Sections

നോട്ട് നിരോധനത്തിന് ആറ് വര്‍ഷം; ജനങ്ങളുടെ കൈവശമുള്ള കറന്‍സിയില്‍ റെക്കോര്‍ഡ് വര്‍ദ്ധന

Monday, Nov 07, 2022
Reported By admin
currency

2016 നവംബര്‍ 8 ന് അര്‍ദ്ധരാത്രിയാണ് രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കിയത്

 

നോട്ട് നിരോധനത്തിന് ശേഷം ആറ് വര്‍ഷം പിന്നിട്ടിട്ടും ജനങ്ങളുടെ കൈവശമുള്ള കറന്‍സി  നോട്ടുകള്‍ വര്‍ദ്ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. 2022 ഒക്ടോബര്‍ വരെയുള്ള കണക്ക് അനുസരിച്ച് ജനങ്ങളുടെ കൈയ്യില്‍ 30.88 ലക്ഷം കോടി രൂപയോളം കറന്‍സി നോാട്ടുകള്‍ ഉണ്ട്.

2016 നവംബര്‍ എട്ടിന് നോട്ട് നിരോധിക്കുന്ന രാജ്യത്തെ പൗരന്മാരുടെ കൈയ്യിലുള്ളതിനേക്കാള്‍  71.84% ശതമാനം കൂടുതലാണ് ഇപ്പോഴുള്ളത് എന്ന് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.  2016 നവംബര്‍ 4 ന് ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ അളവ് 17.7 ലക്ഷം കോടി രൂപയായിരുന്നു. പണ ഉപഭോഗം കുറച്ച് ഡിജിറ്റല്‍ പണമിടപാട് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടെന്ന് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബര്‍ 8 ന് അര്‍ദ്ധരാത്രിയാണ് രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കിയത്.  500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു അന്ന്. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കുകയും വിപണിയില്‍ പണത്തിന്റെ ഉപയോഗം കുറയ്ക്കുകയും  ചെയ്യുക എന്നുള്ളതായിരുന്നു നോട്ട് നിരോധനത്തിന് പിന്നാലെയുള്ള വിശദീകരണം. മാത്രമല്ല, രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ നീക്കത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. 

ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന പണത്തെയാണ് പൊതുജനങ്ങളുടെ കൈയിലുള്ള കറന്‍സിയായി സൂചിപ്പിക്കുന്നത്. പ്രചാരത്തിലുള്ള മൊത്തം കറന്‍സിയില്‍ നിന്ന് ബാങ്കുകളിലെ പണത്തിന്റെ അളവ് കുറച്ചാണ് ഇത് കണക്കാക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്ക് പണത്തെ ആശ്രയിക്കുന്ന സാധാരണ പൗരന്മാര്‍ക്ക് നോട്ടു നിരോധനം വലിയ ബുദ്ധിമുട്ടാണ് വരുത്തിയത്. നോട്ടു നിരോധിച്ചപ്പോള്‍ സര്‍ക്കാര്‍ നിരത്തിയ ലക്ഷ്യങ്ങളൊന്നും നേടാന്‍ ആയില്ലെന്നും പ്രധാനമന്ത്രിയുടെ അര്‍ദ്ധരാത്രിയിലെ നടപടി പൂര്‍ണ പരാജയമായിരുന്നെന്നും ആരോപണങ്ങളുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.