Sections

എല്ലാം വെട്ടി തുറന്നുപറയുന്ന സ്വഭാവം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും

Wednesday, Dec 18, 2024
Reported By Soumya
Solutions for impulsive speech and mindful communication

എല്ലാം വെട്ടി തുറന്ന് സംസാരിക്കുന്ന ആൾക്കാരാണോ നിങ്ങൾ. ഇതൊരു സ്വഭാവ ദൗർബല്യമാണെന്ന് തിരിച്ചറിയണം. ചില ആൾക്കാർ എടുത്തുചാടി മറ്റൊന്നും ചിന്തിക്കാതെ ഉള്ളു തുറന്ന് അഭിപ്രായം പറയുന്ന ആളാകാം. ഇത് ഏത് കഴിവുള്ള ആളാണെങ്കിലും ഇങ്ങനെ പെട്ടെന്ന് അഭിപ്രായം പറയുന്ന ആൾ എല്ലാവരുടെയും ശത്രു ആവാനാണ് സാധ്യത. പക്ഷേ ഇങ്ങനെ വെട്ടി തുറന്നു പറയുന്നത് തന്റെ സ്വഭാവപ്രകൃതിയാണെന്ന്, സ്വഭാവ രീതിയാണെന്നും, വർഷങ്ങളായിട്ട് താൻ ഇങ്ങനെയാണെന്നും, അവരുടെ ഉള്ളിൽ അങ്ങനെയൊരു തോന്നൽ ഉണ്ടാകും. തനിക്ക് മറ്റുള്ള ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട എന്നും, ഞാൻ ഏതൊരു വളച്ചു കെട്ടുമില്ലാതെ സത്യസന്ധമായി സംസാരിക്കുന്ന ആളാണെന്നും, എനിക്ക് ആരെയും സോപ്പിടാൻ ആഗ്രഹം ഇല്ല, ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് ഈ പ്രവർത്തിയെ സ്വയം ന്യായീകരിക്കുന്ന ആൾക്കാരാണ് കൂടുതലും ഉള്ളത്. ഇങ്ങനെയുള്ള ആൾക്കാർക്ക് സുഹൃത്തുക്കൾ വളരെ കുറവായിരിക്കും. കുടുംബജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പങ്കാളിയോട് എപ്പോഴും തർക്കിക്കുന്ന ആളായിരിക്കും, മക്കളെ അംഗീകരിക്കാത്തവർ ആയിരിക്കും, മക്കളോട് ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ക്ഷോഭിക്കുന്നവർ ആയിരിക്കാം. ഇത് ടോക്സിക് ആയിട്ടുള്ള ആളുകൾ കൂടിയാണെങ്കിൽ അവർക്ക് സമൂഹത്തിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. യാത്ര ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ഒക്കെ പ്രശ്നങ്ങൾ വെറുതെ സൃഷ്ടിച്ചു കൊണ്ടിരിക്കും. എന്തിനെയും ഏതിനെയും കർശനമായി വിമർശിക്കുന്ന ആൾ ആയിരിക്കും. ഇവരുടെ ഏറ്റവും വലിയ പ്രത്യേകത സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ആളാണെങ്കിൽ അവർ എല്ലാത്തിനും ചാടിക്കയറി അഭിപ്രായം പറയുന്നവർ ആയിരിക്കും. അവർ ഒരു കാര്യം കണ്ട് ഉടനെ ഭാവി കാര്യങ്ങൾ ചിന്തിക്കാതെ ഉടൻ പ്രതികരിക്കുന്നവർ ആയിരിക്കും. ഇങ്ങനെ പ്രതികരിച്ച് നിയമ നടപടികൾ നേരിടേണ്ടിവരുന്ന ആളുകളെയും ഇന്ന് കാണാറുണ്ട്.ഇവർ എപ്പോഴും പറയാറുള്ളത് നേരെ വാ നേരെ പോ ചിന്താഗതിക്കാരാണ് തങ്ങൾ എന്നാണ്. അങ്ങനെ ജീവിക്കുന്നതാണ് ഏറ്റവും സമർത്ഥമായ ജീവിതം എന്ന് ഇവർ വാദിക്കുന്നു. പക്ഷേ നമ്മൾ ഇവരുടെ ജീവിതം നോക്കി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കഷ്ടപ്പാടും, വിമർശനങ്ങളും കേൾക്കുന്നത് ഇവരായിരിക്കും. ഇവർ അറിയാതെ തന്നെ അപകടങ്ങളിൽ ചെന്ന് ചാടുന്നവരാണ്. ഇങ്ങനെയുള്ള സ്വഭാവം മാറ്റേണ്ടത് ജീവിതത്തിൽ വളരെ അത്യാവശ്യമാണ്. ഇവർക്ക് എങ്ങനെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.

  • ഏതൊരു കാര്യത്തിനും മറുപടി പറയുന്നതിനു മുൻപായിട്ട് അൽപനേരം ചിന്തിച്ചിട്ടു മാത്രമേ പറയാവൂ. ഈ കാര്യത്തിൽ താൻ മറുപടി പറയേണ്ട ആവശ്യമുണ്ടോ ഇല്ലയോ എന്ന് ഒരു നിമിഷം ചിന്തിച്ചതിനുശേഷം മാത്രമേ പറയാവൂ.
  • താനിങ്ങനെ മറുപടി പറയുന്നത് കൊണ്ട് കേൾക്കുന്ന ആൾക്ക് ഉപകാരമുണ്ടോ,തനിക്ക് ഉപകാരമുണ്ടോ, സമൂഹത്തിന് ഉപകാരമുണ്ടോ എന്ന് ഇങ്ങനെ ആലോചിക്കുമ്പോൾ ചിന്തിക്കേണ്ടതാണ്. മറുപടി പറയുന്നത് കൊണ്ട് ആർക്കും ഒരു ഉപകാരവും ഇല്ലെങ്കിൽ മറുപടി പറയാതിരിക്കുന്നതാണ് നല്ലത്.
  • സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സമയത്ത് വെറുതെ അഭിപ്രായങ്ങൾ പറഞ്ഞു പ്രശ്നമുണ്ടാക്കാതെ ഇത് താൻ പറയുന്നത് കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ എന്ന് ചിന്തിച്ചതിനുശേഷം അഭിപ്രായങ്ങൾ പറയുക.
  • തന്റെ അഭിപ്രായം മാത്രമല്ല ശരി. ബാക്കിയുള്ളവർ പറയുന്നതിലും ശരി ഉണ്ടാകാം ഞാൻ കാണുന്നതുപോലെയല്ല മറ്റുള്ളവരും ലോകം കാണുന്നത്.പലരും വ്യത്യസ്തമായ രീതിയിലായിരിക്കും പലതും കാണുന്നത്. തന്റെ അഭിപ്രായത്തോട് മറ്റുള്ളവർ യോജിച്ചില്ലെങ്കിൽ അത് വലിയ പ്രശ്നമാക്കി ബഹളം ഉണ്ടാക്കുന്നത് ഇത്തരക്കാരുടെ സ്വഭാവമാണ്. ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നുള്ള രീതിയിൽ മുന്നോട്ടു പോകുന്നവരാണ് ഇവർ. ഇത് നിങ്ങളെക്കുറിച്ച് മറ്റുള്ളവർ മോശമായി ചിന്തിക്കാൻ ഇടയാക്കും. പ്രത്യേകിച്ച് കുടുംബ പ്രശ്നങ്ങളിൽ ആണ് കാണുന്നത് തന്റെ പങ്കാളി ഞാൻ പറയുന്നതു പോലെ മാത്രമെ ചെയ്യാവു,മക്കൾ ഞാൻ പറയുന്നതുപോലെ ജീവിക്കണം എന്ന് ചിന്തിക്കുന്നവരാണ്. ഓരോ വ്യക്തിക്കും അവരുടേതായ അഭിപ്രായസ്വാതന്ത്ര്യവും അവരുടേതായ സ്പെയിസും ജീവിതത്തിൽ ഉണ്ട്.
  • അഭിപ്രായം പറയുമ്പോൾ അവരെ വ്യക്തിപരമായി ഇൻസൾട്ട് ചെയ്യുന്ന രീതിയിൽ അഭിപ്രായങ്ങൾ പറയരുത്. ചില ആൾക്കാർ വെട്ടി തുറന്നു അഭിപ്രായം പറയുമ്പോൾ വ്യക്തിപരമായി വിമർശിക്കുന്ന രീതിയുണ്ട്. അവരുടെ രൂപ വൈകല്യങ്ങളെയോ, നിറത്തെയോ, ജാതിയെയോ, അല്ലെങ്കിൽ അവർ പ്രതിനിധീകരിക്കുന്നതിനെയൊക്കെ വളരെ മോശമായ പദപ്രയോഗങ്ങളിൽ കൂടി പറയാറുണ്ട്. ഇങ്ങനെ വെട്ടി തുറന്നുള്ള അഭിപ്രായം പറച്ചിൽ ഒരു അവഹേളനം ആണെന്ന് നാം തിരിച്ചറിയുക. ബോഡി ഷേമിങ് പോലെയുള്ള കാര്യങ്ങൾ സാംസ്കാരിക വിരുദ്ധമായ കാര്യങ്ങളാണെന്ന് ഓർക്കണം.
  • കഴിയുന്നതും ഇത്തരക്കാർ പുഞ്ചിരിയോടുകൂടി സംസാരിക്കാൻ ശ്രമിക്കണം. ദേഷ്യത്തോടുകൂടി സംസാരിക്കരുത്. ദേഷ്യം വരുമ്പോൾ വിവേകം നഷ്ടപ്പെടും. വിവേകം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ദേഷ്യം ക്രോധം ആയിട്ട് മാറാൻ സാധ്യതയുണ്ട്. ഈ ക്രോധം നമ്മളെ നാശത്തിലേക്ക് കൊണ്ടെത്തിക്കുകയുള്ളൂ. അതുകൊണ്ട് അഭിപ്രായങ്ങൾ തിരിച്ചു പറയുമ്പോൾ ഇത് മറ്റുള്ളവരുടെ അഭിപ്രായമാണെന്നും അവർക്കത് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പുഞ്ചിരിച്ചുകൊണ്ട് ഞാനതിനോട് യോജിക്കുന്നില്ല എന്നുള്ള കാര്യം പറയാം.

ഈ ലോകം നമ്മുടേത് മാത്രമല്ല ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്വം ഉണ്ട്. നമ്മൾ നമ്മുടെ ലക്ഷ്യങ്ങളും നമ്മുടെ ആഗ്രഹങ്ങളും ആണ് നിറവേറ്റേണ്ടത്. മറ്റുള്ളവരെ വിമർശിച്ചുകൊണ്ടിരുന്നാൽ നമുക്ക് നമ്മുടെ ലക്ഷ്യത്തിൽ എത്താൻ സാധിക്കുകയില്ല. അതുകൊണ്ട് നമുക്ക് നമ്മുടെ വ്യക്തിപരമായ ലക്ഷ്യങ്ങളും സാമൂഹ്യപരമായ പ്രതിബദ്ധതയുമാണ് ഉണ്ടാവേണ്ടത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.