Sections

ശബരിമല കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍  സര്‍വീസുകള്‍ക്കെതിരെ വ്യാപക പരാതി

Wednesday, Nov 23, 2022
Reported By MANU KILIMANOOR

നിരക്ക് വര്‍ധനയെന്നത് നുണ പ്രചരണമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം

ശബരിമല തീര്‍ത്ഥാടനത്തിനുള്ള കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കെതിരെ വ്യാപക പരാതി. അമിത നിരക്കിന് പുറമെ ടിക്കറ്റ് ചാര്‍ജില്‍ കൃത്യതയില്ലെന്നുമാണ് തീര്‍ത്ഥാടകരുടെ ആരോപണം. എന്നാല്‍ നിരക്ക് വര്‍ധനയെന്നത് നുണ പ്രചരണമെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.ശബരിമല സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ 16 തീയതി വൈകീട്ട് ഏഴ് മണിക്ക് ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് യാത്ര ചെയ്ത തീര്‍ത്ഥാടകനില്‍ നിന്നും ടിക്കറ്റ് നിരക്ക് 130 രൂപയും സെസ് 11 രൂപയും ചേര്‍ത്ത് ആകെ 141 രൂപയാണ് ഈടാക്കിയത്. അതേ തീര്‍ത്ഥാടകന്‍ തൊട്ടടുത്ത ദിവസമായ 17 ന് രാവിലെ എഴ് മണിക്ക് ഫാസ്റ്റ് പമ്പയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്തപ്പോള്‍ ടിക്കറ്റ് നിരക്കും സെസും ചേര്‍ത്ത് ആകെ ഈടാക്കിയത് 180 രൂപ. ഒരേ റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ സര്‍വീസുകളുടെ ടിക്കറ്റ് നിരക്കിലെ വ്യത്യാസം 39 രൂപയാണ്.

ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ യാത്രക്കാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കുന്നുവെന്ന പരാതിയില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോടും കെഎസ്ആര്‍ടിസിയോടും വിശദീകരണം തേടി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മറ്റിടങ്ങളില്‍ നിന്ന് എരുമേലി, പത്തനംതിട്ട, കോട്ടയം, കുമളി, റാന്നി എന്നിവിടങ്ങളിലേക്ക് നിലവിലുള്ള ബസ് സര്‍വീസുകള്‍ പമ്പ വരെ നീട്ടുകയും പ്രത്യേക സര്‍വീസ് എന്ന നിലയില്‍ അധിക നിരക്ക് ഈടാക്കുകയും ചെയ്താല്‍ അത് ന്യായീകരിക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

ശബരിമലയിലേക്ക് നിലവില്‍ നടത്തുന്ന എല്ലാ സര്‍വീസുകളും പ്രത്യേക സര്‍വീസുകളാണെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. 25 ശതമാനം അധിക നിരക്ക് ഈടാക്കാന്‍ മലയോര പാതകളിലൂടെ ബസ് സര്‍വീസ് അനുവദിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചതായി അതില്‍ പറയുന്നു. ളാഹ-പമ്പ, എരുമേലി-പമ്പ റൂട്ടുകളില്‍ മാത്രമാണ് ഈ നിരക്ക് ഈടാക്കുന്നത്. സ്പെഷ്യല്‍ സര്‍വീസിനുള്ള ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിനേക്കാള്‍ 30 ശതമാനം കൂടുതലാണെന്നും വിശദീകരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.