- Trending Now:
കാർഷികോൽപ്പന്നങ്ങൾ കേടു കൂടാതെ സംരക്ഷിച്ച്, കർഷകർക്ക് ഗുണകരമായ രീതിയിൽ കോൾഡ് സ്റ്റോറേജ് ഉപയോഗിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. ആനയറ വേൾഡ് മാർക്കറ്റിൽ അനെർട്ട് സ്ഥാപിച്ച സൗരോർജ കോൾഡ് സ്റ്റോറേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കൃത്യമായ പരിപാലനം നടത്തി കേടുകൂടാതെ ശീതസംഭരണി നിലനിർത്തണം.
സീസൺ സമയത്തുണ്ടാകുന്ന പച്ചക്കറികൾ ശേഖരിച്ച് സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജിലൂടെ സാധിക്കും. വിലനിലവാരത്തിലെ വ്യതിയാനം സംഭവിക്കുന്ന പക്ഷം കേടുകൂടാതെ സൂക്ഷിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റും മൂല്യ വർധിത ഉൽപ്പന്നങ്ങളിലേക്ക് മാറ്റാൻ കഴിയണം. സാരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ വൈദ്യുതി ബിൽ ഇനത്തിൽ ലാഭമുണ്ടാകും. നിലവിലെ കാർഷിക പമ്പുകൾ സൗരോർജത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾ സർക്കാർ തുടരുകയാണ്.
ആദ്യ ഘട്ടത്തിൽ രണ്ട് ലക്ഷം പമ്പുകൾ സോളാറിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. കാർഷികോൽപ്പന്നങ്ങൾ കേടുകൂടാതെ സൂക്ഷിക്കുക എന്നത് നിലവിൽ കർഷകർ അനുഭവിക്കുന്ന പ്രതിസന്ധിയാണ്. ഇതിനുള്ള ശാസ്ത്രീയ പരിഹാരമാണ് സൗരോർജ ശീതികരണ സംഭരണിയെന്നും മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അനെർട്ട് സി ഇ ഒ നരേന്ദ്രനാഥ് വേളൂരി സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ വി ജി കുമാരൻ, വേൾഡ് മാർക്കറ്റ് എക്സിക്യുട്ടീവ് അംഗം എൻ അജിത് കുമാർ, സെക്രട്ടറി റോസ് ലിൻഡ് ആർ എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തിരുവനന്തപുരം നഗരത്തെ പൂർണമായും സൗരോർജ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അനെർട്ട് നടപ്പിലാക്കുന്ന സോളാർ സിറ്റി പദ്ധതിയുടെ ഭാഗമായാണ് സോളാർ കോൾഡ് സ്റ്റോറേജ് സ്ഥാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.