Sections

റെക്കോര്‍ഡുകള്‍ തൂത്തുവാരി തെന്നിന്ത്യന്‍ സിനിമ, ബോളിവുഡിന് തകര്‍ച്ചയോ? 

Friday, Sep 02, 2022
Reported By admin
film

2021ലും 2020ലും ഇത് യഥാക്രമം 917 കോടിയും 717 കോടിയും ആയിരുന്നു


കഴിഞ്ഞ ആറ് മാസത്തിനിടെ ദക്ഷിണേന്ത്യന്‍ സിനിമകളായ പുഷ്പ, ആര്‍ആര്‍ആര്‍, കെജിഎഫ് 2 എന്നിവ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തു. 2022ലെ ആദ്യ എട്ട് മാസങ്ങളില്‍ ബോളിവുഡിലെ രാജ്യവ്യാപക ബോക്സ് ഓഫീസ് കളക്ഷന്‍ 2,299 കോടി കവിഞ്ഞു. 2021ലും 2020ലും ഇത് യഥാക്രമം 917 കോടിയും 717 കോടിയും ആയിരുന്നു. വലിയ ആഭ്യന്തര പ്രേക്ഷകരെയും വിദേശ പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന പാന്‍-ഇന്ത്യന്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള കഴിവ് ദക്ഷിണേന്ത്യന്‍ സിനിമയെ മികച്ചതാക്കിയിരിക്കുന്നു എന്നതാണ് വസ്തുത. 

തെന്നിന്ത്യന്‍ സിനിമകളിലെ ഹീറോയിസമാണ് പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതെന്നും അത് ഹിന്ദി സിനിമകളില്‍ ഇന്ന് കുറവാണെന്നും ബോളിവുഡിലെ തലമുതിര്‍ന്നവര്‍ തന്നെ പറയുന്നു. 2019-ല്‍, ആഭ്യന്തര ബോക്സ് ഓഫീസ് വരുമാനത്തില്‍ ബോളിവുഡിന്റെ വിഹിതം ദക്ഷിണേന്ത്യന്‍ സിനിമകളേക്കാള്‍ കൂടുതലായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് 4,000 കോടിയും ബോളിവുഡിന് 5,200 കോടിയും. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറി. 2021 കലണ്ടര്‍ വര്‍ഷത്തിലെ ആഭ്യന്തര ബോക്സ് ഓഫീസ് വരുമാനത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമകളുടേത് 2,400 കോടി രൂപയായിരുന്നുവെന്ന് EY-FICCI റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 800 കോടി രൂപയുമായി ബോളിവുഡ് രണ്ടാം സ്ഥാനത്തുമാണ്.

മോശം ഉള്ളടക്കം, സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകളിലെ ഇടിവ്, ഹിന്ദി സിനിമകളുടെ വിനോദ നികുതി, ജനസംഖ്യാപരമായ വ്യത്യാസങ്ങള്‍, ഡിജിറ്റല്‍ സ്ട്രീമിംഗിന്റെ വര്‍ദ്ധനവ് എന്നിവയാണ് ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമയുടെ മുന്നില്‍ ബോളിവുഡ് അടിയറവ് പറയുന്നതിന് കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉള്ളടക്കത്തിന്റെ കാര്യത്തില്‍, 2021 ജനുവരി മുതല്‍ പുറത്തിറങ്ങിയ 43 ബോളിവുഡ് സിനിമകളുടെ ശരാശരി IMDB റേറ്റിംഗ് കേവലം 5.9 മാത്രമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത സിനിമകളുടെ റേറ്റിംഗ് 7.3 ആണെന്നതാണ് ശ്രദ്ധേയം. പാന്‍ഡെമിക്കിന് മുമ്പ്, ഹിന്ദിയില്‍ പ്രതിവര്‍ഷം 80 സിനിമകള്‍ വരെ റിലീസ് ചെയ്തിരുന്നു. 3,000 മുതല്‍ 5,500 കോടി വരെ കളക്ഷന്‍ രേഖപ്പെടുത്തിയിരുന്നു. 2021 ജനുവരി മുതല്‍ ഇത് ആകെ 61 സിനിമകളായി കുറഞ്ഞു. വെറും 3,200 കോടിയായിരുന്നു കളക്ഷന്‍.

മള്‍ട്ടിപ്ലെക്സുകളുടെ വളര്‍ച്ച ബോളിവുഡില്‍ സിംഗിള്‍ സ്‌ക്രീന്‍ സിനിമാ ഹാളുകളുടെ ഇടിവിന് കാരണമായി. ഇത് വിനോദ നികുതിക്കൊപ്പം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായി. ദക്ഷിണേന്ത്യയില്‍, സിംഗിള്‍ സ്‌ക്രീനുകളുടെ കേന്ദ്രീകരണം വളരെ കൂടുതലാണ്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഹിന്ദി സിനിമകളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിന്റെ ഒരു കാരണം അതാണ്. മാത്രമല്ല, ദക്ഷിണേന്ത്യയില്‍ ഓണ്‍ലൈനിനെക്കാളധികം തിയറ്റര്‍ കാഴ്ചക്കാരായ സിനിമാപ്രേമികളുടെ എണ്ണം കൂടുതലാണ്. 

അതേസമയം, ഉത്തരേന്ത്യയില്‍, മില്ലേനിയലുകളിലെ സിനിമാ പ്രേമികള്‍  ഡിജിറ്റല്‍ ഓപ്ഷനുകള്‍ ഇഷ്ടപ്പെടുന്നു. ബോളിവുഡിലെ ഹിറ്റ് സിനിമകളുടെ ആജീവനാന്ത ബോക്സോഫീസ് കളക്ഷന്റെ 40-45 ശതമാനവും ഇന്ത്യയിലെ മള്‍ട്ടിപ്ലക്സ് ഇതര മേഖലകളില്‍ നിന്നാണ് വന്നത്. OTT പ്ലാറ്റ്ഫോമുകളുടെ ആവിര്‍ഭാവം ബോളിവുഡിലെ പണമൊഴുക്കിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉളളടക്കത്തിലും പ്രമേയത്തിലും ബോക്‌സ് ഓഫീസിലെ പണക്കിലുക്കത്തിലും ദക്ഷിണേന്ത്യന്‍ സിനിമയെ വെല്ലാന്‍   ബോളിവുഡ് പുതിയ തന്ത്രങ്ങള്‍ മെനയേണ്ടി വരുമെന്നാണ് ഇന്‍ഡസ്ട്രി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.