ദേശീയവും ആഗോളവുമായ വിപണി ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.