Sections

ജീവന്റെ നിലനില്‍പ്പിന് മണ്ണ് കൂടിയേ തീരു...മണ്ണ് ദിനത്തില്‍ മന്ത്രിയുടെ വാക്കുകള്‍ വൈറലാകുന്നു

Monday, Dec 05, 2022
Reported By admin
soil day, kerala government

ഉദ്ഘാടനത്തിനു ശേഷം മികച്ച സംഭാവനകള്‍ നല്‍കിയ കര്‍ഷകരെ ആദരിച്ച മന്ത്രി മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു


ഭക്ഷണം, ആരോഗ്യം, വസ്ത്രമുള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളുമായി ബന്ധപ്പെട്ട ജീവന്റെ നിലനില്‍പ്പിനാധാരമാണ്മണ്ണെന്ന്കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ലോക മണ്ണ് ദിനാചരണ ഉദ്ഘാടനം തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായികാധ്വാനത്തെ തിരസ്‌കരിക്കുന്ന വര്‍ത്തമാന സമൂഹത്തിന്റെ ചിന്താഗതികളില്‍ മാറ്റം വരേണ്ടതുണ്ട്. അക്ഷരാഭ്യാസം പോലുമില്ലാതിരുന്ന തലമുറ മണ്ണിനെ സ്നേഹിച്ചും അധ്വാനിച്ചും ജീവിച്ചതിന്റെ തുടര്‍ച്ചയാണ് നമ്മള്‍ അനുഭവിക്കുന്നത്.

പുതുമയെ വാരിപ്പുണരുകയും വിവര സാങ്കേതിക വിദ്യയുടെ ഔന്നിത്യത്തിലെത്തുമ്പോഴും അന്നത്തിനപ്പുറമൊന്നുമില്ല എന്ന ചിന്ത നമുക്കുണ്ടാകണം. മണ്ണ് ശരീരത്തില്‍ പറ്റിയാന്‍ മോശമാണെന്ന ധാരണ നമുക്കുണ്ട്. മണ്ണിനെ ഉപേക്ഷിക്കുന്ന തലമുറ രോഗങ്ങളിലേക്കായിരിക്കും എത്തുക. അതു കൊണ്ട് തന്നെ എല്ലാം വലിച്ചെറിയാനുള്ള ഇടമല്ല മണ്ണ്. മനുഷ്യന്‍ പ്രകൃതിക്കേല്‍പ്പിച്ച ആഘാതങ്ങളുടെ തുടര്‍ച്ചയാണ് ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമടക്കമുള്ള ദുരന്തങ്ങള്‍.

മണ്ണ് സംരക്ഷണമെന്നത്  സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തത്തിനപ്പുറം ഓരോ കുടുംബങ്ങളുടെയും വ്യക്തികളുടെയും ബാധ്യതയായി മാറണം. സമയമില്ലെന്ന പതിവ് ചൊല്ലുകള്‍ക്കപ്പുറം മണ്ണിനും കൃഷിക്കും വേണ്ടി കൂടി ജീവിതം മാറ്റിവെക്കണം. വിദ്യാര്‍ത്ഥികളുള്‍പ്പെടെയുളള പുതുതലമുറ മണ്ണിന്റെ മഹത്വം തിരിച്ചറിഞ്ഞ് ജീവിക്കാന്‍ മണ്ണ് ദിനാചരണം പ്രേരണയാകട്ടെയെന്ന് മന്ത്രി പറഞ്ഞു.ഉദ്ഘാടനത്തിനു ശേഷം മികച്ച സംഭാവനകള്‍ നല്‍കിയ കര്‍ഷകരെ ആദരിച്ച മന്ത്രി മണ്ണ് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ മല്‍സരങ്ങളില്‍ ജേതാക്കളായ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.