- Trending Now:
ജൈവ കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കാന്‍ ഹരിത കേരളം പദ്ധതിയുമായി സര്‍ക്കാര്‍ ഇന്ന് മുന്നിട്ടിറങ്ങുന്നു.പക്ഷെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആ പാതയില്‍ പരീക്ഷണങ്ങള്‍ നടത്തി മുന്നേറുന്ന ആളാണ് ഷിംജിത്ത്.
കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും അനുയോജ്യമായ രീതിയില്‍ ജൈവ കൃഷിയിലൂടെ മിന്നുന്ന വിജയം നേടിയ യുവ കര്‍ഷകനാണ് കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി കാഞ്ഞിരോട് ഷെര്‍ലി നിവാസില്‍ എന്‍ ഷിംജിത്ത്.
വലിയ റിസ്ക് = വലിയ നേട്ടങ്ങള്‍. കൃഷി വിശേഷങ്ങള്‍ പങ്കുവച്ചു വിനോദ് വേണുഗോപാല്‍... Read More
വിവിധ ഇനം നെല്‍കൃഷിയും ഔഷധ സസ്യങ്ങളുടെ വലിയ ശേഖരവും ജൈവ പച്ചക്കറി കൃഷി-പഴവര്‍ഗ്ഗ കൃഷി, ഇതിനു പുറമെ ഗോവന്‍ കുള്ളന്‍ പശു,യമു,മുയല്‍,നാടന്‍ കോഴികള്‍,താറാവ്,വിവിധ ഇനം ആടുകള്‍,മത്സ്യകൃഷി തുടങ്ങി വിപുലമാണ് ഷിംജിത്തിന്റെ കാര്‍ഷിക മേഖല.
കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ ഭൂമിയില്‍ എന്തെല്ലാം കഴിയുന്നുവോ അതൊക്കെ കൃഷി ചെയ്ത് മണ്ണില്‍ വിളവെടുത്ത് ജീവിതത്തില്‍ സന്തോഷം കണ്ടെത്തുകയാണ് ഈ ചെറുപ്പക്കാരന്‍.
സര്‍വ്വത്ര കൃഷി !
ജൈവകൃഷിയിലൂടെ നേടിയ ഷിംജിത്തിന്റെ കാര്‍ഷിക നേട്ടത്തിന് അക്ഷയശ്രീ സംസ്ഥാന പുരസ്‌കാരം 2017ല്‍ തേടിയെത്തിയിരുന്നു.സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര,തില്ലങ്കേരി യുവകര്‍ഷക പുരസ്‌കാരം അടക്കം ചെറുതും വലുതുമായി നിരവധി പുരസ്‌കാരങ്ങള്‍.
ഒരു ഭാഗത്ത് പാടശേഖരം അതിനെക്കാള്‍ കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ ഷിംജിത്തിന്റെ കൃഷിയിടം ശരിക്കും ഒരു പരീക്ഷണശാലയാണെന്ന് പറയാം.നെല്ലും പയറും ചീരയും മാത്രമല്ല നിലക്കടല മുതല്‍ ചെറിയ ഉള്ളിവരെ ഇവിടെ കാണാം.മരച്ചീനിയും വെണ്ടയും പടവലവും ഒക്കെ നിറഞ്ഞ ഹരിത കൃഷിഭൂമിയൊരുക്കിയിരിക്കുന്നത് പൂര്‍ണമായും ജൈവീകമായ രീതിയിലാണെന്നതാണ് ഏറെ ഹൃദ്യം.
ടെറസ് കൃഷിയില്‍ നിന്ന് മികച്ച ആദായം
നേടാം...പൂര്‍ണ വിവരങ്ങള്‍ മനസിലാക്കിയതിന് ശേഷം... Read More
രാസവളങ്ങളും കീടനാശിനികളും നശിപ്പിച്ച മണ്ണ് ഇവിടെയില്ല പകരം ശുദ്ധമായ ജീവനുള്ള മണ്ണാട് ഷിംജിത്ത് കാത്ത്‌സംരക്ഷിക്കുന്നത്.നാട്ടിന്‍പുറങ്ങളിലുള്ള പ്രാദേശിക വിളകള്‍ മാത്രം പരീക്ഷിക്കാതെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിളകള്‍ കൂടി കേരളത്തിന്റെ കാലാവസ്ഥയില്‍ വിജയകരമായി കൃഷിചെയ്യാന്‍ സാധിക്കും എന്ന് ഷിംജിത്തിന് തന്റെ കൃഷിയിലൂടെ തെളിയിക്കാന്‍ സാധിച്ചു.
ജൈവകം ജൈവ ലോകം !
വീടിനു സമീപത്തുള്ള അഞ്ചേക്കര്‍ സ്ഥലത്തെ കരിങ്കല്‍ പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂമിയില്‍ മലമുകളിലെ നീരുറവകളെ ഫലപ്രദമായി ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്.ഇവിടെ വളര്‍ത്തുന്ന കന്നുകാലികളുടെ ചാണകം,മൂത്രം,കോഴികാഷ്ഠം,കടലപ്പിണ്ണാക്ക് എന്നിവ മാത്രമാണ് ഷിംജിത്ത് കൃഷിയ്ക്ക് വളമായി ഉപയോഗിക്കുന്നത്.
ഷിംജിത്തിന്റെ ഈ വലിയ കൃഷിയിടം ജൈവകം തില്ലങ്കേരി മോഡല്‍ ബയോ ഡൈവേഴ്‌സിറ്റി സെന്റര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.ഇവിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും,നാട്ടുവൈദ്യന്മാരും ഗവേഷക വിദ്യാര്‍ത്ഥികളും വിദേശികളും പോലും സന്ദര്‍ശകരായെത്തുന്നു.കൃഷിയെ അറിയാനും ജൈവ കൃഷി പഠിക്കാനും മികച്ച പാഠശാലയാണ് ജൈവകം.
കാലാവസ്ഥ അനുയോജ്യമല്ലെങ്കിലും ഈ കൃഷിയിലൂടെ ലാഭം കൊയ്യാം... Read More
കുട്ടിക്കാലത്ത് തന്നെ കൃഷിയില്‍ താല്‍പര്യമുണ്ടായിരുന്ന ഷിംജിത്ത് തന്റെ അച്ഛന്റെ പാത പിന്തുടര്‍ന്നാണ് കൃഷിയിലേക്ക് മുന്നിട്ടിറങ്ങുന്നത് വ്യത്യസ്തങ്ങളായ നെല്ലിനങ്ങള്‍,വാഴകള്‍,60 ലേറെ തരം പച്ചമുളകുകള്‍,പത്തിനം ചീര തുടങ്ങി ഉരുളക്കിഴങ്ങും ഉള്ളിയും പോലും ഈ മണ്ണില്‍ വിളയുന്നു.65 സെന്റ് സ്ഥലത്ത് നിന്നാണ് ഷിംജിത്ത് തന്റെ കൃഷി ആരംഭിക്കുന്നത് ഇപ്പോള്‍ പാട്ടത്തിനെടുത്ത ഭൂമിയടക്കം ഏക്കറുകള്‍ വിസ്തൃതമായ കൃഷിഭൂമിയായി അത് മാറി.
അന്നൂരി മുതല്‍ അപൂര്‍വ്വ ഔഷധങ്ങള്‍ വരെ
അന്നൂരി എന്ന നെല്ലിനമാണ് ഷിംജിത്തിന്റെ കൃഷിയിടത്തിലെ പ്രധാന ആകര്‍ഷണം.ഒരു മാസം കൊണ്ട് തന്നെ വളര്‍ച്ചയെത്തുന്ന ഈ നെല്ല് ഒരു ജിവസം കൊണ്ട് തന്നെ വിളഞ്ഞ് അന്ന് തന്നെ കൊഴിഞ്ഞു വീഴുന്നു.ഈ പ്രത്യേകത കൊണ്ടാണ് അന്നൂരി എന്ന പേര് വന്നത്.കേരളത്തിലെ തെക്കന്‍മേഖലകളായ കുളത്തൂപ്പുഴയിലും ശബരിമലയിലുമുള്ള വനമേഖലകളില്‍ സുലഭമായി വളരുന്ന അന്നൂരി ആദിവാസികള്‍ പച്ചമരുന്നായി ഉപയോഗിച്ചിരുന്നതാണ്.ഇതു പോലെ വൈവിധ്യങ്ങളായ ബ്ലാക്ക് ജാസ്മിന്‍,കൃഷ്ണ കൗമുദി,ജീരകശാല തുടങ്ങി 1000 രൂപ വിലവരുന്ന കരിബസുമതി പോലുള്ള നെല്ലുകളൊക്കെ ഇവിടെ കൃഷി ചെയ്യുന്നു.
കോഴി-മത്സ്യകൃഷിയില്‍ ചെലവു കുറയ്ക്കാം ഒപ്പം വേസ്റ്റ് ഫ്രീയും ബിഎസ്എഫ് ലാര്‍വകള്‍
... Read More
ചുവന്ന ജെല്ലുള്ളതടക്കം വ്യത്യസ്തങ്ങളായ ഏഴോളം കറ്റാര്‍വാഴകള്‍,ഗരുഡപച്ച,മുക്കുറ്റി,എല്ലൂറ്റി,പാമ്പ് വിഷചികിത്സയ്ക്ക് ഉപയോഗിക്കുന്ന നാഗവെറ്റില,വള്ളികാഞ്ഞിരം പോലുള്ള അപൂര്‍വ്വ ഔഷധ സസ്യങ്ങളും അശോകം,പൈന്‍,സര്‍വ്വ സുഗന്ധി,നാല്‍പാമരം,ചുവന്ന അകില്‍,കര്‍പ്പൂരം കാട്ടുകൊന്ന,പേരാല്‍,മന്ദാരം,രുദ്രാക്ഷം,ചമത,ഈശ്വരമുല്ല,കരിനൊച്ചി,മുള്ളന്‍ ചക്ക,കരിമഞ്ഞള്‍ തുടങ്ങി ഔഷധ സസ്യങ്ങളുടെ വലിയ ശേഖരം ഷിംജിത്ത് പരിപാലിക്കുന്നുണ്ട്.
180 ഓളം വ്യത്യസ്തങ്ങളായ നെല്ല് വിത്ത് ശേഖരം ഇവിടുണ്ട് 13 ഇനങ്ങളില്‍പ്പെട്ട നെല്ല് ഇവിടെ സ്ഥിരമായി കൃഷി ചെയ്യുന്നു.ചിരട്ടകളില്‍ കോര്‍ത്ത് ഒരുക്കിയ ചെറുതേനീച്ച കൃഷിയും ഇവിടെ കാണാം.
തുളസി വൈവിധ്യം 50ലേറെ
വ്യത്യസ്തങ്ങളായ സുഗന്ധം പടര്‍ത്തുന്ന 35 ഓളം തുളസികള്‍ ജൈവകം കൃഷിയിടത്തിന്റെ പ്രധാന ആകര്‍ഷണമാണ്.പരമ്പരാഗത കാര്‍ഷിക വിളകളും ഔഷധസസ്യങ്ങളും സംരക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് വ്യത്യസ്തങ്ങളായ തുളസികളെ കണ്ടെത്തിയതും ശേഖരിച്ചതും.കൃഷ്ണ തുളസിക്കും കരിംതുളസിക്കും പുറമെ പാല്‍തുളസി,ബേസില്‍ തുളസി,ഇഞ്ചി തുളസി,ചന്ദന തുളസി,മസാല തുളസി,കാട്ടുതുളസി,സൂര്യ തുളസി തുടങ്ങിയവയ്ക്ക് ഒപ്പം ജൈവകം എന്ന പേരില്‍ മൂന്ന് ഗന്ധങ്ങളുള്ള ഒരു തുളസിയെ ഷിംജിത്ത് വികസിപ്പിച്ചെടുക്കുകയും ചെയ്തു. പലതരം തുളസികള്‍ ഇവിടെ തഴച്ചുവളരുന്നു.
മുഴുവന്‍ സമയം കര്‍ഷകനായ ഈ നാല്പത്തിരണ്ടുകാരന്‍ കഴിഞ്ഞ 25 വര്‍ഷമായി കൃഷി ചെയ്യുന്നു.ഏകദേശം ഒമ്പത് വര്‍ഷത്തിലേറെയായി ജൈവകൃഷിയിലേക്ക് തിരിഞ്ഞിട്ട്.7 വര്‍ഷം കൊണ്ട് ഔഷധകൃഷി ചെയ്യുന്നു.മകന്‍ ആദി കിരണും മകള്‍ ആദി സൂര്യയും അച്ഛനൊപ്പം ഒഴിവു സമയങ്ങളില്‍ കൃഷിയില്‍ സഹായിക്കാന്‍ ഒപ്പം ഉണ്ട്.വിത്തുകളും തൈകളും വിറ്റു കിട്ടുന്ന പണം ഉപയോഗിച്ചാണ് കൃഷി.
കീടനാശിനികള്‍ ഒന്നും ഉപയോഗിക്കാതെയുള്ള വിളകള്‍ ജില്ലയില്‍ തന്നെ വിറ്റഴിയുന്നു.ജൈവ സംസ്‌കൃതി വഴിയാണ് വില്‍പ്പനയേറെ.ഉത്പന്നങ്ങള്‍ സ്വന്തം കടയിലും ബയോഫാര്‍മസി നഴ്‌സറിയിലും ഷിംജിത്ത് വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്.പക്ഷെ സര്‍ക്കാരിന്റെ വേണ്ടത്ര ശ്രദ്ധ ഈ കര്‍ഷകനെ തേടിയെത്തുന്നില്ലെന്നതാണ് വിഷമകരം.ജൈവ ഉത്പന്നങ്ങള്‍ക്കും ഔഷധ സസ്യങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്.മഞ്ഞള്‍,മഞ്ഞപ്പൊടി,ഉമിക്കരി,എള്ള്,എള്ളെണ്ണ,കസ്തൂരി മഞ്ഞള്‍ തുടങ്ങിയ ഉത്പന്നങ്ങളും ഇവിടെ വില്‍ക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷിംജിത്ത് 9447361535
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.