Sections

ലൈഫ് വീടുകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സൗജന്യമായി സ്ഥാപിക്കുന്നു

Friday, Sep 02, 2022
Reported By admin
kerala government

പ്രതിദിനം ഏകദേശം എട്ടു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ സാധിക്കുന്ന ഇത്തരം പ്ലാന്റുകൾക്ക് 25 വർഷത്തോളം പ്രവർത്തനശേഷിയുണ്ട്

 

ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ സൗജന്യ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 500 വീടുകളിലാണ് അനർട്ട് വഴി പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി 137 വീടുകളുടെ പുരപ്പുറങ്ങളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നതിനായി അനർട്ടിന് കീഴിലുള്ള വിവിധ ഡവലപ്പർമാരെ നിയോഗിച്ചു. ഇതിൽ 78 വീടുകളിൽ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിച്ചുകഴിഞ്ഞു. നടപടികൾ പൂർത്തിയാക്കി പ്രവർത്തനാനുമതി ലഭിച്ച വീടുകളിൽ വൈദ്യുതി ഉദ്പാദനവും ആരംഭിച്ചു.

രണ്ടു കിലോ വാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റുകൾ സ്ഥാപിക്കാൻ 1,35,000 രൂപയാണ് ചെലവ് വരുന്നത്. ഇതിൽ 39,275 രൂപ കേന്ദ്ര സർക്കാർ  വിഹിതവും 95,725 രൂപ സംസഥാന സർക്കാർ വിഹിതവുമാണ്. പ്ലാന്റുകൾ സ്ഥാപിക്കുക വഴി ലഭിക്കുന്ന വൈദ്യുതിയിൽ  ഗുണഭോക്താവിന്റെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്നത് ഇലക്ട്രിസിറ്റി ബോർഡിന് നൽകാനാകും. ഇതുവഴി ഗുണഭോക്താവിന് അധിക വരുമാനം ലഭിക്കും. ഒക്ടോബർ – സപ്തംബർ വരെയുള്ള സൗര വർഷം അടിസ്ഥാനപ്പെടുത്തി അധികമായി വരുന്ന വൈദ്യുതിയാണ് ഇത്തരത്തിൽ നല്കാനാകുക. നിലവിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ചതുപ്രകാരം യൂണിറ്റിന് 3.22 രൂപയാണ് ഉടമസ്ഥന് ലഭിക്കുക.

പ്രതിദിനം ഏകദേശം എട്ടു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ സാധിക്കുന്ന ഇത്തരം പ്ലാന്റുകൾക്ക് 25 വർഷത്തോളം പ്രവർത്തനശേഷിയുണ്ട്. ഒരു കിലോവാട്ട് (നാലു യൂണിറ്റ്) വൈദ്യുതി ഉദ്പാദിപ്പിക്കാൻ 100 ചതുരശ്രയടി സ്ഥലം ആവശ്യമാണ്. ഇതുപ്രകാരം 200 ചതുരശ്രയടി സ്ഥലമാണ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി വീടുകളിൽ മാറ്റി വെക്കേണ്ടത്. ലൈഫ്മിഷൻ ആണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നൽകുന്നത്. സൗജന്യമായി വൈദ്യുതി ലഭിക്കുന്നതിനാൽ ഇൻഡക്ഷൻ സ്റ്റവ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉപയോഗിക്കുകയാണെങ്കിൽ എൽ.പി.ജി  ഗ്യാസ്,പെട്രോൾ തുടങ്ങിയവയ്ക്കുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. നടപ്പു സാമ്പത്തിക വർഷംതന്നെ 500 വീടുകളിലും സൗരോർജ്ജ പ്ലാന്റുകൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.