- Trending Now:
ആരോഗ്യപരമായ ജീവിതശൈലിക്കായി കൃഷി നിത്യജീവിതത്തിന്റെ ഭാഗമാക്കണം
'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ തുടങ്ങുമെന്ന് കാർഷിക വികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ഓണം വിപണിയിൽ പച്ചക്കറി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പ് പദ്ധതി വീണ്ടും ആരംഭിക്കുന്നത്. തിരുവാതിര ഞാറ്റുവേലയുമായി ബന്ധപ്പെട്ട് കായംകുളത്ത് സംഘടിപ്പിച്ച സംസ്ഥാന തല പരിപാടിയിൽ ഞാറ്റുവേല കലണ്ടറിന്റെയും കർഷക സഭകളുടേയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
ഞാറ്റുവേല കലണ്ടറിന്റെ പ്രകാശനം, പരമ്പരാഗത വിത്തിനങ്ങളുടെ കൈമാറ്റം എന്നിവയും മന്ത്രി നിർവഹിച്ചു. മുതിർന്ന കർഷകനായ അയ്യപ്പൻ നായരെ ചടങ്ങിൽ ആദരിച്ചു. എ.എം ആരിഫ് എം.പി തിരുവാതിര ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തിൽ പ്രകൃതിയെ മനസ്സിലാക്കിക്കൊണ്ടുള്ള മികച്ച ഇടപെടലുകളാണ് കൃഷിവകുപ്പ് നടത്തിവരുന്നതെന്ന് എംപി പറഞ്ഞു. പുരാതനകാലം മുതൽ കാർഷിക ആസൂത്രണം വിജയകരമായി നടത്തിയിരുന്നത് ഞാറ്റുവേലയെ അടിസ്ഥാനമാക്കിയാണ്. മുൻ തലമുറയുടെ കാർഷിക പാഠങ്ങൾ ഏറ്റെടുത്ത് കൃഷിവകുപ്പ് കഴിഞ്ഞ ഏഴ് വർഷമായി നടത്തിവരുന്ന പദ്ധതിയാണ് ഞാറ്റുവേല ചന്തയും കർഷക സഭയും.
വിഷ രഹിത പച്ചക്കറിയും വില വർധനവും പ്രതിരോധിക്കാൻ എല്ലാവരും കൃഷിയിടത്തിലേക്ക് ഇറങ്ങാൻ മനസുകാണിക്കണം. ആരോഗ്യപരമായ ജീവിതശൈലിക്കായി കൃഷി നിത്യജീവിതത്തിന്റെ ഭാഗമാക്കണം. സംസ്ഥാനത്തൊട്ടാകെ 23,000 കൃഷിക്കൂട്ടങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. ലക്ഷ്യം വച്ചതിലും കൂടുതൽ നേട്ടമുണ്ടാക്കാനായി. കാർഷിക സംസ്‌കൃതിക്ക് പ്രശസ്തി നേടിയ പ്രദേശമാണ് ഓണാട്ടുകര. ഓണാട്ടുകര എള്ള് ഭൗമസൂചികയിൽ തന്നെ ഇടം പിടിച്ചിട്ടുള്ളതാണ്. ഓണാട്ടുകരയിൽ കാർഷിക വികസനത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും. കൂടാതെ, ഓണാട്ടുകരയുടെ കാർഷിക പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഓണാട്ടുകര കേന്ദ്രീകരിച്ച് ഡിപിആർ ക്ലിനിക്, ബി2ബി മീറ്റ് എന്നിവ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കായംകുളം ജി.ഡി.എം. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കായംകുളം നഗരസഭ ചെയർപേഴ്‌സൺ പി.ശശികല അധ്യക്ഷയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ്, കൗൺസിലർ കെ. പുഷ്പ ദാസ്, കൃഷിവകുപ്പ് അഡിഷണൽ ഡയറക്ടർ ജോർജ്ജ് സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിത ജെയിംസ്, കായംകുളം സി.പി.സി.ആർ.ഐ. മേധാവി ഡോ.പി. അനിതകുമാരി, പ്രോജക്ട് ഡയറക്ടർ ഡോ. വി. മിനി, കൃഷിവകുപ്പ് അഡിഷണൽ ഡയറക്ടർ എസ്.അജയകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.