Sections

കേരളത്തിൽ നൂതന വിദ്യാഭ്യാസ പദ്ധതി 'എൻഎക്‌സ്‌പ്ലോറേഴ്‌സ് ജൂനിയർ അവതരിപ്പിച്ച് ഷെല്ലും സ്‌മൈൽ ഫൗണ്ടേഷനും

Wednesday, Sep 06, 2023
Reported By Admin
NXplorers Junior

തൃശ്ശൂർ: ഊർജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ ഷെല്ലും രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ സ്മൈൽ ഫൗണ്ടേഷനും തൃശൂർ ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്ക് പ്രയോജനകരമായ നൂതന വിദ്യാഭ്യാസ പദ്ധതിയായ 'എൻഎക്സ്പ്ലോറേഴ്സ് ജൂനിയർ' (NXplorers Junior) അവതരിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ വ്യക്തമാക്കിയിട്ടുള്ള പ്രാദേശിക, ആഗോള വെല്ലുവിളികൾ മനസിലാക്കാനും അവ നേരിടാനും വിദ്യാർഥികളെ പ്രാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ വർഷം ജില്ലയിലെ 69 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക.

ഷെല്ലിന്റെ സാമൂഹിക നിക്ഷേപ സ്റ്റെം (സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസ പദ്ധതിയാണ് എൻഎക്സ്പ്ലോറേഴ്സ്. സ്മൈൽ ഫൗണ്ടേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 10-നും 12-നും വയസിനിടയിലുള്ള വിദ്യാർഥികൾക്കാണ് പദ്ധതിയിലൂടെ പരിശീലനം നൽകുക. അധ്യാപക ഗൈഡ്, പവർപോയിന്റ് സ്ലൈഡുകൾ, പരിശീലന വീഡിയോകൾ തുടങ്ങിയ ഉപാധികളിലൂടെയായിരിക്കും കോഴ്സുകൾ ലഭ്യമാക്കുന്നത്.

ജലത്തിന്റെ പ്രാധാന്യം, ഭക്ഷ്യോൽപാദനം മെച്ചപ്പെടുത്തുക, ഊർജസംരക്ഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിഷയങ്ങളാണ് എൻഎക്സ്പ്ലോറേഴ്സ് ജൂനിയർ വർക്ഷോപ്പുകൾ കൈകാര്യം ചെയ്യുക. തൃശൂരിന് പുറമേ ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ആദ്യ വർഷം പദ്ധതി നടപ്പാക്കുന്നുണ്ട്. സർക്കാർ സ്കൂളുകളിലെയും ചെറുകിട സ്വകാര്യ സ്കൂളുകളിലെയും പിന്നാക്ക വിദ്യാർഥികൾക്കായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് പുറമേ രക്ഷിതാക്കളിലും സ്റ്റെം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

പഠനം പുസ്തകത്താളുകളിൽ ഒതുങ്ങാതെ കുട്ടികളുടെ ചിന്താശേഷി ഉണർത്തി ആഴത്തിൽ പഠിക്കാൻ എൻഎക്സ്പ്ലോറർ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് തൃശ്ശൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി. ഷാജിമോൻ പറഞ്ഞു. സ്റ്റെം വിദ്യാഭ്യാസത്തിലൂടെ വിവിധ മേഖലകളിലെ പ്രശ്നങ്ങൾക്ക് ഫലപ്രദമായ സുസ്ഥിര പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ നേതൃപരമായ പങ്ക് വഹിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കാൻ കഴിയുമെന്ന് സ്മൈൽ ഫൗണ്ടേഷൻ സഹസ്ഥാപകനും എക്സിക്യൂട്ടീവ് ട്രസ്റ്റിയുമായ ശന്തനു മിശ്ര പറഞ്ഞു. വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനവും മാർഗനിർദേശവും നൽകിയാൽ ഇന്നത്തെ കാലത്ത് ലോകം നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ അവർക്ക് കഴിയുമെന്ന് സ്മൈൽ ഫൗണ്ടേഷൻ ഉറച്ച് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുണമേന്മയുളള വിദ്യാഭ്യാസത്തിലൂടെ മികച്ച യുവതയെ വാർത്തെടുക്കുകയെന്ന സ്മൈൽ ഫൗണ്ടേഷന്റെ ദൗത്യവുമായി ചേർന്ന് നിൽക്കുന്നതാണ് എൻഎക്സപ്ലോററെന്നും മികച്ച ഭാവി ഉറപ്പാക്കുന്നതിന് സ്മൈലുമായി ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതി ഷെല്ലിന്റെ നാഴികക്കല്ലാകുമെന്ന് ഷെൽ അധികൃതർ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.