Sections

കേരളത്തിന് വീണ്ടും പുരസ്‌കാരം: കെ-ഡിസ്കിന് സ്‌കോച്ച് അവാര്‍ഡ്

Wednesday, May 24, 2023
Reported By Admin
K Disc

കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന് സ്കോച്ച് അവാർഡ്


തിരുവനന്തപുരം: കേരള സർക്കാർ സംരംഭമായ കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന് [ കെ-ഡിസ്ക് ] സ്കോച്ച് അവാർഡ്. കെ- ഡിസ്കിന് കീഴിൽ ആവിഷ്കരിച്ച കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതിയാണ് പുരസ്കാരത്തിന് അർഹമായത്. ഇന്ത്യയെ മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, പദ്ധതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകുന്ന ബഹുമതിയാണ് സ്കോച്ച് അവാർഡ്. ഇ- ഗവേണൻസ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.

അഭ്യസ്ഥ വിദ്യരായ തൊഴിൽ അന്വേഷകർക്ക് വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യം നൽകി തൊഴിൽ കണ്ടെത്താൻ പ്രാപ്തമാക്കുകയാണ് മിഷൻ ചെയ്യുന്നത്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ 20 ലക്ഷം തൊഴിൽ രഹിതർക്ക് തൊഴിൽ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. 'അഭ്യസ്ഥവിദ്യരും തൊഴിൽ രഹിതരുമായവരെ കുടുംബശ്രീ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തിലൂടെ കണ്ടെത്തി അവർ ആഗ്രഹിക്കുന്ന മേഖലയിൽ തൊഴിൽ ലഭിക്കുവാൻ കാലഘട്ടത്തിനനുസരിച്ചുള്ള നൈപുണ്യ പരിശീലനം നൽകുക, നൈപുണ്യം ലഭിച്ചവരെ തൊഴിൽദാതാക്കളുമായി ബന്ധപ്പെടുത്തി ഇൻഡസ്ട്രിയിലെ നൈപുണ്യ വിദഗ്ദ്ധരായ തൊഴിൽ സേനയുടെ വിടവ് നികത്തുക തുടങ്ങിയവയാണ് കെകെഇഎം പദ്ധതിയിലൂടെ നടപ്പാക്കുന്നത് ' - കെ-ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻ പറഞ്ഞു. കെകെഇഎം തയാറാക്കിയ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതിനായി ആശയവിനിമയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പ്രത്യേകം പരിശീലനം നൽകിവരുന്നു. ഇത്തരത്തിൽ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുവാനുള്ള കെ.ഡിസ്കിന് കീഴിൽ വിഭാവനം ചെയ്ത കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവർത്തനത്തിനാണ് ഇപ്പോൾ ദേശിയ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ മാസം 27 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരംവിതരണംചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.