Sections

ടെസ്ലയുടെ ഫാക്ടറി ഇന്ത്യയിൽ; തിരക്കിട്ട നീക്കം, ഉടൻ ചർച്ച

Tuesday, Jul 25, 2023
Reported By admin
tesla

ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് ഇലോൺ മസ്ക് ലക്ഷ്യമിടുന്നത്


പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്ലയുടെ ഫാക്ടറി ഇന്ത്യയിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി പ്രതിനിധികൾ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വരുംദിവസങ്ങളിൽ തന്നെ ടെസ്ല പ്രതിനിധികൾ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

പ്രതിവർഷം അഞ്ചുലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ള ഫാക്ടറി സ്ഥാപിക്കുന്നതിന്റെ സാധ്യതയാണ് കമ്പനി തേടുന്നത്. കാറുകൾക്ക് രാജ്യത്ത് 20 ലക്ഷം രൂപ മുതലായിരിക്കും വില എന്നാണ് റിപ്പോർട്ടുകൾ. ചെലവ് കുറഞ്ഞ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയും കയറ്റുമതിയും ലക്ഷ്യമിട്ട് ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരുമായി ടെസ്ല പ്രതിനിധികൾ തിരക്കിട്ട് ചർച്ച നടത്തിവരികയാണ്. ഇതിൽ ഉന്നതതല ചർച്ചയായാണ് പീയുഷ് ഗോയലുമായുള്ള കൂടിക്കാഴ്ചയെ കമ്പനി കാണുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതിനിടെ ഇറക്കുമതി തീരുവയിൽ ഇളവ് നൽകാൻ സാധിക്കില്ലെന്ന് കമ്പനിയെ സർക്കാർ വൃത്തങ്ങൾ അറിയിച്ചതായും സൂചനകളുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ, ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയിൽ ഉടൻ തന്നെ ഫാക്ടറി സ്ഥാപിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഇലോൺ മസ്ക് പ്രത്യാശ പ്രകടിപ്പിച്ചത്.

ഇന്ത്യയെ ഇലക്ട്രിക് കാറുകളുടെ കയറ്റുമതി കേന്ദ്രമാക്കി മാറ്റാനാണ് ഇലോൺ മസ്ക് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിന്ന് ഇൻഡോ- പസഫിക് മേഖലയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിലേക്ക് കാറുകൾ കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതയാണ് ഇലോൺ മസ്ക് തേടുന്നതെന്നാണ് റിപ്പോർട്ടുകൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.